പ്രിയ സ്വയംസേവക ബന്ധുക്കളെ, സജ്ജനങ്ങളെ, അമ്മമാരെ, സഹോദരിമാരെ
ഇപ്പോഴത്തെ പ്രത്യേക പരിതസ്ഥിതിയില്‍ ആധുനിക ശാസ്ത്രത്തെ ഉപയോഗപ്പെടുത്തി നാമിപ്പോള്‍ സ്‌ക്രീനിലാണ് സംവദിക്കുന്നത്. കൊറോണ എന്ന മഹാരോഗം ലോകത്തെ മുഴുവന്‍ ഗ്രസിച്ചിരിക്കുകയാണ്. ഈ രോഗവുമായി ഏറ്റുമുട്ടാനുള്ള ഒറ്റവഴി വീട്ടില്‍്ത്തന്നെ ഒതുങ്ങിയിരിക്കുക എന്നതാണ്. എല്ലാ ജോലിയും നിര്‍ത്തി വീട്ടിലിരിക്കുക എന്നതേ ഇതിനെ പ്രതിരോധിക്കുവാന്‍ വഴിയുള്ളൂ. വീട്ടിലിരുന്ന് ചെയ്യാവുന്നത് ചെയ്യുക. പല സ്വയംസേവകരും മൈതാനത്ത് ശാഖ നടക്കാത്തതിനാല്‍ പ്രവര്‍ത്തനം നിന്നിരിക്കുന്നു എന്നു ധരിക്കുന്നു. എല്ലാ പരിപാടികളും നിന്നു, സംഘ ശിക്ഷാവര്‍ഗ് നിന്നു, നമ്മളെല്ലാം വീട്ടിലടച്ചിടപ്പെട്ടിരിക്കുകയാണ്. ലോക്ക് ഡൗണ്‍ സന്ദര്‍ഭത്തില്‍ എല്ലാ അടച്ചിടപ്പെട്ടിട്ടുണ്ടെങ്കിലും ജീവിതം മുന്നോട്ടു പോകുന്നുണ്ട്. ഇതുപോലെ യഥാര്‍ഥത്തില്‍ സംഘകാര്യവും നടന്നുകൊണ്ടിരിക്കുന്നു. ശരിയാണ്, നിത്യകാര്യക്രമം നിന്നിട്ടുണ്ട്. പക്ഷേ മറ്റുവഴികളില്‍ സംഘകാര്യക്രമം നടന്നുകൊണ്ടിരിക്കുകയാണ്. ഈ വസ്തുത നമ്മളെ സംബന്ധിച്ചടത്തോളവും സംഘത്തെ സംബന്ധിച്ചിടത്തോളവും അതിന്റെ ആദര്‍ശവുമായി തട്ടിച്ചു നോക്കുമ്പോള്‍ സത്യമായ വസ്തുതയാണ്. കാരണം മനുഷ്യ ജീവിതത്തിന്റെ നന്മയെന്താണ്? ലോകം മുഴുവന്‍ അംഗീകരിക്കുന്നതും സംഘവും അംഗീകരിക്കുന്നതും ഒരു വസ്തുതയാണ്- അത് സ്വയം നന്നായി നമ്മുടെ നന്മകളെ ഉപയോഗപ്പെടുത്തി ലോകത്തെ നന്നാക്കുക എന്നതാണ്. അവനവന്‍ നല്ല നിലയിലാണ്. പക്ഷേ മറ്റുള്ളവര്‍ക്കു വേണ്ടി ഒന്നും ചെയ്യുന്നില്ല. അങ്ങിനെയുള്ള വ്യക്തിയെ നാമെല്ലാം നല്ലവനെന്ന് പറയാറില്ല. ലോകത്തിന്റെ മുന്നില്‍ നല്ല വ്യക്തിയായി ജീവിക്കുകയും എന്നാല്‍ സ്വന്തം ജീവിതത്തില്‍ ഈ നന്മകളുടെ അംശം പാലിക്കാതിരിക്കുകയും ചെയ്താല്‍ അങ്ങിനെയുള്ള വ്യക്തിയെയും നാം നല്ല വ്യക്തി എന്നു പറയാറില്ല. സ്വന്തം ജീവിതത്തിലും സമൂഹത്തിലും നന്മ പാലിക്കുക എന്നത് ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്.
നമ്മുടെ പരമ്പരയില്‍ പറയപ്പെട്ടിട്ടുള്ള ഒരു വസ്തുത ഏകാന്തത്തില്‍ ആത്മസാധന ചെയ്യുകയും അതിന്റെ ബലത്തില്‍ ജനങ്ങള്‍ക്ക് ജനങ്ങളുടെ ഇടയില്‍ പരോപകാരം ചെയ്യണമെന്നുമാണ്. ഈ തത്ത്വം തന്നെയാണ് സംഘകാര്യത്തിന്റെ രൂപവും. നമ്മുടെ സ്വയംസേവകര്‍ നിത്യവും മൈതാനത്ത് ഒരുമിച്ചു വന്നിട്ടില്ലെങ്കില്‍ കൂടിയും വീടുകളില്‍ കുടുംബാംഗങ്ങളോടൊപ്പം ചേര്‍ന്ന് ദിവസവും പ്രാര്‍ഥന നടത്തിക്കൊണ്ടിരിക്കുകയാണ്. അതില്‍ വിശേഷമായിട്ടുള്ളത് പ്രാര്‍ഥനയുടെ സമയം നിശ്ചിതമാണ് എന്നുള്ളതാണ്. നിത്യശാഖയെ സംബന്ധിച്ച് ഇപ്പോഴത്തെ പരിതസ്ഥിതിയില്‍ ഇത്രയേ ചെയ്യാന്‍ കഴിയുകയുള്ളൂ. ചെയ്യാന്‍ കഴിയുന്നത് ഇന്ന് നടന്നുകൊണ്ടിരിക്കുകയാണ്. മറ്റുപരിപാടികളെല്ലാം മറ്റൊരു രൂപത്തിലാണ് ഇന്ന് നടക്കുന്നത്. അത് സേവയെന്ന രൂപത്തിലാണ്. വലിയ അളവില്‍ ഇന്ന് നാം നടത്തിക്കൊണ്ടിരിക്കുന്ന സേവനം നമ്മുടെ സമാജം മുഴുവന്‍ കണ്ടുകൊണ്ടിരിക്കുകയാണ്. അവര്‍ നമുക്ക് കൈയഴച്ച് പ്രോത്സാഹനവും നല്‍കിക്കൊണ്ടിരിക്കുന്നുണ്ട്. ഈ സേവനത്തിന്റെ കാര്യം നമ്മുടെ പ്രവര്‍ത്തനമല്ല എന്നു ധരിക്കരുത്. യഥാര്‍ഥത്തില്‍ സ്വയം നന്നായി ലോകത്തെ നന്നാക്കുക എന്ന സംഘത്തിന്റെ സ്ഥായിയായ പരിശ്രമം തന്നെയാണ് ഈ പരിതസ്ഥിതിയില്‍ സേവയിലൂടെ നടക്കുന്നത്. ഇത് നമ്മുടെതന്നെ പ്രവര്‍ത്തനമാണ്.
