വിജയ കുമാർ
കണ്ണൂർ എ.ഡി.എം. നവീൻ ബാബുവിന്റെ മരണം കേരളത്തിൽ സൃഷ്ടിച്ച കോളിളക്കം ഒന്ന് അടങ്ങിക്കൊണ്ടിരിക്കയാണ്. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ നവീൻ ബാബുവിന്റെ സ്ഥലം മാറ്റത്തോടനുബന്ധിച്ചുള്ള യാത്രയയപ്പുയോഗത്തിൽ ക്ഷണിക്കാതെ കയറിവരുകയും നവീൻ ബാബുവിനെ തേജോവധം ചെയ്യുന്ന വിധം പ്രസംഗിച്ച ശേഷം ഇറങ്ങിപ്പോവുകയും ചെയ്തതും ആ പ്രസംഗം സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിച്ചതും നവീൻ ബാബുവിന്റെ ആത്മഹത്യക്ക് കാരണമായി എന്നതിലേറെ ദിവ്യക്കു കിട്ടിയ രാഷ്ട്രീയ സംരക്ഷണവും ഇതിനിടെ പുറത്തുവന്ന പെട്രോൾ പമ്പ് വിവാദത്തിലെ നിഗൂഢതകളും വലിയ ചർച്ചകൾക്ക് തീ കൊളുത്തിയിരുന്നു. കേരളം ഭരിക്കുന്ന ഇടതുമുന്നണിയിലെ പ്രധാന കക്ഷിയായ മാക്സിസ്റ്റ് പാർട്ടിയും അതിന്റെ കണ്ണൂർ കേന്ദ്രീകരിച്ചുള്ള നേതൃത്വവും പ്രതിക്കൂട്ടിലാകുന്നതാണ് നാം കണ്ടത്. കോടതി ശക്തമായി ഇടപെടുന്നതുവരെ ദിവ്യക്ക് സർക്കാരിന്റെ സംരക്ഷണം ലഭിച്ചുവെന്നതും ഏതു സാധാരണക്കാരനും ബോധ്യമായ വസ്തുതയാണ്. പാവപ്പെട്ടവന്റെ കക്ഷി, അന്തിപ്പട്ടിണിക്കാരായ കർഷകത്തൊഴിലാളികൾ ജീവിതം പണയപ്പെടുത്തി പടുത്തുയർത്തിയ കക്ഷി, ഏക വരുമാനമാർഗ്ഗമായ പശുവിനെ വിറ്റ പണം പാർട്ടിക്കു നല്കിയ പാലോറ മാതയെക്കുറിച്ച് അഭിമാനിക്കുന്ന കക്ഷി, തൊഴിലാളി ക്ഷേമവും അവരുടെ വിയർപ്പിന്റെ ഉപ്പും മുത്തായി കരുതുന്ന “”സർവ്വരാജ്യത്തൊഴിലാളികളെ സംഘടിക്കുവിൻ” എന്ന് ഉദ്ഘോഷിക്കുന്ന പാർട്ടി, അതെ, അതേ കക്ഷി തന്നെയാണ് പാർട്ടിയുടെ നിയന്ത്രണത്തിലുള്ള സർക്കാർ ജീവനക്കാരുടെ സംഘടനയിൽ അംഗമായ, പാർട്ടി കുടുംബത്തിൽ ജനിച്ചുവളർന്ന നവീൻ ബാബുവിന്റെ മരണത്തിനു കാരണക്കാരിയായ വനിതാ സഖാവിനെ തണലേകി ഒളിവിൽ പാർപ്പിച്ചതും വക്കീലിനെ നിർത്തി വാദിച്ചു സംരക്ഷിച്ചുപോരുന്നതും. ഇത് കമ്യൂണിസമാണോ എന്ന് ചില പുരോഗമനവാദികൾ തന്നെ ചോദിക്കുന്നു. ബുദ്ധി പാർട്ടിക്ക് പണയംവെയ്ക്കാത്ത പാർട്ടി പ്രവർത്തകർ പോലും അമർഷം കൊള്ളുന്നു. പാർട്ടി സമ്മേളനങ്ങളിൽ ഇതു പ്രതിഫലിക്കുന്നു. മാർക്സിസ്റ്റു പാർട്ടിക്ക് എന്തു സംഭവിച്ചു എന്ന് ഇക്കൂട്ടർ അതിശയിക്കുന്നു. കണ്ണൂർ ലോബി പാർട്ടിയെ കയ്യടക്കിയതാണെന്നും പാർട്ടി അവരുടെ നിയന്ത്രണത്തിലായതാണെന്നും ചിലർ സമാധാനിക്കുന്നു. ഇത്തരം ചിന്തയും പരിഹാര നിർദ്ദേശങ്ങളും തൊലിപ്പുറത്തുള്ള ചികിത്സയാണ്. കേരളത്തിന്റെ മനസ്സാക്ഷിയുടെ ചോദ്യം അവരുടെ മുമ്പിൽ തൂങ്ങിക്കിടക്കുന്നുണ്ട്. ഒരു ദിവ്യയെയും പ്രശാന്തനെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്നു അതിൽ ഒതുക്കിത്തീർക്കാവുന്നവിധം നിസ്സാരമാണോ നവീൻ ബാബുവിന്റെ ജീവനെടുത്ത സംഭവം. ഒരു പാർട്ടിക്കാരിയുടെ നാക്കിലേയ്ക്കും പെട്രോൾ പമ്പ് വിവാദത്തിലേയ്ക്കും ഒതുക്കി അവസാനിപ്പിക്കാവുന്നതാണോ ഇത്?
പാർട്ടി നടപ്പാക്കുന്ന കൊല്ലലിന്റെയും കൊല്ലാക്കൊലയുടെയും പരമ്പരയ്ക്ക് എത്ര പതിറ്റാണ്ടിന്റെ പഴക്കവും പാർട്ടി പങ്കാളിത്തവും ഉണ്ടെന്നു ചിന്തിച്ചിട്ടുണ്ടോ?
അന്നൊക്കെ അതിനെ ന്യായീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും മഹത്വവൽക്കരിക്കുകയും ചെയ്ത കേരളത്തിലെ ബുദ്ധി ജീവികൾക്കും പാർട്ടിക്കൊപ്പം നിന്ന് ഇടതുപക്ഷമാണ് തങ്ങൾ എന്ന് അഭിമാനിച്ചവർക്കും ഈ നിരപരാധികളുടെ ചോരയിൽ പങ്കില്ലെന്ന് സ്വന്തം നെഞ്ചിൽ കൈവച്ച് പറയാനാവുമോ?
നവീൻ ബാബുവിന്റെത് കത്തിയും ബോംബും ഉപയോഗിച്ച് പാർട്ടി നടത്തിയ കൊലയല്ല; പകരം നാക്കും സാമൂഹ്യ മാധ്യമങ്ങളും ഉപയോഗിച്ചു ചെയ്ത കൊല്ലാക്കൊലയാണ്. എന്നാൽ പാർട്ടി പോറ്റി വളർത്തിയ ഗുണ്ടകളും നേതാക്കളും നടത്തിയ ക്രൂരമായ കൊലകൾ നൂറുകണക്കിനാണ്. അഞ്ചര പതിറ്റാണ്ടിപ്പുറം 1969 ഏപ്രിൽ 21-ന് വാടിക്കൽ രാമകൃഷ്ണൻ എന്ന ദരിദ്രനായ തയ്യൽ തൊഴിലാളിയെ നടുറോഡിലിട്ട് വെട്ടിക്കൊന്നതിൽ നിന്നു തുടങ്ങുന്നു ആർ.