ന്യൂദല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തി ഇസ്‌കോണ്‍ സംന്യാസിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച ബംഗ്ലാദേശ് നടപടിയെ ഭാരതം അപലപിച്ചു. ഹൈന്ദവ ആത്മീയ നേതാവ് ചിന്മയ് കൃഷ്ണ ദാസിനെ അറസ്റ്റ് ചെയ്ത് ജാമ്യം നല്‍കാതെ ജയിലിലടച്ച സാഹചര്യത്തിലാണ് ഭാരതത്തിന്റെ പ്രതികരണം. ബംഗ്ലാദേശിലെ മത ന്യൂനപക്ഷമായ ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഭരണകൂടം തയ്യാറാകണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
മുസ്ലിം തീവ്രവാദികള്‍ ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും വ്യാപക അക്രമങ്ങള്‍ അഴിച്ചുവിടുകയും ചെയ്തപ്പോള്‍ ഹിന്ദുക്കള്‍ക്ക് ആത്മധൈര്യം പകര്‍ന്നത് ഇസ്‌കോണ്‍ സംന്യാസി ചിന്മയ് കൃഷ്ണദാസായിരുന്നു. ഹിന്ദുക്കളുടെയും മറ്റെല്ലാ ന്യൂനപക്ഷങ്ങളുടെയും സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാന്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ഭാരതം ആവശ്യപ്പെട്ടു. സമാധാനപരമായി സമ്മേളിക്കുന്നതിനും അഭിപ്രായപ്രകടനം നടത്തുന്നതിനുമുള്ള അവരുടെ അവകാശം നിഷേധിക്കരുത്. ഇദ്ദേഹത്തിന്റെ മോചനത്തിനായി സമാധാനപരമായി പ്രതിഷേധിച്ച മതന്യൂനപക്ഷ സംഘടനാ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രമണത്തിലും ഭാരതം ആശങ്ക രേഖപ്പെടുത്തി.
ന്യൂനപക്ഷ വിഭാഗക്കാരുടെ വീടുകളും വ്യാപാര സ്ഥാപനങ്ങളും തീയിടുകയും കൊള്ളയടിക്കുകയും ചെയ്യുക, ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങള്‍ നശിപ്പിക്കുക തുടങ്ങി നിരവധി കേസുകള്‍ ബംഗ്ലാദേശില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടി.
ബംഗ്ലാദേശിലെ അക്രമങ്ങള്‍ക്കെതിരെ ഹിന്ദുസമൂഹത്തെ ഉണര്‍ത്തിയതിന്റെ പ്രതികാര നടപടിയായിട്ടാണ് ഹൈന്ദവ ആത്മീയ നേതാവും ഇസ്‌കോണിലെ സംന്യാസിയുമായ ചിന്മയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ചയാണ് ചിന്മയ് കൃഷ്ണദാസിനെ ഢാക്ക വിമാനത്താവത്തില്‍ നിന്നും പോലീസിന്റെ ഡിറ്റക്ടീവ് ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. സ്വാമിയുടെ ജാമ്യാപേക്ഷ ചിറ്റഗോങ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ഖാസി ഷെറീഫുള്‍ ഇസ്ലാം തള്ളി.
രാജ്യദ്രോഹക്കുറ്റമടക്കം ചുമത്തിയായിരുന്നു ഇദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കുനേരെ അതിക്രമങ്ങളും വിവേചനങ്ങളും വര്‍ധിച്ച് വരുന്നതിനെതിരെ കഴിഞ്ഞ ദിവസം രംഗ്പൂരില്‍ നടന്ന റാലിയെ ചിന്മയ് കൃഷ്ണദാസ് അഭിസംബോധന ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ മോചനം ആവശ്യപ്പെട്ട് രാജ്യത്തിന്റെ പല ഭാഗങ്ങളിലും വലിയ പ്രതിഷേധ പരിപാടികള്‍ നടക്കുന്നുണ്ട്. ബംഗ്ലാദേശി എഴുത്തുകാരിയായ തസ്ലീമ നസ്രീന്‍ അടക്കമുള്ളവര്‍ ചിന്മയ് കൃഷ്ണദാസിന് പിന്തുണ പ്രഖ്യാപിച്ചു. സംഭവത്തില്‍ ഭാരതം ഇടപെടണമെന്ന് ഇസ്‌കോണ്‍ ക്ഷേത്രം ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
Discussion about this post