പത്തനംതിട്ട: അറിവിനും ഗുരുവിനും പ്രാധാന്യം നല്‍കുന്ന പാരമ്പര്യമുള്ള നാടാണ് ഭാരതമെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. ദേശീയ അധ്യാപക പരിഷത്ത് 46-ാം സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന സഭ സെ. സ്റ്റീഫന്‍സ് പാരീഷ് ഹാളിലെ ജഗന്നാഥന്‍ മാസ്റ്റര്‍ നഗറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളില്‍ രാഷ്‌ട്രബോധം നിലനിര്‍ത്തുക എന്നതാണ് രാഷ്‌ട്രപുരോഗതിയുടെ അടിസ്ഥാനം. വരുംതലമുറയ്‌ക്ക് രാഷ്‌ട്രബോധം പകര്‍ന്നു നല്‍കാന്‍ അധ്യാപകര്‍ക്കേ കഴിയൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാശ്ചാത്യ അടിമത്വത്തില്‍ നിന്ന് പൂര്‍ണമായി സ്വതന്ത്രരാകാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. അതിന്റെ ന്യൂനതകള്‍ സമൂഹത്തില്‍ കാണാനുമുണ്ട്. കേരളത്തില്‍ ആത്മഹത്യകളും കൊലപാതകങ്ങളും പെരുകുന്നു. നിഷേധാത്മക ചിന്തകളാണ് പുതുതലമുറയെ നയിക്കുന്നത്. രാഷ്‌ട്രത്തിന്റെ ഭാവിക്ക് പിഴവുകള്‍ തിരിച്ചറിഞ്ഞ് മുന്നോട്ടു പോകാന്‍ കഴിയണം.
രാഷ്‌ട്രം ശിഥിലമായി കാണാന്‍ ആഗ്രഹിക്കുന്ന ശക്തികള്‍ വിദേശത്തും ദേശത്തിനുള്ളിലും ഉണ്ട്. ഇവരാണ് കട്ടിങ് സൗത്ത് പോലെയുള്ള നികൃഷ്ടമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നത്. നിയമസഭയില്‍ എംഎല്‍എമാരുടെ ശമ്പളം, പെന്‍ഷന്‍ എന്നിവ വര്‍ധിപ്പിക്കുന്ന കാര്യത്തിലും രാഷ്‌ട്രവിരുദ്ധ വിഷയങ്ങളിലും ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിക്കുന്നു. ദക്ഷിണ ഭാരതത്തെ മുറിച്ചുമാറ്റാനും അവര്‍ ഒത്തൊരുമിച്ചു. രാഷ്‌ട്രപതിയെ പോലും അവഹേളിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നു. സ്വന്തം അധ്വാനവും രാഷ്‌ട്രസ്നേഹവും കൊണ്ട് ഉന്നതിയിലെത്തിയ വനവാസി വിഭാഗത്തില്‍പെട്ട രാഷ്‌ട്രപതിക്കു നേരെയാണ് മോശം പദപ്രയോഗം നടത്തിയത്. പരിപൂര്‍ണമായും രാഷ്‌ട്രത്തിന്റെ സംസ്‌കാരവുമായി ബന്ധപ്പെട്ട് പാരമ്പര്യത്തിനും വിദ്യാദര്‍ശനത്തിനും പ്രാധാന്യം നല്‍കുന്ന സംഘടനയാണ് എന്‍ടിയു. അതുതന്നെയാണ് മറ്റ് അധ്യാപക സംഘടനകളില്‍ നിന്നും എന്‍ടിയുവിനെ വ്യത്യസ്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്‍ടിയു സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാര്‍ അധ്യക്ഷനായി.
Discussion about this post