എസ്.എസ്. വിരുദ്ധമായ മാർക്സിസ്റ്റു പാർട്ടിയുടെ കൊലപാതക രാഷ്ട്രീയത്തിന്റെ ചരിത്രം. വാടിക്കൽ രാമകൃഷ്ണൻ ആർ.എസ്.എസ്. ശാഖയുടെ മുഖ്യശിക്ഷകനായിരുന്നു. കൊല ചെയ്തവരിൽ ഒന്നാം പ്രതി ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. ഇന്നത്തെ ഡി.വൈ.എഫ്.ഐ.യുടെ പൂർവ്വ രൂപമായ കേരള സ്റ്റേറ്റ് യൂത്ത് ഫെഡറേഷന്റെ പ്രസിഡണ്ടായിരുന്നു വിജയൻ. ഈ കാരണം കൊണ്ടുതന്നെ സാക്ഷി പറയാൻ ആരുമുണ്ടായിരുന്നില്ല. പ്രോസിക്യൂഷന് മതിയായ തെളിവു ഹാജരാക്കാൻ സാധിച്ചില്ല എന്നാണ് വിജയൻ ഉൾപ്പെടെയുള്ളവരെ വെറുതെവിട്ടുകൊണ്ട് ജഡ്ജി വിധി ന്യായത്തിൽ രേഖപ്പെടുത്തിയത്. ആ കേസ്സിൽ സാക്ഷികൾക്ക് ജീവഭയമില്ലാതെ മൊഴിനല്കാൻ കഴിഞ്ഞിരുന്നെങ്കിൽ രാമകൃഷ്ണനെ വധിച്ചവർ ശിക്ഷിക്കപ്പെടുമായിരുന്നു. അതുണ്ടായില്ല. ഫലമോ?
രാഷ്ട്രീയമായ ഹുങ്കിൽ തങ്ങൾ എതിർക്കുന്ന ആരെയും ഇല്ലാതാക്കാമെന്ന അഹങ്കാരം പാർട്ടി നേതാക്കളുടെ സ്വഭാവമായി മാറി. ഇന്ന് ആ അഹങ്കാരം പാർട്ടിക്കാരനായ നവീൻ ബാബുവിന്റെ മരണത്തിനു വരെ കാരണമായിരിക്കുന്നു. അന്ന് ഇതിന് വിരാമമിടാൻ കഴിഞ്ഞിരുന്നെങ്കിൽ….?
കേരളത്തിൽ മുന്നൂറിലേറെ ആർ.എസ്.എസ്.- ബി.എം.എസ്. ബി.ജെ.പി. പ്രവർത്തകർ മാർക്സിസ്റ്റ് പാർട്ടിയുടെ കൊലക്കത്തിക്ക് ഇരയായി. അപ്പോഴൊക്കെ പാർട്ടിയും പാർട്ടിയുടെ സ്തുതിപാഠകരായ ബുദ്ധിജീവികളും ഒരേ പല്ലവി ആവർത്തിച്ചു: “ആർ.എസ്.എസ്സുകാർ ഫാസിസ്റ്റുകളാണ്, വർഗ്ഗീയവാദികളാണ്, ന്യൂനപക്ഷവിരുദ്ധരാണ്. അവരെയാണ് പാർട്ടി കൊല്ലുന്നത്. അവർക്ക് ജനാധിപത്യമര്യാദയോ നീതിയോ നല്കേണ്ടതില്ല. അതുകൊണ്ട് പാർട്ടി ചെയ്തത് ശരിയാണ്.” മാർക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ മസ്തിഷ്കപ്രക്ഷാളനത്തിന് ഇരകളായി ഇടതുപക്ഷമാണ് ശരിയെന്നും ആർ.എസ്.എസ്സുകാരൻ കൊല്ലപ്പെടേണ്ടവനാണ് എന്നും അവർ വിധിച്ചു.