മുന്‍പ് ഭാരതത്തില്‍ നിന്ന് ഒരു ബുദ്ധഭിക്ഷു ചൈനയില്‍ പോയിരുന്നു. ബുദ്ധന്റെ ജീവിതതത്ത്വങ്ങള്‍ പ്രചരിപ്പിക്കാന്‍ പോയ അദ്ദേഹം കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം ചൈനീസ് ഭാഷയില്‍ ബുദ്ധഭഗവാന്റെ ചരിത്രം എഴുതി. അത് അവിടുത്തെ ജനങ്ങള്‍ക്ക് ഉപകാരമാകണമല്ലോ. അതിനാല്‍ എഴുതിയ ജീവചരിത്രം അച്ചടിച്ച് പുസ്തകമാക്കുവാന്‍ അദ്ദേഹം തയ്യാറായി. അവിടെ ബന്ധത്തിലുള്ളവരെ കണ്ട് ധനം സംഭരിച്ചു. എല്ലാ തയ്യാറെടുപ്പുകളുമായി കൈയെഴുത്തുപ്രതി അച്ചടിശാലയില്‍ കൊടുക്കുന്നതിന്റെ തലേന്ന് ഒരു വലിയ ഭൂകമ്പം വന്നുപെട്ടു. വലിയ നാശനഷ്ടങ്ങളുണ്ടായി. നിശ്ചയമായും ജനങ്ങളെല്ലാം ദുരതിനിവാരണ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായി. ഭിക്ഷു സമ്പാദിച്ച ധനവും അതിനായി ചിലവായിപ്പോയി. ഈ ദുഃഖസ്ഥിതികളെല്ലാം കഴിഞ്ഞ് ജനജീവിതം ശാന്തമായപ്പോള്‍ അദ്ദേഹം വീണ്ടും ജനങ്ങളെക്കണ്ട് അവര്‍ നല്‍കിയ പണം ദുരിതനിവാരണ പ്രവര്‍ത്തനങ്ങളില്‍ ഉപയോഗപ്പെട്ടുവെന്നും അതിനാല്‍ ഒരുതവണ കൂടി പുസ്തകപ്രകാശനത്തിന് പണം നല്‍കണമെന്നും ആവശ്യപ്പെട്ടു. ജനങ്ങള്‍ കൈയഴച്ച് വീണ്ടും ധനം കൊടുത്തു. രണ്ടാമത് അച്ചടിക്കുന്നതിന് മുന്‍പ് പൊടുന്നനെ വന്നുചേര്‍ന്ന വെള്ളപ്പൊക്കത്തില്‍ വീണ്ടും കഷ്ടതയകറ്റാന്‍ ഈ സംഭരിച്ച പണം മുഴുവന്‍ ചിലവാക്കേണ്ടി വന്നു. സമാധാനകാലം സമാഗതമായപ്പോള്‍ ജനങ്ങളോട് ഇക്കാര്യം അറിയിച്ചു. മൂന്നാമതും പുസ്തകപ്രകാശനത്തിനായി ധനം സംഭരിച്ചു. ഭാഗ്യവശാല്‍ ഇപ്രാവശ്യം ആപത്തുകളൊന്നും വന്നില്ല. നിശ്ചയിച്ചതുപോലെ മുദ്രണാലയത്തില്‍ പോയി പുസ്തം അച്ചടിക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്തു. പുസ്തകം ഭംഗിയായി അച്ചടിച്ചു. അച്ചടിച്ച ശേഷം ആ ജീവചരിത്രം വലിയ ആഘോഷത്തോടുകൂടി പ്രകാശനവും ചെയ്യപ്പെട്ടു. ജനങ്ങള്‍ ദീര്‍ഘകാലത്തെ ആഗ്രഹം സഫലമാകുന്ന സന്തോഷത്തോടുകൂടി പുസ്തകങ്ങള്‍ വാങ്ങി. വീടുകളിലെത്തി പുസ്തകം തുറന്നപ്പോള്‍ ജനങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞത് അതിന്റെ ഒന്നാമത്തെ പേജില്‍ ഈ പുസ്തകം ചൈനീസ് ഭാഷയില്‍ ബുദ്ധഭഗവാന്റെ ജീവചരിത്രത്തിന്റെ മൂന്നാമത്തെ പതിപ്പാണ് എന്നാണ്. യഥാര്‍ഥത്തില്‍ അച്ചടിച്ച ജീവചരിത്രം ഒന്നു മാത്രമാണ്. പക്ഷേ ആ ജീവിതത്തിന്റെ ജീവല്‍സന്ദേശം ലോകത്തിന്റെ ദുഃഖമുക്തി എന്നാണല്ലോ. ആ തത്വം ഇതിനു മുന്‍പ് രണ്ടുതവണ പ്രത്യക്ഷത്തില്‍, ആചരത്തില്‍ നടപ്പില്‍ വരുത്താന്‍ കഴിഞ്ഞതിന് യഥാര്‍ഥത്തില്‍ ഈ പുസ്തകം അതിന്റെ മൂന്നാം പതിപ്പായി ഭവിക്കുന്നു. ഇതായിരുന്നു അദ്ദേഹം വച്ച ആശയം.
ഇതുപോലെ പരിപാടികള്‍ മാറിയെങ്കിലും നാമിന്നു ചെയ്യുന്ന പ്രവര്‍ത്തനവും സംഘപ്രവര്‍ത്തനം തന്നെയാണ്. ഈ ഭാവനയോടെ നാമിന്ന് പ്രവര്‍ത്തിക്കണം. അങ്ങിനെയങ്കില്‍ സംഘ ആദര്‍ശം സ്വയംസേവകര്‍ക്കു മാത്രമല്ല സാമാന്യ ജനങ്ങള്‍ക്കും വളരെ വ്യക്തമായി മനസിലാകും. നാമിന്ന് സേവനം ചെയ്തുകൊണ്ടിരിക്കയാണ്. അതിന്റെ പ്രേരണ നമുക്ക് വല്ലതും നേടുവാനുള്ള സ്വാര്‍ഥതയല്ല, നമ്മുടെ അഹങ്കാരത്തെ തൃപ്തിപ്പെടുത്തലല്ല, നമുക്ക് പേരോ പ്രശസ്തിയോ ഉണ്ടാക്കാനുമല്ല. ഇന്ന് നമ്മളോടൊപ്പം ഈ പ്രവര്‍ത്തനത്തില്‍ സഹകരിക്കുന്നവര്‍ക്ക് വിവരങ്ങളറിയുവാന്‍ വേണ്ടി നാം ചെയ്യുന്ന പ്രവര്‍ത്തനത്തെ നാം പ്രസിദ്ധപ്പെടുത്തുന്നുണ്ട്. അതുപോലെ നമ്മുടെ പ്രവര്‍ത്തനം കൃത്യമായി എല്ലാവര്‍ക്കും മനസിലാകാന്‍ നാമിതിന്റെ പ്രചാരവും ചെയ്യാന്‍ ബാധ്യസ്ഥരായിരിക്കുന്നു. എങ്കില്‍ മാത്രമേ മറ്റുള്ളവര്‍ക്ക് ഇതുകണ്ട് പ്രേരണ ലഭിക്കുകയുള്ളൂ. ഇത്തരം പ്രസിദ്ധി നമുക്ക് പേരുണ്ടാക്കുവാനല്ല എന്ന് പ്രത്യേകം ഓര്‍മ വേണം. നാം ചെയ്യുന്നത് നമ്മുടെ സമാജത്തിനു വേ്ണ്ടിയാണ്, നമ്മുടെ നാടിനു വേണ്ടിയാണ്. സ്വാര്‍ഥം, ഭയം, നിര്‍ബന്ധം, പ്രതിക്രിയ, അഹങ്കാരം ഇവയൊന്നും തീണ്ടാതെ ആത്മീയ ഭാവത്തിലാണ് ഈ സേവ നാം ചെയ്യേണ്ടത്. എന്നു മാത്രമല്ല ഈ സേവാകാര്യത്തില്‍ നാം നിരന്തരം നിരഹങ്കാര ഭാവത്തോടുകൂടി വ്യാപൃതരാകണം. ഇതിന്റെ പേരും പ്രശസ്തിയും മറ്റുള്ളവര്‍ക്ക് ലഭിച്ചാലും വ്യാകുലപ്പെടേണ്ടതില്ല. ഈ പ്രത്യേക ആപത്തില്‍ സേവ ചെയ്യുന്നതു കൂടാതെ ജനങ്ങളെ പല കാര്യങ്ങളിലും ബോധവത്കരിക്കേണ്ടതും നമ്മുടെ കര്‍ത്തവ്യമായി വരുന്നു. ഒരു കാര്യമോര്‍ക്കേണ്ടത് പറയുന്നതിന് മുന്‍പേ നാം സ്വയം പാലിച്ചാല്‍ മാത്രമേ പറയുന്ന വാക്കുകള്‍ക്ക് ബലമുണ്ടാവുകയുള്ളൂ. അതിനാല്‍ ഈ കൊറോണ മഹാരോഗത്തിനിടയില്‍ നമ്മുടെ ആരോഗ്യത്തെ സുരക്ഷിതമാക്കി വയ്ക്കുവാന്‍ എന്തെല്ലാം നിര്‍ദേശിക്കപ്പെട്ടിട്ടുണ്ടോ ഇത് ജനങ്ങളെ പഠിപ്പിക്കുന്നതിന് മുന്‍പ് നാം സ്വയം അവയെല്ലാം പാലിക്കണം. നമുക്ക് പ്രവര്‍ത്തനത്തിന് വേണ്ടി വീടിനു പുറത്തേക്ക് ഇറങ്ങേണ്ടി വന്നേക്കാം. പക്ഷേ ഇപ്പോഴത്തെ നിയമമനുസരിച്ച് നാമതിന് അനുമതി വാങ്ങിയിരിക്കണം. കാരണം ലോക്ക് ഡൗണ്‍ കാലത്ത് അത് അനിവാര്യമാണ്. ശാരീരികമായ അകലം പാലിച്ചുകൊണ്ടുതന്നെ നാം പുറത്ത് പെരുമാറണം. ചെറിയ കാര്യങ്ങളാണെങ്കിലും അവ സ്വയം അനുഷ്ഠിച്ച് ഉദാഹരണം കാണിച്ചതിനുശേഷം നാം ജനങ്ങളോട് പറഞ്ഞു മനസിലാക്കണം. ഈ രോഗം പുതിയതാണ്. അത് ഭീഷണമാണെങ്കിലും അതിനെ ഭയപ്പെടേണ്ടതില്ല. ഭയപ്പെട്ടാല്‍ വിഷമങ്ങള്‍ക്ക് കരുത്തുകൂടകയേ ഉള്ളൂ. ഭയപ്പെടുന്നതുകൊണ്ട് കാര്യമൊന്നും നടക്കില്ല.
