പെരുമണ്ണൂർ: ദേശീയ സേവാഭാരതിയുടെ ഭാഗമായി തൃത്താല മേഖലയിലെ പെരിങ്കന്നൂർ ആസ്ഥാനമായി സാമൂഹ്യ സേവന മേഖലയിൽ പ്രവർത്തിക്കുന്ന സദാശിവ മാധവ സേവാ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പെരുമണ്ണൂരിൽ പുതിയ സേവാ കേന്ദ്രം ആരംഭിച്ചു. ട്രസ്റ്റിന്റെ സേവന പദ്ധതികൾ പുതിയ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് വാനപ്രസ്ഥ കേന്ദ്രത്തിന്റെ ആദ്യഘട്ടം എന്ന നിലയിൽ ആനന്ദാശ്രമം എന്ന പേരിൽ സേവാകേന്ദ്രം ചാലിശ്ശേരി പെരുമണ്ണൂരിൽ നാടിന് സമർപ്പിക്കുന്നത്.
സേവാകേന്ദ്രത്തിന്റെ ഉദ്ഘാടനം കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ മിധാനി (Mishra Dhatu Nigam Limited) ഇൻഡിപെൻഡന്റ് ഡയറക്ടർ പ്രൊഫ. വി.ടി. രമ നിർവഹിച്ചു. ട്രസ്റ്റ് ചെയർമാനും ബാലവികാസ് സാമന്വയസമിതി കേരളത്തിന്റെ ഉപാധ്യക്ഷനുമായ അഡ്വ. കെ.പിതാംബരൻ അധ്യക്ഷത വഹിച്ചു. കേരള ഉത്തര പ്രാന്ത സഹ സേവ പ്രമുഖ് കെ ദാമോദരൻ മുഖ്യ പ്രഭാഷണം നടത്തി.
ഒറ്റപ്പാലം ജില്ലാ സംഘചാലക് എൻ.പി. പ്രകാശ്, ജില്ലാ സഹ കാര്യവാഹ് കെ.വി. വരുൺ പ്രസാദ്, കെ. പി. അശോക് കുമാർ, കെ.സി. കുഞ്ഞൻ, ലത സത്യൻ, കെ. വേണുഗോപാൽ, വി.ആർ. രാഹുൽ എന്നിവർ സംസാരിച്ചു.
ഉദ്ഘാടനത്തിന്റെ ഭാഗമായി വിവിധ മേഖലയിൽപെട്ടവരെ ആദരിച്ചു. സേവാ കേന്ദ്രത്തിനായി സ്ഥലം ദാനം നൽകിയ പെരുമണ്ണൂർ വടുക്കൂട്ട് ലക്ഷ്മിക്കുട്ടി അമ്മയെ ചടങ്ങിൽ അനുസ്മരിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളെ സ്പർശിച്ചുകൊണ്ടുള്ള സേവാപദ്ധതികളുടെ പ്രഖ്യാപനവും ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്നു. സോപാന സംഗീതം, വിവിധ കലാപരിപാടികൾ തുടങ്ങിയവയും ഒരുക്കിയിരുന്നു.
Discussion about this post