1999 ഡിസംബർ 1-ന് താൻ ജോലി ചെയ്യുന്ന വിദ്യാലയത്തിൽ 6-ാം ക്ലാസ് വിദ്യാർത്ഥികൾക്കുമുമ്പിൽ വെച്ച് മാർക്സിസ്റ്റ് ഗുണ്ടാസംഘം യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി. ജയകൃഷ്ണൻ മാസ്റ്ററുടെ തലവെട്ടിപ്പിളർന്നു. ക്ലാസ്മുറിയിലെ പിഞ്ചുകുട്ടികളുടെ മുമ്പിലിട്ട് അദ്ധ്യാപകനെ വെട്ടിക്കൊന്ന കൊടും ക്രൂരതയിൽ കേരളം ഞെട്ടിയെങ്കിലും എം.എൻ. വിജയനെപോലുള്ള ബുദ്ധിജീവികൾ ഈ കൊലപാതകത്തെ ന്യായീകരിക്കുകയുണ്ടായി. ഈ കേസിലെ പ്രതികളെ കൊലക്കയറിൽ നിന്നും രക്ഷിച്ചെടുക്കാൻ ഇടതുസർക്കാരാണ് ശ്രമിച്ചത്. ഇതിലെ ഒന്നാം പ്രതിക്ക് അതേ സ്കൂൾ മുറ്റത്ത് സ്വീകരണം നല്കുക മാത്രമല്ല, ആ സ്കൂളിന്റെ പി.ടി.എ. പ്രസിഡണ്ടാക്കുകയും ചെയ്തു മാർക്സിസ്റ്റ് പാർട്ടി. ഇതൊക്കെ കണ്ടിട്ടും സാംസ്കാരിക കേരളം കുറ്റകരമായ നിസ്സംഗത പുലർത്തി. മാർക്സിസ്റ്റ് പാർട്ടിക്കാർ വെട്ടിയും കുത്തിയും ബോംബെറിഞ്ഞും കൊന്നവർ സാധാരണ കൂലിപ്പണിക്കാരനോ മരപ്പണിക്കാരനോ ബീഡിതൊഴിലാളിയോ തയ്യൽക്കാരനോ മില്ലിൽ പണിക്കാരനോ കർഷകനോ ബസ് ജീവനക്കാരനോ ആയിരുന്നു. സർക്കാർ ജീവനക്കാർ ഒന്നോ രണ്ടോ മാത്രം. ഇതിലാരും സമ്പന്നരോ മുതലാളിയോ ആയിരുന്നില്ല. നിത്യക്കൂലിയെടുത്തു കുടുംബം പുലർത്തി വന്നവർ. ഉത്തമൻ എന്ന ബസ് ഡ്രൈവറെ ബസ്സിൽ നിന്നു പിടിച്ചിറക്കി വെട്ടിക്കൊന്നു. ഉത്തമന്റെ മകൻ രമിത്തിനെ സഹോദരിക്ക് മരുന്നു വാങ്ങാൻ പോകുന്ന വേളയിൽ കൊലപ്പെടുത്തി. ഒരു കുടുംബത്തിലെ രണ്ട് ആൺ തരിയുള്ളതും ഇല്ലാതാക്കി. ഇതൊന്നും സാക്ഷര കേരളത്തിന്റെ “”സരള”മായ മനസ്സിനെ ഒട്ടും ഇളക്കിയില്ല. ബുദ്ധിജീവികളും സാഹിത്യകാരന്മാരും ഇടതുചിന്തയുടെ കറുപ്പു തിന്ന് ഇതിനൊക്കെ ന്യായീകരണങ്ങൾ സൃഷ്ടിച്ചു. കണ്ണൂർ ജില്ലയിൽ മാത്രം ഇങ്ങനെ കമ്മ്യൂണിസ്റ്റ് കൊലക്കത്തിക്കിരയായ ബി.എം.എസ്.-ആർ.എസ്.എസ്. പ്രവർത്തകർ എഴുപതിനു താഴെയാണ്. ഇന്ന് നവീൻ ബാബുവിന്റെ ആത്മഹത്യയുടെ പേരിൽ ശബ്ദമുയർത്തുന്ന മാധ്യമവീരന്മാരും ജനാധിപത്യവാദികളും ഗാന്ധിയന്മാരും സ്വതന്ത്രചിന്തകർ എന്നവകാശപ്പെടുന്നവരും ഇപ്പോൾ വികാരം കൊള്ളുന്നതിന്റെ പകുതിയെങ്കിലും ശക്തിയിൽ അന്ന് പ്രതികരിക്കാൻ നട്ടെല്ലിന് ഉറപ്പുകാട്ടിയിരുന്നെങ്കിൽ ഈ നിലയിലേക്ക് കാര്യങ്ങൾ അധഃപതിക്കുമായിരുന്നോ?
