കോഴിക്കോട്: സമൂഹത്തിന്റെ എല്ലാ മേഖലകളിലെയും വൈകല്യമുള്ള വ്യക്തികളുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ സക്ഷമ കേരളത്തിലെ മുഴുവൻ ജില്ലാ കേന്ദ്രങ്ങളിലും ദിവ്യാംഗസേവാകേന്ദ്രങ്ങൾ ആരംഭിക്കുകയാണ്. ഇതിന്റെ ഭാഗമായി കോഴിക്കോട് ചാലപ്പുറത്തെ കേസരി ഭവനിലെ ഒന്നാം നിലയിൽ സജ്ജമാവുന്ന ദിവ്യാംഗ സേവാകേന്ദ്രത്തിൻ്റെ ഉദ്ഘാടനം അന്താരാഷ്ട്ര ഭിന്നശേഷി ദിനമായ നാളെ നടക്കും. രാവിലെ 10 മണിക്ക് സക്ഷമ സംസ്ഥാന പ്രസിഡൻ്റ് ഡോ. ബാലചന്ദ്രൻ മന്നത്ത് ഉദ്ഘാടനം ചെയ്യും.
ഭാരതം വൈഭവശാലിയായി മുന്നേറുമ്പോൾ അതിൻ്റെ പൂർണ്ണതയ്ക്ക് ഭിന്നശേഷി സഹോദരങ്ങളും സ്വയംപര്യാപ്‌തത നേടി മുഖ്യധാരയിലെത്തേണ്ടത് അനിവാര്യമാണ്. സമാജത്തിന്റെ ശ്രദ്ധയും കരുതലും ഏറ്റവും അധികം ലഭിക്കേണ്ടവരാണ് നമ്മുടെ ഇടയിൽ വെല്ലുവിളികളെ അതിജീവിച്ച് നിശ്ശബ്ദം ജീവിക്കുന്ന ഭിന്നശേഷി സഹോദരങ്ങൾ. അവരുടെ ആരോഗ്യം, ജീവിത സുരക്ഷ, ഭിന്നശേഷി അവകാശ നിയമ സംരക്ഷണം ഉറപ്പു വരുത്തൽ തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി പ്രവർത്തിക്കുന്ന സംഘടനയാണ് സക്ഷമ കേരളം.
സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന കനറാ ബാങ്കിൻ്റെ സർക്കിൾ ഓഫീസ് കോഴിക്കോട് നൽകിയ സാമ്പത്തിക സമർപ്പണം ഉപയോഗപ്പെടുത്തിയാണ് ഈ സേവാ കേന്ദ്രത്തിലെ കമ്പ്യൂട്ടർ, സ്‌കാനർ, കോപ്പിയർ സംവിധാനം ഒരുക്കിയിട്ടുള്ളത്.
നാളെ നടക്കുന്ന ചടങ്ങിൽ കോഴിക്കോട് ജില്ല പ്രസിഡൻ്റ് പി. ഗോപകുമാർ അധ്യക്ഷത വഹിക്കും. ബിഎസ്എൻഎൽ റിട്ട. സബ് ഡിവിഷൻ എഞ്ചിനീയർ സുനില സുന്ദരി മുഖ്യ അതിഥിയാകും. ഭിന്നശേഷി സഹോദരങ്ങൾക്കുള്ള സേവാസമർപ്പണം റിട്ടയഡ് എസ്.ബി.ഐ. മാനേജർ പ്രമീള മോഹൻകുമാർ നിർവഹിക്കും.
Discussion about this post