നമ്മുടെ സന്തുലിതാവസ്ഥയെ നിലനിര്‍ത്തി മനസില്‍ ഭയം ലവലേശം തീണ്ടാതെ ശാന്തമായ മനസോടുകൂടി എന്തൊക്കെ ചെയ്യണമോ, എങ്ങിനെയൊക്കെ ചെയ്യണമോ അവയെല്ലാം വേണ്ടതുപോലെ പദ്ധതി തയ്യാറാക്കി ചെയ്യേണ്ടിവരും. അങ്ങിനെയെങ്കില്‍ നമ്മുടെ പ്രവര്‍ത്തനം ഫലപ്രദമാണ്. ഈ സമയത്ത് ആത്മവിശ്വാസപൂര്‍വം മുന്‍കൂട്ടി തയ്യാറാക്കി തന്നെ എല്ലാ പ്രവര്‍ത്തനവും ഭയരഹിതരായി നൈരന്തര്യ ഭാവത്തോടുകൂടി നാം ചെയ്യേണ്ടി വരും. കാരണം ഈ പുതിയ രോഗത്തിന്റെ സ്വഭാവങ്ങള്‍ എന്തൊക്കെയായിരിക്കുമെന്ന് ഊഹിക്കുക മാത്രം പോരാ, നമുക്ക് മുന്‍പില്‍ കിട്ടുന്ന അനുഭവങ്ങളില്‍ നിന്ന് ഇപ്പോള്‍ പഠിക്കേണ്ടത് അതാണ്. ഈ രോഗം എത്രത്തോളം നീണ്ടുനില്‍ക്കുമെന്ന് നമുക്ക് അറിയില്ല. എങ്കിലും കഴിയുന്നതും വേഗം ഇതിനെ പിടിച്ചുകെട്ടുവാനാണ് നാം പരിശ്രമിക്കേണ്ടത്. എത്ര നീണ്ടുനിന്നാലും ആ കാലമത്രയും കഷ്ടപ്പെടുന്നവര്‍ക്ക് സഹായങ്ങളെത്തിക്കുവാനും ഈ രോഗം പടരാതെ നോക്കുവാനും നാം പരിശ്രമക്കേണ്ടിവരും. വഴിയിലുപേക്ഷിച്ചാല്‍ നമുക്ക് വിജയം കൈവിട്ടുപോകും. മുന്‍പ് ഒരു വ്യക്തി ജീവിതത്തില്‍ വലിയ സാമ്പത്തിക പ്രയാസങ്ങള്‍ വന്ന് നിരാശനായി അയാള്‍ ആത്മഹത്യയ്ക്കു പുറപ്പെട്ടു. കൈവശമുള്ള അല്‍പം പൈസകൂടി ചിലവഴിച്ച് കാലിയാക്കിയതിനു ശേഷം ആത്മഹത്യ ചെയ്യാം എന്നയാള്‍ തീരുമാനിച്ചു. കൈയിലുള്ള പണം ചിലവഴിക്കാനായി അയാള്‍ അടുത്തുള്ള വലിയ പട്ടണത്തിലേക്കു പോയി. അവിടെ ചൂതാട്ടത്തില്‍ പണം ചിലവാക്കിയതിനുശേഷം ആത്മഹത്യ ചെയ്യാം എന്നായിരുന്നു ചിന്ത. അവിടെയെത്തിയപ്പോള്‍ അയാള്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞു അതിനടത്തുതന്നെ ഒരു ഭൂമിയില്‍ ഏതോ ഒരു മൈനിംഗ് കമ്പനി മാംഗനീസ് ലഭിക്കുമെന്ന പ്രതീക്ഷയോടുകൂടി മൂന്ന് മൈനിംഗ് കമ്പനികള്‍ അവിടെ വന്ന് ഖനനം നടത്തിയിരുന്നു. അവര്‍ ആ പറമ്പില്‍ 250 അടി താഴേക്ക് കുഴിച്ചുവെങ്കിലും മാംഗനീസ് കിട്ടിയില്ല. അവര്‍ നിരാശരായി. ആ സ്ഥലം ഖനനം നിര്‍ത്തി ലേലം ചെയ്യുവാന്‍ തീരുമാനിച്ചിരുന്നു. ഈ ചൂതാട്ടത്തിനു പോയ വ്യക്തിയുടെ മനസില്‍ ഏതായാലും ഈ സ്ഥലം വാങ്ങുന്നതും ഒരു ചൂതാട്ടം പോലെയല്ലേ എന്നു ചിന്തിച്ച് ഈ സ്ഥലം ലേലത്തിലെടുക്കാന്‍ പോയി. 250 അടി താഴ്ത്തിയ ഈ ഗര്‍ത്തം വാങ്ങാന്‍ ആരു വരാനാണ്? അതിനാല്‍ ഈ വ്യക്തിയുടെ കൈവശമുണ്ടായിരുന്ന പൈസയ്ക്ക് അയാള്‍ക്ക് സ്ഥലം കിട്ടി. അവിടെ പണിയെടുത്തിരുന്ന ജോലിക്കാര്‍ക്ക് മൈനിംഗ് കമ്പനി ആ ദിവസത്തെ കൂലി മുന്‍കൂട്ടിത്തന്നെ കൊടുത്തിരുന്നു. ജോലിക്കാര്‍ സ്ഥലം പുതുതായി വാങ്ങിയ ഈ വ്യക്തിയോട് ചോദിച്ചു, പണി ഇപ്പോള്‍ നിര്‍ത്തണമോ, അല്ല അഞ്ചുമണി വരെ തുടരണമോ എന്ന്. ഈ വ്യക്തി പറഞ്ഞു- ഏതായാലും നിങ്ങള്‍ പ്രതിഫലം വാങ്ങിയതല്ലേ, അഞ്ചു മണിവരെ കുഴിക്കല്‍ നടക്കട്ടെ. പുതിയ മുതലാളിയുടെ നിര്‍ദേശമനുസരിച്ച് തൊഴിലാളികള്‍ പണി തുടര്‍ന്നു. അവിടെ നിന്നും മൂന്നടി കൂടി താഴത്തേക്കു കുഴിച്ചപ്പോള്‍ അവിടെ നിന്ന് വിലകൂടിയ മാംഗനീസ് ലഭിച്ചു. പാപ്പരായിപ്പോയിരുന്ന ആ വ്യക്തി നിമിഷം കൊണ്ട് മാംഗനീസ് ഖനിയുടെ മുതലാളിയായി മാറി. അവിടെ നിന്ന് വളര്‍ന്ന് അയാള്‍ ഒരു റെയില്‍വേ കമ്പനിയുടെ ഉടമസ്ഥന്‍ കൂടിയായി മാറി. മറ്റൊരര്‍ഥത്തില്‍ അയാളുടെ ജീവിതം വീണ്ടും പുതിയ രൂപത്തില്‍ തളിരിട്ടു. പ്രസ്തുത വ്യക്തി റീഡേഴ്‌സ് ഡൈജസ്റ്റില്‍ ഒരു ലേഖനമെഴുതിയിരുന്നു. അമേരിക്കയില്‍ നടന്ന ഈ സംഭവത്തെപ്പറ്റി ഞാനങ്ങിനെയാണ് വായിക്കാനിടയായത്. ആ ലേഖനത്തിന്റെ തലക്കെട്ട് വിജയത്തിന്റെയും പരാജയത്തിന്റെയും ഇടയിലുള്ള ദൂരം മൂന്നടിയാണ് എന്നതായിരുന്നു. ഈ മൂന്നടി കൂടി കുഴിക്കുവാനുള്ള നിരന്തര പ്രയത്‌നത്തിന്റെ മനസ് ആദ്യത്തെ മുതലാളിക്ക് ഇല്ലാതെ പോയതും വീണ്ടും താഴേക്ക് കുഴിക്കുവാനുള്ള മാനസിക ഭാവം കാട്ടിയതിനാല്‍ ഈ പുതിയ വ്യക്തിക്ക് ശ്രേയസെല്ലാം ലഭിക്കുകയും ചെയ്തു. ഇതാണ് കഥയുടെ സാരം.