സി.പി.എമ്മിൽ നിന്ന് അഭിപ്രായഭിന്നതയുണ്ടായി പാർട്ടിവിട്ട് ആർ.എം.പി. രൂപീകരിച്ച ടി.പി. ചന്ദ്രശേഖരനെ മാർക്സിസ്റ്റ് ഗുണ്ടാസംഘം വധിച്ചപ്പോഴാണ് സാംസ്കാരിക കേരളം ഇയ്യിടെ ഒന്ന് ഉണർന്നത്. അപ്പോഴാണ് പ്രതികരിക്കണം എന്ന ചിന്ത അവർക്കുണ്ടായത്. പിണറായി വിജയൻ ടി.പി. ചന്ദ്രശേഖരനെ കുലംകുത്തി എന്നു പരസ്യമായി വിളിച്ചപ്പോഴും ചന്ദ്രശേഖറിനെതിരെ വധഗൂഢാലോചന നടക്കുന്നു എന്നു പലരും സംശയം പ്രകടിപ്പിച്ചപ്പോഴും മാർക്സിസ്റ്റ് പാർട്ടിയിൽ ശുഭാപ്തി വിശ്വാസം പുലർത്തിയവരാണ്. അവർ. ടി.പി. വധക്കേസിൽ പോലീസ് അന്വേഷണം ശക്തമായപ്പോഴാണ് ഗൂഢാലോചനയുടെ ആഴം വ്യക്തമായത്. ഈ കൊടും ക്രിമിനലുകൾ പാർട്ടിയുടെ കൊലയാളി സംഘം മാത്രമല്ല സ്വർണ്ണക്കടത്തും ക്വട്ടേഷൻ പണിയുമൊക്കെയായി പാർട്ടി സംരക്ഷണത്തിൽ സുഖജീവിതം കഴിക്കുന്നവരാണ് എന്നും അവർ എന്തുചെയ്താലും പാർട്ടി സംരക്ഷണം കിട്ടും എന്നുമുള്ള വസ്തുത ലോകത്തിനുമുമ്പിൽ അനാവൃതമായി. അവസാനമായി ടി.പി. വധക്കേസിലെ പ്രതികൾക്ക് ശിക്ഷ ഇളവിനും ജയിൽ മോചനത്തിനും ചരടുവലിച്ചത് പിണറായി വിജയന്റെ ആഭ്യന്തരവകുപ്പായിരുന്നു.
കൊല്ലുക മാത്രമല്ല, കൊല്ലപ്പെട്ടവനോടുള്ള പക ഒരിക്കലും ഒടുങ്ങാതെ പ്രകടിപ്പിക്കുകയും ചെയ്യുന്ന കമ്യൂണിസ്റ്റ് രീതി സാംസ്കാരിക കേരളത്തെ മാത്രമല്ല മനുഷ്യത്വമുള്ള ഏതൊരാളെയും നാണിപ്പിക്കുന്നതായിരുന്നു. കതിരൂർ മനോജിനെ വധിച്ച സ്ഥലത്ത് കൊലയുടെ വാർഷിക നാളിൽ നായകളെ കൊന്ന് കെട്ടിത്തൂക്കിയത് കേരളത്തിലെ മാധ്യമങ്ങൾക്ക് ചെറിയൊരു വാർത്ത മാത്രമായി ചുരുങ്ങിപ്പോയി. എത്രമാത്രം അധഃപതിച്ചുപോയി മലയാളിയുടെ മനുഷ്യത്വം എന്ന് ചോദിക്കാൻ ഒരാൾ പോലുമില്ലാത്ത അവസ്ഥ..! ഇത് കേരളമാണ് എന്ന് ഹുങ്കോടെ പറയുന്നവരോട് ഇതാണോ കേരളം, ഈ കേരളത്തിൽ ഞാൻ നാണിക്കുന്നു എന്ന് കൈചൂണ്ടി തറപ്പിച്ചുപറയേണ്ട അവസ്ഥയാണ് ഇന്നുള്ളത്.
കമ്യൂണിസ്റ്റ് അസഹിഷ്ണുതയ്ക്കും സർവ്വാധിപത്യവും നീതിയും ന്യായവും നോക്കി നിലപാടെടുക്കുന്ന സർക്കാർ ഉദ്യോഗസ്ഥനുനേരെ അധിക്ഷേപത്തിന്റെ തീതുപ്പുന്ന ദിവ്യയുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടപ്പോൾ തങ്ങൾ നേരത്തെ കാണിക്കേണ്ട ചങ്കൂറ്റം കാണിച്ചില്ല എന്ന കുറ്റബോധം സാംസ്കാരിക നായകർക്കും മനുഷ്യസ്നേഹികൾക്കും ബുദ്ധിജീവികൾക്കും മാധ്യമ നിഷ്പക്ഷ ചിന്തകർക്കും ഗാന്ധിയന്മാർക്കും ഒന്നും ഇല്ലാതെപോകുന്നു. അവർ ഇതിനെ ഒരു മരണത്തിന്റെ ഇത്തിരിവെട്ടത്തിൽ ഒതുക്കി തലയൂരുകയാണ്.
കേരളത്തിലെ തൊഴിലാളിവർഗ്ഗത്തിന്റെ ആത്മാഭിമാനവും സ്വതന്ത്രമായി ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള അവകാശവുമാണ് കമ്യൂണിസ്റ്റ് രാഷ്ട്രീയ അധികാരി വർഗ്ഗം ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. അവർ കണ്ണീരിലാഴ്ത്തിയത് എത്ര തൊഴിലാളി കുടുംബങ്ങളെയാണ്? അനാഥരാക്കിയത് എത്ര പാവപ്പെട്ട കുട്ടികളെയാണ്! തൊഴിലാളിസമൂഹം ഇതിനെക്കുറിച്ച് ബോധവാന്മാരായാലേ ബാക്കി ലോകം ആ വഴിയിലേക്ക് വരൂ.
കമ്യൂണിസം ഒരിക്കലും തൊഴിലാളി ക്ഷേമത്തിനുവേണ്ടിയുള്ളതല്ല. അതിന്റെ ബീജത്തിൽ തന്നെ തൊഴിലാളി വിരുദ്ധതയുണ്ട്. തൊഴിലാളി സംഘടന കമ്യൂണിസത്തിനുള്ള ചവിട്ടുപടിയാണെന്നും തൊഴിലാളി എന്നും അസംതൃപ്തനായി കഴിഞ്ഞാൽ മാത്രമേ അതു സാധിക്കുകയുള്ളുവെന്നും കാറൽമാർക്സ് തന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. തൊഴിലാളികൾ തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുത്തുകഴിഞ്ഞാൽ പാർട്ടിയുടെ കയ്യിലെ ആയുധമാകാൻ നിന്നുതരില്ല എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയനേട്ടങ്ങൾക്കും അധികാരത്തിനുമുള്ള ചവിട്ടുപടിയാണ് തൊഴിലാളി സമൂഹം എന്ന മാർക്സിന്റെ നിലപാടിന്റെ പ്രാവർത്തികരൂപമാണ് സി.പി.എം. കാണിച്ചുതരുന്നത്.
