കൊച്ചി: അമൃത വിശ്വവിദ്യാപീഠത്തിൻ്റെ സഹകരണത്തോടെ വിശ്വസംവാദ കേന്ദ്രം സംഘടിപ്പിക്കുന്ന ദ്വിദിന സിറ്റിസൺ ജേർണലിസം ശില്പശാലയ്ക്ക് ഇടപ്പള്ളി അമൃത കാമ്പസിൽ തുടക്കമായി. ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ യുഗത്തിൽ നന്മ ചോരാതെ മുന്നോട്ടു പോകാൻ പരിശീലനം വേണമെന്ന് ശില്പശാല ഉദ്ഘാടനം ചെയ്ത അമൃത വിശ്വവിദ്യാപീഠം ഡയറക്ടർ ഡോ. യു. കൃഷ്ണകുമാർ പറഞ്ഞു. ശരിയുടെയും സത്യത്തിൻ്റെയും പക്ഷത്തേക്ക് സമൂഹത്തെ ചേർത്തു നിർത്താൻ മാധ്യമപ്രവർത്തനത്തിന് ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വാർത്തയെ തിരിച്ചറിയാനുള്ള ജാഗ്രത ഓരോ പൗരനുമുണ്ടാകണമെന്ന് ആമുഖഭാഷണം നടത്തിയ വിശ്വസംവാദകേന്ദ്രം സമിതി അംഗം എം. സതീശൻ പറഞ്ഞു. എല്ലാ മാധ്യമങ്ങളെയും പുതിയ കാലത്ത് നയിക്കുന്നത് സിറ്റിസൺ ജേർണലിസ്റ്റുകളാണ്. അതുകൊണ്ടു തന്നെ സത്യത്തെ കൃത്യമായി അവതരിപ്പിക്കാനുള്ള ഉത്തരവാദിത്തം ഓരോ പൗരനുമുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ശില്പശാലാ ഡയറക്ടറും വിശ്വ സംവാദകേന്ദ്രം അദ്ധ്യക്ഷനുമായ എം. രാജശേഖരപ്പണിക്കർ അധ്യക്ഷത വഹിച്ചു. വി എസ് കെ സെക്രട്ടറി ഷൈജു ശങ്കരൻ, അമൃത കാമ്പസിലെ അസിസ്റ്റൻ്റ് പ്രൊഫസർ വിനോദ് ലക്ഷ്മൺ എന്നിവർ സംസാരിച്ചു.
Discussion about this post