പാട്‌ന: സീതാദേവിയുടെ ജന്മനാട്ടില്‍ നിന്ന് രാമരാജധാനിയിലേക്ക് റെയില്‍വേ ലൈന്‍. ബിഹാറിലെ സീതാമര്‍ഹി പുനൗരാ ധാമിനെയും അയോദ്ധ്യയെയും ബന്ധിപ്പിക്കുന്ന റെയില്‍വേ ലൈനിന് കേന്ദ്രമന്ത്രി സഭ അംഗീകാരം നല്കി. പദ്ധതി കൊണ്ടുവന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിക്കുന്നുവെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ പറഞ്ഞു.
6,798 കോടി രൂപയുടെ രണ്ട് റെയില്‍വേ പദ്ധതികള്‍ക്കാണ് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചത്. 4,553 കോടി രൂപ ചെലവിലാണ് സീതാമര്‍ഹിയില്‍നിന്ന് അയോദ്ധ്യയിലേക്കുള്ള 256 കിലോമീറ്റര്‍ റെയില്‍വേ പാത നടപ്പാക്കുന്നത്. രണ്ട് മാസം മുമ്പാണ് ഇക്കാര്യം ബിഹാര്‍ സര്‍ക്കാര്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതെന്നും അതിവേഗത്തില്‍ തീരുമാനമെടുത്തതില്‍ സന്തോഷമുണ്ടെന്നും നിതീഷ്‌കുമാര്‍ പറഞ്ഞു. തീര്‍ത്ഥാടകരുടെ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് ഈ പദ്ധതി സഹായകമാകും.
ബിഹാറിലെ നര്‍കതിയാഗഞ്ച്- രക്സോള്‍- സീതാമര്‍ഹി- ദര്‍ഭംഗ, സീതാമര്‍ഹി- മുസാഫര്‍പൂര്‍ റെയില്‍പാതകള്‍ ഇരട്ടിപ്പിക്കലും പദ്ധതിയുടെ ഭാഗമാണ്. രണ്ടാമത്തെ പദ്ധതി പ്രകാരം അമരാവതിയില്‍ നിന്ന് ആന്ധ്രാപ്രദേശിലെ എരുപാലം, നമ്പുരു എന്നിവിടങ്ങളിലേക്ക് 57 കിലോമീറ്റര്‍ പുതിയ റെയില്‍വേ ലൈന്‍ നിര്‍മിക്കും. 106 ലക്ഷം തൊഴില്‍ ദിനങ്ങള്‍ നേരിട്ട് സൃഷ്ടിക്കുന്ന പദ്ധതികളാണിവ. ആന്ധ്രാപ്രദേശ്, തെലങ്കാന, ബിഹാര്‍ എന്നിവിടങ്ങളിലെ എട്ട് ജില്ലകള്‍ക്ക് പ്രയോജനം ചെയ്യുന്നതാണ് പദ്ധതി. ഇതോടെ റെയില്‍വേയുടെ നിലവിലുള്ള ശൃംഖല 313 കിലോമീറ്റര്‍ വര്‍ധിക്കും.
നര്‍കതിയാഗഞ്ച്- റക്സൗള്‍- സീതാമര്‍ഹി- ദര്‍ഭംഗ, സിതാമര്‍ഹി- മുസാഫര്‍പൂര്‍ സെക്ഷനുകള്‍ ഇരട്ടിപ്പിക്കുന്നത് നേപ്പാള്‍, ഭാരതം വടക്കുകിഴക്കന്‍ പ്രദേശങ്ങള്‍, അതിര്‍ത്തി മേഖലകള്‍ എന്നിവിടങ്ങളിലേക്കുള്ള ബന്ധം മെച്ചപ്പെടുത്തും. ചരക്ക്, യാത്രാ ട്രെയിനുകളുടെ സഞ്ചാരം സുഗമമാക്കാനും പ്രദേശത്തിന്റെ സാമൂഹിക, സാമ്പത്തിക വികസനത്തിനും പദ്ധതി സഹായകമാകും. 388 ഗ്രാമങ്ങള്‍ക്കും സീതാമര്‍ഹി, മുസാഫര്‍പൂര്‍ ജില്ലകളിലെ ഒമ്പത് ലക്ഷം ആളുകള്‍ക്കും ഇത് പ്രയോജനം ചെയ്യും. കാര്‍ഷിക ഉത്പന്നങ്ങള്‍, വളങ്ങള്‍, കല്‍ക്കരി, ഇരുമ്പയിര്, സ്റ്റീല്‍, സിമന്റ് തുടങ്ങിയ ചരക്കുകളുടെ ഗതാഗതത്തിന് ഈ റെയില്‍വേ റൂട്ടുകള്‍ അനിവാര്യമാണെന്ന് കേന്ദ്ര സാമ്പത്തിക കാര്യ സമിതി പറഞ്ഞു. പ്രതിവര്‍ഷം 31 ദശലക്ഷം ടണ്‍ അധിക ചരക്ക് ഗതാഗതം ഇത് സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.
Discussion about this post