അതിനാല്‍ നിരന്തരമായി പ്രയത്‌നിക്കുക എന്നത് നമ്മുടെ പ്രവര്‍ത്തനത്തിന്റെയും ശൈലിയായിരിക്കണം. ഇടയ്ക്ക് നിര്‍ത്തരുത്, ഇടയ്ക്ക് തളരരുത്. പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കണം. നാം പ്രവര്‍ത്തിക്കുന്നത് എല്ലാവര്‍ക്കും വേണ്ടിയാണ്. ഇതിലൊരു ഭേദഭാവനയും പാടില്ല. കഷ്ടപ്പെടുന്നവരെല്ലാവരും നമ്മുടേതാണ്, നമ്മുടെ സ്വന്തമാണ്. ഭാരതത്തില്‍ പുറത്തേക്കു കയറ്റിയയയ്ക്കുന്നതിനു പ്രതിബന്ധമുണ്ടായിരുന്ന മരുന്നുകള്‍ ഇപ്പോള്‍ നാം ആ പ്രതിബന്ധങ്ങളെ നീക്കി ലോകനന്മയ്ക്കായി കയറ്റിയയ്ക്കുവാന്‍ തീരുമാനിക്കുകയുണ്ടായി. ഒരുപക്ഷേ ഇതുകൊണ്ട് നമുക്ക് അല്‍പം വിഷമങ്ങള്‍ വന്നുകൂടിയാല്‍ പോലും നാം ലോകനന്മയ്ക്കായി ഔഷധങ്ങള്‍ അയയ്ക്കാന്‍ തയാറായി. ആര്‍ക്കാണോ ആവശ്യം അവര്‍ക്ക് നാം നല്‍കാന്‍ സന്നദ്ധരായി. കാരണം ഇതു നമ്മുടെ നാടിന്റെ സ്വഭാവമാണ്. നമ്മള്‍ മാനവസമൂഹത്തില്‍ വ്യത്യാസങ്ങള്‍ കാണുന്നില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒട്ടും പാടില്ലതാനും. എല്ലാവരും നമ്മളുടേതാണ്. ആരൊക്കെ വൈഷമ്യത്തിലാണോ ആര്‍ക്കെല്ലാം ആവശ്യകതയുണ്ടോ അവര്‍ക്കെല്ലാം നമുക്കുള്ളിടത്തോളം ശക്തി ഉപയോഗിച്ച് നാം സേവാകാര്യം ചെയ്യും. എന്നു മാത്രമല്ല നാം ഈ സേവനം ചെയ്യുമ്പോള്‍ നമ്മുടെ പേര് ലോകത്ത് പ്രചാരമാക്കുവാനല്ല ചെയ്യുന്നത്. അതിനാല്‍ ഈ പ്രവര്‍ത്തനത്തില്‍ വ്യാപൃതരായ എല്ലാവരെയും കൂട്ടിച്ചേര്‍ത്ത് അവരോടൊപ്പം നിന്ന് സാമൂഹിക ഭാവത്തോടുകൂടി നാം പ്രവര്‍ത്തിക്കേണ്ടതാണ്. ഈ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനം എന്റെ ജനങ്ങളാണ് എന്ന ചിന്തയും അവരോടുള്ള സ്‌നേഹവും പ്രേമവും- ഇതായിരിക്കണം പ്രേരണ. നമ്മുടെ പെരുമാറ്റത്തിലും ഈ സ്‌നേഹം തെളിഞ്ഞുനില്‍ക്കണം. എങ്കില്‍ പ്രവര്‍ത്തനം മികവുറ്റതാകും. ഇത് ഉപകാരം ചെയ്യലല്ല, സേവ മാത്രമാണ്. നമ്മുടെ ജനങ്ങള്‍ക്കുവേണ്ടിയുള്ള നമ്മുടെ കര്‍ത്തവ്യം. അതുകൊണ്ടുതന്നെ ഈ പ്രവര്‍ത്തനം ഉത്തമമാകണമെന്ന് നമുക്ക് നിര്‍ബന്ധം വേണം. ഹനുമാന്‍ സ്വാമി ചെയ്ത പ്രവര്‍ത്തനങ്ങളെ സ്തതിച്ചുകൊണ്ട് വാത്മീകി രാമായണത്തില്‍ ഒരു സന്ദര്‍ഭത്തില്‍ ദേവന്മാര്‍ പറഞ്ഞു. അവര്‍ സ്തുതിച്ചത് ഹനുമാന്റെ നാലു വിശിഷ്ട ഗുണങ്ങളെയായിരുന്നു- ധൃതി, ദൃഷ്ടി, മതി, ജാഗ്രത. നാം പ്രവര്‍ത്തിക്കുമ്പോഴും ഈ ഗുണങ്ങളെല്ലാം നിലനിര്‍ത്തണം. തുടര്‍ച്ചയായി പ്രവര്‍ത്തിക്കുമ്പോഴും ജാഗ്രത കൈവിടരുത്. രോഗം നമ്മെ ബാധിക്കരുത്. അതുകൊണ്ട് ആയുഷ് മന്ത്രാലയം പറഞ്ഞ കഷായം നാം ദിവസേന കുടിക്കണം. പുറത്തുപോകുമ്പോള്‍ മാസ്‌ക് ധരിക്കണം. തമ്മിലുള്ള അകലം പാലിക്കണം. കൈകള്‍ ശുദ്ധമായി കഴുകണം. പൊതു ശുചിത്വം പാലിക്കണം. ഇവയെല്ലാം നമ്മളും സ്വയം നടപ്പിലാക്കണം. എങ്കിലെ നമുക്ക് സേവനം ചെയ്യാന്‍തക്ക പ്രാപ്തിയുണ്ടാവൂ. നമ്മുടെ സഹായം യഥാര്‍ഥത്തില്‍ ആവശ്യമുള്ളവരുടെ സമീപം വരെ എത്തണം. അനര്‍ഹര്‍ അനര്‍ഹമായത് നേടാനും ഇടവരരുത്. അതിനാല്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഇവയെല്ലാം ശ്രദ്ധിക്കണം. ബുദ്ധിപൂര്‍വം എല്ലാവര്‍ക്കും വേണ്ടി നല്‍കപ്പെടുന്ന സൂചനകള്‍ അതനുസരിച്ച് നാം നടപ്പിലാക്കണം. എങ്കില്‍ ചിലയിടങ്ങളില്‍ വിശേഷമായ സഹായങ്ങള്‍ നല്‍കേണ്ടി വന്നേക്കാം. അതിനായി അവിടങ്ങളില്‍ കൂടുതല്‍ പ്രയത്‌നവും ആവശ്യമായി വരാം. പൊതുസമൂഹത്തില്‍ അച്ചടക്കഭംഗം സംഭവിക്കാതെ ആവശ്യമുള്ളവര്‍ക്കെല്ലാവര്‍ക്കും സഹായങ്ങള്‍ കിട്ടുവാനുള്ള ബുദ്ധി നാം കാണിക്കേണ്ടി വരും.
നമ്മുടെ കാഴ്ചപ്പാടെന്തായിരിക്കണം? ഈ പറയുന്ന കാര്യങ്ങളും ശീലിപ്പിക്കുന്ന കാര്യങ്ങളും ജനങ്ങളുടെ സ്വഭാവമായി മാറണം. ശീലം വ്യവസ്ഥാപിതമാണെങ്കില്‍ ഇത്തരം രോഗങ്ങള്‍ പടരാതെയും ഇരിക്കും. ഇപ്പോഴുണ്ടായ ദുരനുഭവങ്ങള്‍ കൊണ്ട് ജനങ്ങള്‍ മാനസികമായി ഈ പുതിയ ശീലങ്ങളിലേക്ക് മാറുവാനും പാകമായിട്ടുണ്ട്. ഇതിനിടയിലുണ്ടാകുന്ന നല്ല നല്ല അനുഭവങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുകയും വേണം. ഇപ്പോഴത്തെ പ്രവര്‍ത്തനം കേവലം ഒരു പരിപാടിയല്ല, ജനങ്ങളുടെ ജീവിതത്തെ സുരക്ഷിതമാക്കി കൊണ്ടുപോകാനുള്ള സന്ദര്‍ഭമാണിത്. നമ്മുടെ പവിത്ര സമാജത്തെ സംരക്ഷിച്ച് സര്‍വാംഗികമായ ഉന്നതിയിലേക്ക് ആനയിക്കുമെന്ന നമ്മുടെ പ്രതിജ്ഞയുടെ പ്രായോഗിക പാലനം തന്നെയാണ് ഈ പ്രവര്‍ത്തനം. ഈ കാഴ്ചപ്പാടോടുകൂടി ധൈര്യപൂര്‍വം നാം പ്രവര്‍ത്തിക്കണം. എത്ര ദീര്‍ഘകാലം പ്രവര്‍ത്തിക്കേണ്ടി വന്നാലും ഈ മഹാമാരിയെ പൂര്‍ണമായും നിഷ്‌കാസനം ചെയ്യുന്നതുവരെ നാം തുടര്‍ച്ചയായി പ്രവര്‍ത്തിക്കണം. ഇങ്ങിനെ നിരന്തരമായി പ്രവര്‍ത്തിക്കാന്‍ ഹനുമാന്‍ ജിയുടെ ഗുണങ്ങള്‍ നമുക്കാവശ്യമാണ്. വിദുരനീതിയില്‍ ഒരു കാര്യം പറഞ്ഞിട്ടുണ്ട്. വിജയം ആഗ്രഹിക്കുന്ന വ്യക്തി ആറു ദോഷങ്ങളില്‍ നിന്ന് വിമുക്തമാകണമെന്നാണ് ഉപദേശം. ആ ദോഷങ്ങള്‍ നിദ്ര, ശ്രദ്ധക്കുറവ് (തന്ത്രം), ഭയം, ക്രോധം, ആലസ്യം, ദീര്‍ഘസൂത്രത എന്നിവയാണ്. ഏതൊരു വ്യക്തിക്കാണോ വിജയം നേടേണ്ടത്, ഇച്ഛിച്ചതു മുഴുവന്‍ നേടേണ്ടത്, അങ്ങിനെയുള്ള വ്യക്തി ഈ ആറു ദോഷങ്ങളേയും നശിപ്പിക്കേണ്ടി വരും. മടിയും ചെയ്യേണ്ട കാര്യങ്ങള്‍ നീട്ടിവയ്ക്കലും ഒരിക്കലും പ്രവര്‍ത്തനത്തിന് സഹായകരമല്ല. പ്രവര്‍ത്തിക്കുവാനുള്ള തത്പരതയാണ് വിജയത്തിന്റെ ആധാരം. ഭാരതത്തില്‍ ഈ രോഗപ്രതിരോധ പ്രവര്‍ത്തനം ഒട്ടാകെ നന്നായി നടക്കുകയാണ്. ഇതില്‍ ഒന്നാമതായി ഭരണാധികാരികളുടെ താത്പര്യവും രണ്ടാമതായി സമാജത്തിന്റെ ഒരു വലിയ വിഭാഗത്തിന്റെ മാനസിക സന്നദ്ധതയുമാണ് വിജയത്തിന്റെ ആധാരം. ആരും അലസതയോടുകൂടി പെരുമാറിയില്ല. ചെയ്യേണ്ട കാര്യങ്ങള്‍ നീട്ടിവച്ചില്ല. ഇതു നാം മനസിലാക്കണം. ഈ സദ്ഗുണങ്ങള്‍ നാം ഇനിയും പ്രവര്‍ത്തനത്തില്‍ നിലനിര്‍ത്തണം. നിദ്ര, ശ്രദ്ധക്കുറവ് എന്നിവ പ്രവര്‍ത്തനത്തെ പിറകോട്ട് വലിക്കും. വളരെ ശ്രദ്ധിച്ച് ജാഗ്രതയോടെ ഓരോ പദവും മുന്നോട്ട് വയ്‌ക്കേണ്ടിയിരിക്കുന്നു. ഭയത്തെയും ദേഷ്യത്തെയും മാറ്റിവയ്‌ക്കേണ്ടി വരും. ജനങ്ങള്‍ എന്നെയും ക്വാറന്റൈനില്‍ ഇടുമല്ലോ എന്ന ഭയത്തോടുകൂടി പെരുമാറുന്നുണ്ട്. അതിനാല്‍ രോഗം ഒളിച്ചുവയ്ക്കാനും ശ്രമിച്ചേക്കാം. പലപ്പോഴും നിയമങ്ങളുടെ നിയന്ത്രണം തങ്ങളെ വരിഞ്ഞുകെട്ടിയിരിക്കുന്ന തടസമാണ് എന്ന് ജനങ്ങള്‍ ചിന്തിച്ചേക്കാം.
