പുത്തൂർ (കൊല്ലം): അശരണരെ സഹായിക്കാൻ സമൂഹം സന്നദ്ധമാകണമെന്ന് മുൻ ഡിജിപി ഡോ. ടി.പി. സെൻകുമാർ. വൃദ്ധസദനങ്ങൾ കൂടുതലായി അനിവാര്യമാകുന്ന കാലമാണിത്. രാഷ്ട്രീയ സ്വയംസേവക സംഘവും സേവാഭാരതിയും നടത്തുന്ന പരിശ്രമങ്ങൾ മാതൃകാപരമാണ്, അദ്ദേഹം പറഞ്ഞു. ഐവർകാല സാന്ത്വനം സേവാ കേന്ദ്രത്തിൽ ദീപാവലി കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏറ്റവും മികച്ച രീതിയിൽ സേവന കേന്ദ്രങ്ങൾ പ്രവർത്തിക്കണം. അതിന് വേണ്ടി എല്ലാത്തരത്തിലും സഹായ സഹകരണങ്ങൾ നല്കാൻ ഓരോ പൗരനും തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
സ്വന്തം സുഖം എന്ന ഒറ്റ താല്പര്യത്തിൽ കഴിയുന്ന മനുഷ്യൻ്റെ പ്രകൃതത്തെ മറ്റുള്ളവർക്ക് വേണ്ടി ജീവിക്കാൻ പാകപ്പെടുത്തുന്ന സംസ്കൃതിയുടെ പേരാണ് കുടുംബം എന്നതെന്ന് ദീപാവലി സന്ദേശം നല്കിയ ആർ എസ് എസ് ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണൻ പറഞ്ഞു. അമ്മ മകന് നല്കുന്ന നിരുപാധികവും നിസ്വാർത്ഥവുമായ വാത്സല്യമാണ് സേവനത്തിൻ്റെ മനോഭാവം. അത് പ്രത്യുപകാരം ആഗ്രഹിക്കുന്നില്ല. കുടുംബത്തിൽ പരസ്പരമുള്ള സ്നേഹവും സമാനമായ രീതിയിൽ തിരിച്ചൊന്നും പ്രതീക്ഷിക്കാതെയുള്ളതാണ്. ഇതാണ് കുടുംബത്തെ പവിത്രമാക്കി തീർക്കുന്നത്. ഏത് കലഹത്തിനും മീതെ ഈ നിരുപാധിക സ്നേഹം നിലനില്ക്കും. ഈ പവിത്രമായ കുടുംബഭാവനയാണ് ഭാരതീയ സമൂഹ രചനയുടെ ആധാരമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
‘
പരിമിതികളുള്ള മനുഷ്യരില്ല. സൂർദാസിന് കണ്ണ് കാണില്ലായിരുന്നു. എന്നാൽ അദ്ദേഹത്തിൻ്റെ സംഗീതമാസ്വദിക്കാൻ ഭഗവാൻ ശ്രീകൃഷ്ണനെത്തി. കുറവുകൾ മറികടന്ന് പൂർണതയിലേക്ക് എത്തിക്കുന്ന പ്രതിഭാവിലാസം ഓരോ വ്യക്തിയിലുമുണ്ടാകും. അത് കൊണ്ട് എല്ലാ മനുഷ്യരും ഒരേ ഈശ്വരൻ്റെ സൃഷ്ടികളാണെന്ന കാഴ്ചപ്പാടാണ് വേണ്ടതെന്ന് രാധാകൃഷ്ണൻ പറഞ്ഞു.
സാന്ത്വനം സേവാ കേന്ദ്രം പ്രസിഡൻ്റ് ഡോ. സി.എസ്. സാജൻ അദ്ധ്യക്ഷത വഹിച്ചു. സൺ ഇന്ത്യ പ്രസിഡൻ്റ് റിട്ട. കേണൽ ഡിന്നി, സാന്ത്വനം സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ, രക്ഷാധികാരി തുരുത്തിക്കര രാമകൃഷ്ണപിള്ള, വാർഡ് മെമ്പർ അനീഷ്യ കെ.ജി, മനോഹർ ആചാര്യ, അരവിന്ദാക്ഷൻ, അനിൽകുമാർ.പി, ധനഞ്ജയൻ എന്നിവർ സംസാരിച്ചു. തുടർന്ന് കലാവിരുന്ന് അരങ്ങേറി.
Discussion about this post