ഇതു തിരിച്ചറിഞ്ഞുകൊണ്ട് ഭാരതീയ മൂല്യങ്ങളിൽ ഉറച്ച് തൊഴിലാളിക്ഷേമവും അതുവഴി രാഷ്ട്രത്തിന്റെ ക്ഷേമവും ഉറപ്പുവരുത്തുന്ന തൊഴിലാളി സമൂഹം രൂപപ്പെട്ടാൽ മാത്രമേ ആ വിപത്തിന് പരിഹാരമുണ്ടാവുകയുള്ളു. ഒരു തുണ്ടം കയറിൽ തൂങ്ങിയാടിയ നവീൻ ബാബുവിന്റെ ജീവൻ കേരളത്തിലെ തൊഴിലാളി സമൂഹത്തിനുമുമ്പിൽ ഉന്നയിക്കുന്ന ചോദ്യത്തിന് ഉത്തരം നല്കേണ്ടത് ആ ആത്മാവിനു മാത്രമല്ല കേരളത്തിന്റെ ഭാവിതലമുറയ്ക്ക് തന്നെ ആവശ്യമാണ് എന്ന തിരിച്ചറിവ് ഉണ്ടാകേണ്ടതുണ്ട്.
സി.പി.എം. ഒരാളെ ലക്ഷ്യംവെച്ചു കഴിഞ്ഞാൽ ആദ്യം ചെയ്യുക അയാളെ വ്യക്തിഹത്യ ചെയ്യുക എന്നതാണ്. അതിനായി പാർട്ടിയണികൾ രംഗത്തിറങ്ങും. കള്ളക്കഥകൾ പ്രചരിപ്പിക്കും. പെൺകേസ്സുകൾ കെട്ടിച്ചമയ്ക്കും. കള്ളത്തെളിവുകളും സാക്ഷികളും വേവിച്ചെടുക്കും. അതിന്റെ അടിസ്ഥാനത്തിൽ അയാൾ കൊല്ലപ്പെടെണ്ടയാളാണെന്ന് പാർട്ടി പ്രഖ്യാപിക്കും. പിന്നാലെ ഉന്മൂലന പ്രക്രിയ ആരംഭിക്കും.
വാടിക്കൽ രാമകൃഷ്ണനെ കൊല്ലാൻ കാരണം പറഞ്ഞത് ആർ.എസ്.എസ്. മുഖ്യശിക്ഷകനായിരുന്നു എന്നതാണ്. മാർക്സിസ്റ്റുകാരന്റെ മകനായിട്ടും പാനുണ്ട ചന്ദ്രനെന്ന വിദ്യാർത്ഥിയെ ശാഖയിൽ കയറി വെട്ടിക്കൊന്നതിനുള്ള ന്യായവും ഇതുതന്നെ. ജയകൃഷ്ണൻ മാസ്റ്ററുടെ പേരിൽ ഇതുപോലെ കള്ളക്കഥകൾ സൃഷ്ടിച്ചു. മാമൻ വാസു വധം ആരോപിച്ചാണ് സ്വന്തം ഭാര്യയുടെ മുന്നിലിട്ട് പന്ന്യന്നൂർ ചന്ദ്രനെ വെട്ടിക്കൊന്നത്.
ഇതേ ചരിത്രം നവീൻ ബാബുവിന്റെ കാര്യത്തിലും ആവർത്തിച്ചു. അഴിമതി കറപുരളാത്ത, ജനോപകാരിയായ ആ ജില്ലാമജിസ്ട്രേറ്റിനെ ലക്ഷങ്ങൾ കോഴവാങ്ങിയവനാക്കി ചിത്രീകരിക്കാൻ കള്ളരേഖയുണ്ടാക്കി. ഇന്ന് അതൊക്കെ പുറത്തുവന്നിരിക്കുന്നു. ചരിത്രം തിരുത്താൻ തയ്യാറില്ലാത്ത സമൂഹം ചരിത്രം ആവർത്തിക്കുന്നതിന്റെ ഇരകളാകാൻ വിധിക്കപ്പെട്ടവരാണ്. നാം ഇനിയും ഇതിനു നിന്നു കൊടുക്കണോ?
Discussion about this post