സംഘം മാര്‍ച്ച് മാസത്തില്‍ തന്നെ ജൂണ്‍ അവസാനം വരെയുള്ള എല്ലാ പരിപാടികളും റദ്ദ് ചെയ്തിട്ടുണ്ട്. എങ്കിലും ഈ സന്ദര്‍ഭത്തില്‍ ചിലര്‍ക്കെങ്കിലും സര്‍ക്കാര്‍ ഞങ്ങളുടെ എല്ലാ പരിപാടികളും തടസപ്പെടുത്തുകയാണെന്നു തോന്നിയേക്കാം. ഇങ്ങിനെ പറഞ്ഞുപരത്തുന്നവരും നമ്മുടെ നാട്ടില്‍ കുറവല്ല. ഇതുകാരണം ചിലര്‍ക്ക് ദേഷ്യവും ഉണ്ടായേക്കാം. അവിവേകം കൊണ്ടാണ് ഈ വിരോധം ഉണ്ടാകുന്നത്. അവിവേകികളായാല്‍ പല അക്രമങ്ങളും നടത്തിയേക്കാം. ഇത്തരം പ്രതിസന്ധികളിലൂടെ ലാഭം നേടാന്‍ ശ്രമിക്കുന്ന ചില ശക്തികളും പ്രവര്‍ത്തിക്കുന്നുണ്ടാകാം. നമ്മുടെ നാട്ടില്‍ ഈ കൊറോണ മഹാമാരി വ്യാപകമാകുന്നതിന് വിവേക ശൂന്യരായ ചിലരുടെ പ്രവര്‍ത്തനവും കാരണമായിട്ടുണ്ടാകാം. പക്ഷേ നാം രണ്ടു കാര്യം ശ്രദ്ധയില്‍ വയ്ക്കണം. നാം പാലിക്കേണ്ട എല്ലാ കാര്യങ്ങളും ഭാവാത്മക മനസോടുകൂടി പാലിക്കണം. ക്രോധം മനസില്‍ വയ്ക്കരുത്, ഭയം മനസിലുണ്ടാകരുത്. രണ്ടാമതായി ഭയം കൊണ്ടോ വിരോധം കൊണ്ടോ ആരെങ്കിലും തെറ്റായ കാര്യങ്ങള്‍ ചെയ്യുന്നുണ്ടെങ്കില്‍ ആ തെറ്റ് ഒരു സമൂഹത്തെ മുഴുവന്‍ അളക്കുന്ന അളവുകോലാക്കി മാറ്റി ആ സമൂഹത്തോട് മുഴുവന്‍ പെരുമാറുന്നത് ശരിയല്ല. എല്ലാവരുടെ ഇടയിലും ചിലര്‍ തെറ്റ് ചെയ്യുന്നവരുണ്ടാകാം. എങ്കിലും അവരോട് ഇടപഴകുമ്പോഴും നമ്മുടെ നിലപാട് നാടിന്റെ നന്മയ്ക്കായി സഹകരിച്ച് ഒരിക്കലും വിരോധം വയ്ക്കാതെ പ്രവര്‍ത്തിക്കണം എന്നതായിരിക്കണം. മനസില്‍ അതു ശരിയാണോ ഇതു ശരിയാണോ എന്നൊക്കെ തോന്നിയേക്കാം. ഈ സാഹചര്യങ്ങളെ മുതലെടുത്ത് ദ്വേഷവും വിരോധവും ആളിക്കത്തിക്കുന്നവരും ഉണ്ടാകാം. അത്തരം ആള്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. തങ്ങളുടെ സ്വാര്‍ഥതയ്ക്ക് വശംവദരായി ഭാരതത്തെ തന്നെ കഷ്ണങ്ങളാക്കുവാന്‍ ചിന്തിക്കുന്നവര്‍ കാരണം അനവധി പേര്‍ വഴിതെറ്റി പോയേക്കാം. രാഷ്ട്രീയതാത്പര്യങ്ങളും ഇടയില്‍ കയറി വരുമായിരിക്കാം. ഇതില്‍ നിന്ന് നാം അകന്ന് നില്‍ക്കണം. നമ്മുടെ പ്രവര്‍ത്തനം ഇത്തരം ശക്തികളാല്‍ സ്വാധീനിക്കപ്പെടരുത്. ഇവിടെ കരുത്തും ജാഗ്രതയും ആവശ്യമാണ്. ഇത്തരം കുഴപ്പങ്ങള്‍ കാണിക്കുന്നവരോട് പ്രതിക്രിയ ഭാവത്തില്‍ എന്തെങ്കിലും പ്രവര്‍ത്തിക്കണം എന്ന വിചാരം നമ്മുടെ മനസിലുണ്ടാകരുത്. ഭാരതത്തിലെ 130 കോടി വരുന്ന സമാജവും ഭാരതമാതാവിന്റെ പുത്രരരാണ്. അതുകൊണ്ടുതന്നെ അവര്‍ നമ്മുടെ ബാന്ധവരുമാണ്. ഇതു നല്ലപോലെ മനസിലുറപ്പിക്കണം. നാട്ടില്‍ ഭയവും ക്രോധവും വളരുന്ന ഒരു പ്രവര്‍ത്തികളിലും നമ്മുടെ ജനങ്ങള്‍ ഭാഗഭാക്കാവാന്‍ പാടില്ല. ഇതു നാം ഉറപ്പുവരുത്തണം. നമ്മുടെ ഭാരതത്തിലുള്ള എല്ലാവരെയും മാനസികമായി വിഷമിപ്പിച്ചുകൊണ്ട് അതിശയിപ്പിച്ചുകൊണ്ട് രണ്ടു സന്യാസിമാരുടെ വധം അടുത്ത് മഹാരാഷ്ട്രയിലുണ്ടായി. ഇപ്പോള്‍ ഇതിനെപ്പറ്റി പല ചര്‍ച്ചകളും നടക്കുകയാണ്. യഥാര്‍ഥത്തില്‍ ഇത്തരമൊരു ദുഷ്പ്രവര്‍ത്തി ഉണ്ടാകാന്‍ പാടുണ്ടായിരുന്നോ? നിയമത്തെ ജനക്കൂട്ടം കൈയിലെടുക്കാന്‍ പാടുണ്ടായിരുന്നോ? അഥവാ അങ്ങിനെ സംഭവിച്ചാലും പോലീസ് എന്തുചെയ്യണമായിരുന്നു? ഇതെല്ലാം ചിന്തിക്കേണ്ട കാര്യങ്ങളാണ്. ഈ ദുഃഖത്തിന്റെ പരിതസ്ഥിതിയില്‍ നമ്മുടെ മനസില്‍ അതുശരിയാണോ, ഇതുശരിയാണോ എന്നൊക്കെ ഉയര്‍ന്നുവന്നേക്കാം. അത് സ്വാഭാവികമാണ്. പക്ഷേ ഈ വ്യാകുല ചിന്തകളുടെ പിടിയില്‍പ്പെട്ട് പ്രതിക്രിയകളുടെ വേലിയേറ്റമുണ്ടാക്കി പ്രശ്‌നങ്ങള്‍ വഷളാകാതെ ഭാവാത്മക മനസോടുകൂടി ഈ കഠിന പരിതസ്ഥിതിയിലും നാം മുന്നോട്ടു നീങ്ങണം.
