തിരുവനന്തപുരം: ശ്രീപത്മനാഭ സേവാസമിതി നൽകുന്ന പ്രഥമ പത്മകീർത്തി പുരസ്കാരം പാലക്കാട് അട്ടപ്പാടി ശ്രീ വിവേകാനന്ദ മെഡിക്കൽ മിഷൻ ചീഫ് മെഡിക്കൽ ഓഫീ സർ ഡോ.നാരായണന് നൽകും.
കലാ, കായിക, സാമൂഹ്യസേവന രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ചവർക്കായി ശ്രീപത്മനാഭ സേവാസമിതി ഏർപ്പെടുത്തിയതാണ് പുരസ്‌കാരം. സ്‌മരണികാ ഫലകവും 25,000 രൂപയുമടങ്ങുന്ന പുരസ്കാരം ഈ മാസം 18ന് ചൊവ്വാഴ്ച വൈകിട്ട് 5.30ന് തിരുവനന്തപുരത്ത് ആർഡിആർ കൺവൻഷൻ സെൻ്ററിൽ ചേരുന്ന ശിശുപാൽജി അനുസ്‌മരണ പ്രഭാഷണ പരമ്പരയോടനുബന്ധിച്ച് നൽകുന്നതാണ്.
ഹിന്ദു ഐക്യവേദി സ്ഥാപക അധ്യക്ഷനും വിവിധ ഹൈന്ദവ പ്രസ്ഥ നങ്ങളുടെ അമരക്കാരനുമായിരുന്ന ജെ.ശിശുപാലന്റെ (ശിശുപാൽജി) സ്മരണാർത്ഥമാണ് ശ്രീപത്മനാഭ സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ പ്രഭാഷണ പരമ്പര ആരംഭിക്കുന്നത്.
18ന് ചേരുന്ന അനുസ്‌മരണ സമ്മേളനത്തിൽ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ മുഖ്യ പ്രഭാഷണം നടത്തുമെന്ന് സമിതി അധ്യക്ഷൻ എം.എസ്. രമേശൻ നായരും സെക്രട്ടറി വി. രവികുമാറും അറിയിച്ചു.
Discussion about this post