തിരുവനന്തപുരം: ഭാരതത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുന്നതിനും കൂടുതൽ നിലവാരമുള്ളതും ചലനാത്മകവുമാക്കുന്നതിനും യുജിസി പുറത്തിറക്കിയ കരട് വിജ്ഞാപനത്തിനെതിരെ കേരളനിയമസഭയിൽ പ്രമേയം പാസാക്കിയ ഇടത്-വലത് മുന്നണിക്ക് രാഷ്‌ട്രീയ അന്ധതയാണെന്ന് എബിവിപി ദേശീയ നിർവ്വാഹക സമിതി അംഗം യദു കൃഷ്ണൻ. അക്കാദമിക്ക് യോഗ്യതകളെല്ലാം അട്ടിമറിച്ച് തികച്ചും രാഷ്‌ട്രീയ പരിഗണനകൾ മാത്രം മുൻനിർത്തിയുള്ള നിയമനങ്ങൾ ഇനി നടപ്പാകാതെ വരുമെന്നുള്ള ഭയമാണ് ദേശീയ തലത്തിൽ ഒരു മുന്നണിയായ ഇൻഡി സഖ്യത്തിനുള്ളതെന്നും യദു കൃഷ്ണൻ പറഞ്ഞു.
യുജി, പിജി തലങ്ങളിൽ പഠിക്കാത്ത വിഷയത്തിലും ഗവേഷണം നടത്താനും ‘നെറ്റ് ‘ ഉൾപ്പടെയുള്ള അധ്യാപക യോഗ്യതാ പരീക്ഷകൾ എഴുതാനും വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുമെന്ന നിർദ്ദേശവും പ്രാദേശിക ഭാഷകളിലെ കോഴ്‌സുകൾ അധ്യാപക നിയമനത്തിനുള്ള അധിക യോഗ്യതയായി പരിഗണിക്കുമെന്ന പ്രഖ്യാപനവും വൈവിധ്യമാർന്ന വിദ്യാഭ്യാസ ശൈലിയിലേക്ക് വഴിതുറക്കാൻ സഹായകമാകും. വിസി നിയമനങ്ങൾ സുധാര്യമാക്കുക വഴി സർവകലാശാലാ ഭരണത്തിൽ സംശുദ്ധിയും നിക്ഷ്പക്ഷതയും ഉറപ്പാകുകയാണ് ചെയ്യുന്നത്.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം ദുർഗന്ധം വമിക്കുന്ന ഈജിയൻ തൊഴുത്തുകളായി മാറുകയും പഠന നിലവാരവും ഗവേഷണസ്വഭാവവും എല്ലാം നഷ്ടപെട്ട് വിദ്യാർത്ഥികൾ അന്യസംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും ചേക്കേറുകയും ചെയ്യുമ്പോൾ വിദ്യാഭ്യാസ രംഗത്ത് വളർച്ചയും വൈവിധ്യവും കൊണ്ടുവരാനുള്ള മുൻമൊരുക്കങ്ങളാണ് യുജിസി കരട് വിജ്ഞാപനത്തിൽ ഉള്ളതെന്ന് യദു കൃഷ്ണൻ ചൂണ്ടിക്കാട്ടി.
സ്വയംഭരണ സ്ഥാപനങ്ങളായ സർവ്വകലാശാലകളിൽ വിസി നിയമനത്തിനുള്ള പൂർണ അധികാരം ചാൻസലറായ ഗവർണറിൽ നിക്ഷിപ്തമാണെന്ന് ബഹുമാനപ്പെട്ട സുപ്രീം കോടതി പോലും പറഞ്ഞുവച്ചതിന് ശേഷവും ഇത്തരം നാടകങ്ങൾ വെറും രാഷ്‌ട്രീയ കോമാളിത്തരം മാത്രമാണെന്നും അദ്ദേഹം പ്രസ്താവനയിലൂടെ പറഞ്ഞു.
Discussion about this post