ഭയവും ക്രോധവും രണ്ടും ദോഷമാണ്. അതിനെ നാം അതിക്രമിക്കണം. ആ ആരാധ്യരായ സന്യാസിമാരെ നിര്‍ദയം അടിച്ചുകൊന്നു. യഥാര്‍ഥത്തില്‍ ഈ ശ്രേഷ്ഠ സന്യാസിമാര്‍ ആരോടും ഒരു അപരാധവും ചെയ്തിരുന്നില്ല. അവര്‍ പവിത്രമായ ഒരു ധര്‍മത്തെ പിന്തുടരുന്നവരും അതിനെ സമൂഹത്തില്‍ പ്രചരിപ്പിക്കുന്നവരുമായിരുന്നു. മാനവസമൂഹത്തിനു തന്നെ ഉപകാരികളായിരുന്നു. അത്തരം ശ്രേഷ്ഠരരുടെ വിയോഗത്തിലുള്ള ദുഃഖം നമ്മുടെ എല്ലാം മനസിലുണ്ട്. ഈ വരുന്ന 28-ാം തീയതി അവര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിക്കുവാന്‍ ഹിന്ദു ധര്‍മ ആചാര്യ സഭ ആഹ്വാനം ചെയ്തിട്ടുമുണ്ട്. വിശ്വഹിന്ദു പരിഷത്തും ചില പരിപാടികള്‍ നല്‍കിയിട്ടുണ്ട്. നാം ഈ പരിപാടികളെ എല്ലാം പാലിക്കണം. ഇവരുടെ ഓര്‍മ്മയ്ക്കു മുന്‍പില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചുകൊണ്ട് ഞാന്‍ വിഷയത്തില്‍ മുന്നോട്ടു പോവുകയാണ്. നാം ധൈര്യം അവലംബിച്ചുകൊണ്ട് ഈ രോഗത്തെ നിഷ്‌കാസനം ചെയ്യുന്നതുവരെ പ്രവര്‍ത്തിക്കണം. രോഗം തീര്‍ന്നാല്‍ ലോക്ക് ഡൗണ്‍ നീങ്ങിയേക്കാം. എങ്കിലും ഈ സമയത്ത് വന്നുചേര്‍ന്ന താളംതെറ്റലുകള്‍ നേരെയാക്കാന്‍ അല്‍പം സമയം എടുത്തേക്കാം. നാമിതിനിടയില്‍ കണ്ടു- നിയന്ത്രണങ്ങള്‍ അല്‍പം നീക്കിയപ്പോള്‍ പൊതുസ്ഥലങ്ങളിലുണ്ടായ തിരക്ക്. നിയമപാലകര്‍ക്ക് അവരെ ബലം പ്രയോഗിച്ചു പിരിച്ചുവിടേണ്ടി വന്നു. സമാജത്തില്‍ ഇങ്ങിനെ വിവേകരഹിതമായി പെരുമാറുന്നവരുണ്ടായേക്കാം. ഈ സന്ദര്‍ഭത്തില്‍ സമാജത്തിലെ വ്യക്തികള്‍ക്ക് വഴി കാണിച്ചുകൊടുക്കുന്നവരുടെ ആവശ്യമുണ്ട്. ഇനി വിദ്യാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കും. അവിടെയും വ്യക്തികള്‍ തമ്മിലുള്ള അകലം പാലിക്കണം. കുറച്ചു കാലത്തേക്ക് ഇതിനെന്തെല്ലാം വേണ്ടിവരും എന്നും നാം സമാജത്തോട് പറയേണ്ടി വരും. സമാജത്തിലുള്ളവരെ കൂട്ടിയിരുത്തി ചിന്തിക്കേണ്ടിയും വരും. വിദ്യാലയത്തിലും വിദ്യാലയത്തിന്റെ പരിസരത്തും ചെറിയ ചെറിയ സംഖ്യയില്‍ ക്ലാസ് നടത്താന്‍ സാധിക്കുമോ, ഇ- ക്ലാസുകള്‍ നടത്താന്‍ സാധിക്കുമോ. വിദ്യാലയം ആരംഭിച്ചാലും സാമൂഹിക അകലം പാലിക്കേണ്ടി വരും. കച്ചവട ചന്തകളില്‍ ഈ നിയമം പാലിക്കേണ്ടി വരും. ഫാക്ടറികള്‍ തുറന്നു പ്രവര്‍ത്തിക്കുമ്പോഴും ഇതേ നിയമങ്ങള്‍ പാലിക്കേണ്ടി വരും. അച്ചടക്കമെന്നത് ആവശ്യമായിത്തന്നെ വരും. ഇതിനെപ്പറ്റി നാം ആഴത്തില്‍ ചിന്തിക്കണം. ഒരുപക്ഷേ സഹായസാമഗ്രികള്‍ എത്തിക്കേണ്ട ആവശ്യം അപ്പോള്‍ കുറഞ്ഞെന്നും വരാം. മുഖ്യമായത് മാറിപ്പോയ ഈ മഹാമാരി വീണ്ടും തിരിച്ചുവരാന്‍ അവസരമുണ്ടാകാതെ സമൂഹത്തിന് വഴികാട്ടണം. ഇവയെല്ലാം നടക്കണമെങ്കില്‍ സമൂഹത്തില്‍ സദ്ഭാവന, സദാചാരം, സഹയോഗം ഇതിന്റെ അന്തരീക്ഷം ഉണ്ടാക്കേണ്ടി വരും. സമൂഹത്തില്‍ പ്രമുഖരായ വ്യക്തികളെ ചേര്‍ത്ത് അവരാല്‍ ഇത് നടപ്പിലാക്കിക്കേണ്ടി വരും. എല്ലാവരും സ്വയം അച്ചടക്കം പാലിച്ചുകൊണ്ട് മറ്റുള്ളവര്‍ക്ക് മാതൃകയായി ജീവിക്കേണ്ടി വരും. ഇതിന് പ്രമുഖ വ്യക്തികളുമായി നാം ചര്‍ച്ചകള്‍ നടത്തണം. ജനങ്ങളുടെ പ്രതിരോധ ശക്തി വര്‍ധിപ്പിക്കാന്‍ ആവശ്യമായ അഭിപ്രായങ്ങളും നാം നല്‍കേണ്ടി വരും. ഇതിനാവശ്യമായ ആയുര്‍വേദ മരുന്നുകള്‍, യോഗ, വ്യായാമം, പ്രാണായാമം ഇവയെല്ലാം നമ്മുടെ ആരോഗ്യമന്ത്രാലയത്തിന്റെ കൂടി സഹായത്തോടുകൂടി നാം നടപ്പിലാക്കണം.
ഇതില്‍ പ്രധാനം കുടുംബങ്ങളില്‍ നിത്യവും പ്രതിരോധം വര്‍ധിപ്പിക്കത്തക്കവണ്ണമുള്ള ചില ശീലങ്ങള്‍ നാം വളര്‍ത്തിയെടുക്കണം. കുടുംബങ്ങളിലൊരു സംസ്‌കാരത്തിന്റെ അന്തരീക്ഷം വളരണം. ശാന്തമനസോടുകൂടി ഭയവും വേവലാതിയുമില്ലാതെ ഇവയെല്ലാം ചെയ്യേണ്ടി വരും. കുടുംബങ്ങളില്‍ ഈ സംസ്‌കാരം വളര്‍ന്നാല്‍ അത് സമൂഹത്തിലും പ്രതിഫലിക്കും. ഇതിനായി നാം ഉദ്യമിക്കണം. നമ്മള്‍ സ്വയം ഉദാഹരണമായി തീരേണ്ടി വരും. നമ്മുടെ കുടുംബങ്ങളും മാതൃകകളാകണം. ഈ സന്ദര്‍ഭത്തില്‍ സേവനകാര്യത്തില്‍ എല്ലാവരുടെയും സഹകരണം തേടി എല്ലാവരെയും ഒന്നിച്ചു ചേര്‍ക്കുവാന്‍ പറ്റിയ അവസരമാണ്. ലോകത്തിലാകമാനം ഭീകരമായൊരു രോഗം ഒന്നിച്ചു കടന്നുവന്നു എന്നുള്ളത് നമ്മുടെയെല്ലാം അനുഭവത്തില്‍ ആദ്യമാണ്. വലിയ പ്രതിസന്ധിയാണെങ്കിലും നാം അതിനെതിരെ യുദ്ധം ചെയ്തുകൊണ്ടിരിക്കുകയാണ്. മറ്റൊരുവശത്ത് ഈ കഷ്ടകാലം നമുക്ക് പല പാഠങ്ങളും നല്‍കുന്നുമുണ്ട്. അടുത്തിടെ നമ്മുടെ പ്രധാനമന്ത്രി പഞ്ചായത്ത് ഭരണാധികാരികളോട് സംസാരിക്കുമ്പോള്‍ ഈ കഷ്ടകാലങ്ങള്‍ നമ്മെ സ്വാവലംബനത്തിന്റെ പാഠം പഠിപ്പിച്ചു എന്ന് ചൂണ്ടിക്കാണിക്കുകയുണ്ടായി. ഈ കഷ്ടത്തിന്റെ കാലം നീങ്ങിയാല്‍ അതില്‍ പ്രഭാവിതമായി കുഴഞ്ഞുമറിഞ്ഞ സാമൂഹ്യ ജീവിതത്തെ നാം നേരെയാക്കുക തന്നെ ചെയ്യും. അതിനോടൊപ്പം ഈ അനുഭവങ്ങളില്‍ നിന്ന് ചില സത്യങ്ങളും ചില പാഠങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. അതിന്റെ പാഠം പഠിച്ചുകൊണ്ട് ജീവിതത്തെ പുനര്‍രചിക്കുക എന്നുള്ളത് നമ്മുടെ ഒരു വലിയ കര്‍ത്തവ്യമാണ്. ഒരര്‍ഥത്തില്‍ നാം നടത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രപുനര്‍നിര്‍മാണ് പ്രവര്‍ത്തനത്തിന്റെ ഒരു അടുത്ത ഘട്ടമാണ് ഇനി വരാന്‍ പോകുന്നത്. അത് ഫലപ്രദമായി നടപ്പിലാക്കണം. ഇപ്പോള്‍ പട്ടണങ്ങളില്‍ നിന്ന് അനവധി പേര്‍ അവരവരുടെ ഗ്രാമങ്ങളിലേക്ക് തിരിച്ചുപോയിട്ടുണ്ട്. പോയവരെല്ലാവരും തിരിച്ചുവരുമോ? ഇനി ഗ്രാമങ്ങളില്‍ തന്നെ നില്‍ക്കാന്‍ തീരുമാനിക്കുന്നവര്‍ക്ക് അവരുടെ ജീവസന്ധാരണത്തിന് എന്തായിരിക്കും വ്യവസ്ഥ? തിരിച്ച് പട്ടണത്തിലേക്ക് വരുന്നവര്‍ക്ക് ജോലി നല്‍കുന്നതിന് മുതലാളിമാര്‍ക്ക് ക്ഷമതയുണ്ടാകുമോ? കാരണം അവരുടെയും സ്ഥിതി കീഴ്‌മേല്‍ മറിഞ്ഞിരിക്കുകയാണ്. ഈ പരിതസ്ഥിതിയില്‍ വരുന്നവര്‍ക്ക് ജോലി ലഭിക്കാനും ലഭ്യമാകുന്ന സീമിതമായ സാധനങ്ങള്‍ കൊണ്ട് ജീവന്‍ മുന്നോട്ടു പോകുവാനും പലരും പലതും ഉപേക്ഷിക്കേണ്ടി വരും. ഇതിന് മാനസികമായ ഒരു തയാറെടുപ്പ് ആവശ്യമായി വരും. ഇതിനുവേണ്ട ഉപദേശങ്ങള്‍ നല്‍കേണ്ടതായി വരും. ഈ ആപത്തുകാലത്ത് സ്വാവലംബനം എന്ന സന്ദേശമാണ് നമുക്ക് ലഭിച്ചതെങ്കില്‍ ആ സന്ദേശത്തിലെ യഥാര്‍ഥമായ ‘സ്വ’ എന്തായിരിക്കും. അങ്ങിനെ ‘സ്വ’ ആധാരിതമായ ഒരു കര്‍മപരിപാടി നാം പിന്തുടരേണ്ടി വരും. കുറഞ്ഞ ഊര്‍ജം ചിലവാവുന്ന മനുഷ്യ കരങ്ങള്‍ക്ക് ജോലി നല്‍കുന്ന പ്രകൃതിയെ നശിപ്പിക്കാത്ത ഒരു ചിന്താപദ്ധതി നമ്മുടെ കൈയിലേ ഉള്ളൂ. അതിന്റെ അടിസ്ഥാനത്തില്‍ യുഗാനുകൂലമായ ഒരു പുനര്‍നിര്‍വചനം നമ്മുടെ സാമ്പത്തിക നയങ്ങളിലും വികസന നയങ്ങളിലും നമ്മുടെ വ്യവസായ നയങ്ങളിലും നമുക്ക് സ്വീകരിക്കേണ്ടി വരും.
ആധുനിക ശാസ്ത്രത്തെ കണക്കിലെടുത്തുകൊണ്ട് പഴയകാലം മുതല്‍ നിലനിന്നിരുന്ന മൂല്യങ്ങളെ കൈമോശം വരുത്താതെ ഈ സന്ദര്‍ഭത്തിനനുസരിച്ച് ഇന്നുവന്ന പ്രതിസന്ധികളെ നാം വിലയിരുത്തണം. പരമ്പരയായി കിട്ടിയ മൂല്യങ്ങള്‍ കൈമോശം വരാതെ ആധുനിക ആവശ്യങ്ങളെ കണക്കിലെടുത്ത് ആധുനിക ശാസ്ത്രത്തിന്റെ സഹായത്തോടുകൂടി ചിന്തിച്ച് രൂപപ്പെടുത്തേണ്ടി വരും. ഭരണകര്‍ത്താക്കളും ഇത് ആഴത്തില്‍ ചിന്തിക്കണം. ഇത്തരുണത്തില്‍ ഭരണകര്‍ത്താക്കളും സമാജവും ഒന്നുചേര്‍ന്ന് ഈ ‘സ്വ’യുടെ ആധാരത്തില്‍ മുന്നോട്ടു പോകണം. നമ്മുടെ നാട്ടിലുണ്ടാക്കുന്ന വസ്തുക്കള്‍ എത്രമാത്രം സംഭവ്യമാണോ അത്രയും നാം ഉപയോഗിക്കണം. ഉപഭോഗത്തിന്റെ വലിപ്പവും കുറയ്ക്കണം. കുറഞ്ഞ ഉപഭോഗത്തില്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകണം. ഇങ്ങിനെ പലതും നമ്മുടെ നിത്യജീവിതത്തില്‍ നടപ്പിലാക്കേണ്ടി വരും. വ്യക്തിജീവിതത്തിന്റെ ആചരണത്തിലും കുടുംബജീവിതത്തിന്റെ ആചരണത്തിലും സ്വദേശി ചിന്തകള്‍ക്ക് ഉത്കൃഷ്ടമായ സ്ഥാനം ലഭിക്കണം. വ്യവസായികള്‍, ഉത്പാദകര്‍ ഇവരെല്ലാവരും ഈ വഴിയെ ചിന്തിക്കണം. സമാജവും സ്വദേശി ആശയത്തില്‍ ദൃഢമായി നില്‍ക്കണം. വിദേശങ്ങളുടെ മുകളില്‍ അവലംബിതമായി നില്‍ക്കരുത്. ഇപ്പോള്‍ പുറത്തിറങ്ങി നോക്കുന്നവര്‍ക്ക് വളരെ ശുദ്ധമായ നദി ഒഴുകുന്നത് കാണാന്‍ കഴിയും. വായുവിന്റെ ശുദ്ധത നാമെല്ലാവരും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. മൊത്തത്തില്‍ പ്രകൃതി വളരെയധികം ശുദ്ധമായിട്ടുണ്ട്. കാരണമെന്താണ്- പ്രകൃതിക്ക് ദോഷകരമായ ചില പ്രവര്‍ത്തികള്‍ ഈ നിയന്ത്രണകാലത്ത് നടക്കാതിരുന്നു എന്നതുതന്നെയാണ്. ഇനി വീണ്ടും നാം സാധാരണ ജീവിതത്തിലേക്ക് മടങ്ങിപ്പോകുമ്പോള്‍ പ്രകൃതിയെ ദ്രോഹിക്കുന്ന കാര്യങ്ങള്‍ എങ്ങിനെ പരമാവധി കുറയ്ക്കാന്‍ സാധിക്കും, അതില്ലാതെ മുന്നോട്ടു പോകാന്‍ സാധിക്കില്ലെന്നുണ്ടോ എന്നും നാം ചിന്തിക്കണം. ജലത്തിന്റെ ഉപയോഗം വേണ്ട രീതിയില്‍ നടത്തണം. ജലസംരക്ഷണം, ജലലഭ്യതയുടെ വര്‍ധനവ് ഇവയെല്ലാം നടപ്പിലാക്കണം.
