ന്യൂദല്‍ഹി: ജനറ്റിക് മോഡിഫൈഡ് വിളകള്‍ സംബന്ധിച്ച ദേശീയ നയം രൂപീകരിക്കാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനിടെ വിഷയത്തില്‍ ദേശവ്യാപക ബോധവത്കരണ കാമ്പയിനുമായി ഭാരതീയ കിസാന്‍സംഘ്. അറുനൂറിലധികം ജില്ലകളില്‍ എംപിമാരെയും മറ്റ് ജനപ്രതിനിധികളെയും നേരില്‍കണ്ട് നിവേദനം നല്കും.
ജിഎം വിളകളുടെ കാര്യത്തില്‍ ദേശീയനയം രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് കിസാന്‍ സംഘ് ജനറല്‍ സെക്രട്ടറി മോഹിനി മോഹന്‍ മിശ്ര പറഞ്ഞു. നാല് മാസത്തിനുള്ളില്‍ നയരൂപീകരണം പൂര്‍ത്തിയാക്കേണ്ടതുണ്ട്. കര്‍ഷകരാണ് നയത്തിലെ പ്രധാന പങ്കാളികളെന്നും ഇക്കാര്യത്തില്‍ അവരുടെ അഭിപ്രായം ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കേന്ദ്രസര്‍ക്കാരോ നയരൂപീകരണ സമിതിയോ ഇതുവരെ കര്‍ഷകരെയോ കര്‍ഷക സംഘടനകളെയോ ബന്ധപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പരമ്പരാഗത വിത്തുകള്‍, ചെലവിന് ആനുപാതികമായ ആദായ വില, വിഷരഹിതവും കുറഞ്ഞ ചെലവിലുള്ളതുമായ കൃഷി, കര്‍ഷകരുടെയും സാധാരണക്കാരുടെയും ആരോഗ്യത്തിന് അനുയോജ്യമായ പോഷകാഹാര ഉത്പാദനം എന്നിവയ്ക്ക് കോട്ടം തട്ടുന്ന ഒന്നിനോടും കിസാന്‍സംഘ് യോജിക്കില്ല.
ഭാരതത്തില്‍ ജിഎം വിളകള്‍ ആവശ്യമില്ലെന്നതാണ് കിസാന്‍ സംഘിന്റെ നിലപാട്. രാസകൃഷിയും വിഷം കലര്‍ന്ന ജിഎമ്മും കൃഷിയും കര്‍ഷകര്‍ക്കും പരിസ്ഥിതിക്കും സുരക്ഷിതമല്ല. ജിഎം വിളകള്‍ ജൈവവൈവിധ്യം നശിപ്പിക്കുകയും ആഗോളതാപനം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ബിടി പരുത്തി ഇതിന് ഉദാഹരണമാണ്, അതിന്റെ പരാജയം കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിച്ചു. ജിഎം കൃഷിയല്ല, കുറഞ്ഞ യന്ത്രവല്‍ക്കരണവും തൊഴിലവസര സാധ്യതയുമുള്ള കൃഷിയാണ് ഭാരതത്തിന് വേണ്ടതെന്ന് മോഹിനി മോഹന്‍ മിശ്ര പറഞ്ഞു.
2024 ജൂലൈ 23നാണ് ദേശീയ ജിഎം നയം രൂപീകരിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചത്. കര്‍ഷകര്‍, കാര്‍ഷിക ശാസ്ത്രജ്ഞര്‍, സംസ്ഥാന സര്‍ക്കാരുകള്‍, കര്‍ഷക സംഘടനകള്‍, ഉപഭോക്തൃസംഘടനകള്‍ തുടങ്ങയവരോടെല്ലാം ചര്‍ച്ച ചെയ്യണമെന്നായിരുന്നു നിര്‍ദേശം. സുപ്രീം കോടതി ഉത്തരവ് വന്ന് നാല് മാസം പിന്നിട്ടിട്ടും സര്‍ക്കാര്‍ രൂപീകരിച്ച സമിതി ഒരാളുമായും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയതായി അറിയില്ല. പിന്‍വാതില്‍ വഴി ജിഎം വിളകള്‍ അനുവദിക്കാനുള്ള നീക്കമുണ്ടെന്ന ആശങ്കയും കര്‍ഷകരില്‍ ശക്തമാണ്. ഇത് അംഗീകരിക്കാനാവില്ല. ജിഎം സാങ്കേതിക വിദ്യയുടെ ഗുണദോഷങ്ങളെക്കുറിച്ച് വിശദമായ ചര്‍ച്ച വേണമെന്ന് മോഹിനിമോഹന്‍ മിശ്ര പറഞ്ഞു.
Discussion about this post