ചെന്നൈ: ക്ഷേത്രങ്ങളുടെ ഫണ്ട് ഉപയോഗിച്ച് ആരംഭിച്ച സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിയമനം ഹിന്ദുക്കള്‍ക്ക് മാത്രം മതിയെന്ന് മദ്രാസ് ഹൈക്കോടതി. ക്ഷേത്ര ഫണ്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിയമനം ഹിന്ദുക്കള്‍ക്ക് മാത്രമെന്ന നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എ. സുഹൈല്‍ എന്നയാള്‍ നല്കിയ ഹര്‍ജി പരിഗണിക്കവേയാണ് മദ്രാസ് ഹൈക്കോടതിയുടെ വിധി.
ഹിന്ദു മത- ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് (എച്ച്ആര്‍ ആന്‍ഡ് സിഇ) നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ക്ഷേത്രത്തിന്റെ ഫണ്ട് മാത്രം വിനിയോഗിച്ച് സ്ഥാപിതമായ കോളജുകളില്‍ ഹിന്ദുക്കളെ മാത്രമേ നിയമിക്കാവൂ എന്ന് വ്യവസ്ഥ ചെയ്തിട്ടുള്ള യോഗ്യതാ നിയമന വിജ്ഞാപനം ചോദ്യം ചെയ്താണ് സുഹൈല്‍ കോടതിയെ സമീപിച്ചത്. 2021 ഒക്ടോബറില്‍ ചെന്നൈയിലെ കപാലീശ്വര്‍ കോളജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സില്‍ അസിസ്റ്റന്റ്, ജൂനിയര്‍ അസിസ്റ്റന്റ്, ടൈപ്പിസ്റ്റ്, ഓഫീസ് അസിസ്റ്റന്റ്, വാച്ച്മാന്‍, ക്ലീനര്‍ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് എന്‍ഡോവ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് ജോയിന്റ് കമ്മീഷണര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഈ തസ്തികകളിലേക്ക് ഹിന്ദുക്കള്‍ മാത്രമേ അപേക്ഷിക്കാവൂ എന്ന് വിജ്ഞാപനത്തില്‍ പറഞ്ഞിരുന്നു. മുസ്ലിം സമുദായത്തില്‍പ്പെട്ട തനിക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നും, വിജ്ഞാപനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് സുഹൈല്‍ കോടതിയെ സമീപിച്ചത്.
കപാലീശ്വര്‍ കോളജ് ആരംഭിച്ചത് ക്ഷേത്രമാണ്. ഇത് എച്ച്ആര്‍ ആന്‍ഡ് സിഇ നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് ഭരിക്കുന്ന ഒരു മതസ്ഥാപനമാണ്. നിയമത്തിന്റെ 10-ാം വകുപ്പ് അനുസരിച്ച് ഇത്തരം കോളജിലെ ഏതൊരു നിയമനവും ഹിന്ദു മതത്തില്‍പ്പെട്ട വ്യക്തികള്‍ക്കായിരിക്കണമെന്നും ജസ്റ്റിസ് വിവേക് കുമാര്‍ സിങ് വ്യക്തമാക്കി.
Discussion about this post