വൃക്ഷങ്ങള്‍ വര്‍ധിപ്പിക്കണം, ഉള്ളത് സംരക്ഷിക്കണം. ഒരു പ്ലാസ്റ്റിക് മുക്ത ജീവിതശൈലി ശീലിക്കണം. ഇങ്ങിനെ ശുചിത്വമായ ഒരു ജീവിതശൈലി നാം ഇനി പാലിക്കേണ്ടതുണ്ട്. ജൈവിക രീതിയില്‍ കൃഷി ചെയ്ത് ഗോ ആധാരിത കൃഷി രീതിയിലേക്ക് നമുക്ക് ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുമോ, അത് നാം പരിശീലിക്കണം. ഇതിന് മുഴുവന്‍ സമാജത്തിന്റെയും മനസ് തയാറാകണം. ഭരണകര്‍ത്താക്കളുടെ നയങ്ങളും ആ രൂപത്തില്‍ ആയിത്തീരണം. സമാജത്തിലാകമാനം ഈ നന്മയിലേക്കുള്ള സഞ്ചാരം ഉണ്ടായാലേ സദ്പരിണാമങ്ങള്‍ ദൃശ്യമാവുകയുള്ളൂ. അതിനാല്‍ ഈ സംസ്‌കാരങ്ങളുടെ ആചരണം കുടുംബങ്ങളില്‍ നിന്നുതന്നെ ആരംഭിക്കണം. കുറെക്കാലങ്ങളായി നടന്നിരുന്ന ഓട്ടവും ചാട്ടവും നിന്ന് നാം കുടുംബങ്ങളില്‍ തന്നെ വസിച്ചപ്പോള്‍ ആ കുടുംബാംഗങ്ങളുടെ ഇടയിലുള്ള ജീവിതാനുഭവം അനവധി പേര്‍ക്ക് ലഭിച്ചു. നമുക്കും വീട്ടിലുള്ള എല്ലാവര്‍ക്കും ഇത് നല്ല അനുഭവമായിരുന്നു. തീര്‍ച്ചയായും ഇത് നല്ല പരിണാമങ്ങളും ഉണ്ടാക്കിയിട്ടുണ്ടാകും. പരസ്പര സംഭാഷണം, പരസ്പരം മനസിലാക്കല്‍ മറ്റുള്ളവര്‍ക്ക് വേണ്ടി സ്വയം ത്യാഗം ചെയ്യല്‍- ഈ പാഠമെല്ലാം എല്ലാവരും പഠിച്ചുകാണും. തുടര്‍ന്നും ഈ അനുഭവങ്ങളുടെ ആധാരത്തില്‍ കുടുംബങ്ങളിലെ വ്യവഹാരം എങ്ങിനെയായിരിക്കണമെന്ന് നാം കുടുംബാംഗങ്ങളുമായി ചര്‍ച്ച ചെയ്യണം. ഈ ചര്‍ച്ച കുടുംബത്തോളം സീമിതമായാല്‍ പോരാ. സമാജം നമ്മുടെ വിശാല കുടുംബമാണ്. അതിനാല്‍ ചിന്താശീലരായ ജനങ്ങള്‍ക്കിടയിലും സമൂഹത്തിന് നേതൃത്വം കൊടുക്കുന്ന ജനങ്ങള്‍ക്കിടയിലും ഈ വിധ ആശയങ്ങളുടെ ചര്‍ച്ച പ്രബലമാകണം. സംസ്‌കാരത്തെ നിരന്തരമായി ഒഴുക്കുവാനുള്ള വ്യക്തിഗതവും സാമൂഹുകപരവുമായ പരിശ്രമം എന്തൊക്കെയെന്ന് നാം കൂട്ടായി ചിന്തിക്കേണ്ടി വരും. പൗരന്മാര്‍ പാലിക്കേണ്ട അച്ചടക്കങ്ങളെപ്പറ്റിയും എല്ലാവരും താത്പര്യമുള്ളവരാകണം. ഇത്തരം അച്ചടക്കം പാലിച്ച ഇടങ്ങളിലെല്ലാം കൊറോണയുടെ ആക്രമണം കുറവാണ്. ഇത്തരം പൗര അനുശാസനം ശീലിക്കാത്തിടങ്ങളില്‍ കുഴപ്പങ്ങളുണ്ടാവുകയും അവിടെ വിഷമങ്ങള്‍ സംജാതമാവുകയും ചെയ്ത ചില പ്രദേശങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. അതിനാല്‍ ഈ പൗര അച്ചടക്കം അത്യന്തം പ്രധാനപ്പെട്ടതാണ്.
ഭഗിനി നിവേദിത പറഞ്ഞിട്ടുണ്ട്- ഒരു സ്വതന്ത്ര രാജ്യത്ത് എല്ലാ പൗരന്മാരും സ്വയം അച്ചടക്കം പാലിക്കുന്നു എന്നതാണ് ആ നാടിന്റെ പൗരബോധത്തിന്റെ ഔന്നത്യത്തിന്റെ അളവുകോല്‍. മഹാനായ ഡോ. അംബേദ്കറും ഭരണഘടന നല്‍കിക്കൊണ്ട് സഭയില്‍ നടത്തിയ പ്രസംഗത്തില്‍ പൗരന്മാര്‍ നിയമത്തെ നിശിതമായി പാലിക്കേണ്ടത് അത്യന്തം ആവശ്യമാണെന്ന് ഉദ്‌ബോധിപ്പിച്ചിട്ടുണ്ട്. നാം ഈ ശീലത്തെ പ്രബലമായി പാലിക്കേണ്ടിയിരിക്കുന്നു. ഇതുപോലെ സമൂഹത്തില്‍ സദ്ഭാവനയുടെ അന്തരീക്ഷം സഹയോഗത്തിന്റെ അന്തരീക്ഷം, ശാന്തിയുടേതായ അന്തരീക്ഷം എല്ലാം നിര്‍മിക്കേണ്ടി വരും. ഭരണകര്‍ത്താക്കള്‍ സംസ്‌കാരത്തിലൂന്നിയ ഒരു വിദ്യാഭ്യാസ രീതി വേഗത്തില്‍ തന്നെ കൊണ്ടുവരുമെന്നു പ്രതീക്ഷിക്കാം, കൊണ്ടുവരേണ്ടി വരികയും ചെയ്യും. എങ്കില്‍ മാത്രമേ വിദ്യാഭ്യാസ ദര്‍ശനം, ഭരണകര്‍ത്താക്കളുടെ ഇച്ഛ, സമാജത്തിന്റെ സദ് മനോഭാവം ഇവ മൂന്നും ചേര്‍ന്ന് പരിവര്‍ത്തനങ്ങള്‍ ഉണ്ടാക്കുകയുള്ളൂ. നമ്മുടെ നാട്ടിലെ മുഴുവന്‍ ഭരണകര്‍ത്താക്കളും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരും സമാജോന്മുഖരായി തീരണം. രാഷ്ട്രീയപ്രവര്‍ത്തകര്‍ തങ്ങളുടെ രാഷ്ട്രീയ പ്രവര്‍ത്തനം സ്വാര്‍ഥതയില്‍ കേന്ദ്രീകൃതമായി എന്നുള്ളതില്‍ നിന്നുമാറി ദേശഹിത കേന്ദ്രീകൃതമാക്കണം. അപ്പോള്‍ എല്ലാവരും ചേര്‍ന്ന് സമാജകേന്ദ്രീകൃതമായ സംസ്‌കാര കേന്ദ്രീകൃതമായ ഒരു വ്യവസ്ഥിതിയുണ്ടാക്കാന്‍ ഈ കഷ്ടപ്പാടുകളുടെ നാളുകള്‍ വിരല്‍ചൂണ്ടുകയാണ്. ഭാവിയിലേക്കുള്ള ഈ ദുരിതനാളുകളുടെ വിരല്‍ചൂണ്ടല്‍ അതിനെ മനസിലാക്കി നമുക്ക് പുതിയ ഒരു മാനസികാവസ്ഥയും ചിന്തയും കൊണ്ടുവന്ന് നമ്മുടെ ജീവിതാചരണങ്ങളിലും പരിവര്‍ത്തനം വരുത്തേണ്ടതുണ്ട്. നാമെല്ലാം ചേര്‍ന്ന് ആത്മവിശ്വാസത്തോടു കൂടി ഈ സന്ദര്‍ഭത്തില്‍ സമാജത്തെ മുഴുവന്‍ നമ്മുടെ ബന്ധുക്കളാണ് എന്നു മനസില്‍വച്ച് ഈ നാടിനെ ഈ കഷ്ടത്തില്‍ നിന്ന് കരകയറ്റണം. മുഴുവന്‍ വിശ്വത്തിനും മാനവരാശിക്കാകമാനം നേതൃത്വം നല്‍കാന്‍ നമുക്ക് സാധിക്കും എന്ന ആത്മവിശ്വാസത്തോടുകൂടി പരിശ്രമവും നിരന്തരതയും നിലനിര്‍ത്തിക്കൊണ്ട് നാമെല്ലാം ഒരിക്കല്‍ക്കൂടി സക്രിയരാകേണ്ടി വരും. ഇത് ഇന്നത്തെ ആവശ്യമാണ്. ഇന്നത്തെ പ്രതിസന്ധികള്‍ നിറഞ്ഞ ഈ സാഹചര്യത്തെ ഒരു അവസരമാക്കി ഒരു പുതിയ ഭാരതത്തെ ഉയര്‍ത്തിയെടുത്തും ലോകത്തിനും വഴി കാണിച്ചുകൊടുക്കും എന്നത് നമ്മുടെ കര്‍ത്തവ്യമാണ്. ഇങ്ങിനെ ഞാന്‍ ചിന്തിച്ചപ്പോള്‍ നിങ്ങളുടെ മുന്നല്‍ വയ്‌ക്കേണ്ടതാണ് എന്നു കരുതിയ ചിന്തകള്‍ ഞാന്‍ നിങ്ങളുടെ മുന്നില്‍ വയ്ക്കുകയാണ്. ഇവിടെ സംഘസ്വയംസേവകര്‍ മാത്രമല്ല സംഘസ്വയംസേവകര്‍ ഇങ്ങിനെ ചിന്തിച്ച് പ്രവര്‍ത്തിക്കും എന്നുള്ളത് ഉറപ്പാണ്. പക്ഷേ ഇവിടെ സമ്പൂര്‍ണ സമാജവും ഈ വഴിയില്‍ ചിന്തിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയുണ്ട്. ഇത്രയും പറഞ്ഞുകൊണ്ട് ഞാന്‍ എന്റെ വാക്കുകള്‍ ഉപസംഹരിക്കുന്നു.
ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ജി. ഭാഗവത് കഴിഞ്ഞദിവസം സ്വയംസേവകരെ അഭിസംബോധന ചെയ്തതിന്റെ മലയാളം പരിഭാഷ.
പരിഭാഷകന്‍: സീമാജാഗരണ്‍ മഞ്ച് അഖില ഭാരതീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന്‍.
Discussion about this post