ന്യൂഡല്‍ഹി: ലോകമെങ്ങും പടര്‍ന്നുപിടിക്കുന്ന ചൈനീസ് വൈറസിന്റെ വ്യാപനം തടയുന്നതിനായി ഇറങ്ങിത്തിരിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രാജ്യത്തിന്റെ കാവല്‍ഭടന്മാരുടെ പുഷ്പവൃഷ്ടി. ഇന്ത്യയിലാകമാനം കൊറോണ വൈറസിന് ചികിത്സിക്കുന്ന ആശുപത്രികള്‍ക്ക് മുകളിലായി വ്യോമസേന പുഷ്പവൃഷ്ടി നടത്തിയാണ് സ്‌നേഹാദരങ്ങള്‍ അറിയിച്ചത്. കൊറോണ മുന്നണി പോരാളികള്‍ക്കും സുരക്ഷ ഉദ്യോഗസ്ഥര്‍ക്കും ആദരമര്‍പ്പിച്ചു കൊണ്ട് ഡല്‍ഹിയിലെ രാജ്പഥിന് മുകളിലൂടെ വ്യോമസേനയുടെ ഫ്ളൈപാസ്റ്റ് നടന്നു. ഹരിയാനയിലെ പഞ്ച്കുളയിലുള്ള സര്‍ക്കാര്‍ ആശുപത്രിക്ക് മുന്നില്‍ ഇന്ത്യന്‍ സൈന്യം സംഘടിപ്പിച്ച ബാന്‍ഡ് മേളവും ശ്രദ്ധേയമായി. ഈ പ്രതിസന്ധി ഘട്ടത്തിലും അക്ഷീണരായി പ്രവര്‍ത്തിക്കുന്ന പോലീസ് സേനക്ക് ആദരവര്‍പ്പിച്ചുകൊണ്ട് ഡല്‍ഹിയിലെ പോലീസ് യുദ്ധ സ്മാരകത്തില്‍ വ്യോമസേന പുഷ്പവൃഷ്ടി നടത്തി. സൈന്യ വിഭാഗങ്ങള്‍ വിവിധ പോലീസ് സ്റ്റേഷനുകളില്‍ എത്തി ആദരവ് അറിയിച്ചു. ശ്രീനഗര്‍ മുതല്‍ തിരുവനന്തപുരം വരെയും ദിബ്രുഗഡ് മുതല്‍ കച്ച് വരെയുമുള്ള പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് കൊണ്ടാണ് വ്യോമസേന പറന്നത്. കൊറോണ വൈറസ് രോഗികള്‍ക്ക് ചികിത്സ നല്‍കുന്ന ആശുപത്രികള്‍ക്ക് മുകളിലൂടെ പറന്നുയര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകരോടുള്ള സ്നേഹവും ബഹുമാനവും സൂചിപ്പിച്ച് അവര്‍ക്കുനേരെ പൂക്കള്‍ വിതറി. വ്യോമസേനയുടെ ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങളും മിഗ് യുദ്ധ വിമാനങ്ങളുമാണ് ഫ്ളൈപാസ്റ്റില്‍ പങ്കെടുത്തത്. ഇതോടൊപ്പം സേനയുടെ ബാന്‍ഡ് മേളവും വിവിധയിടങ്ങളില്‍ നടന്നു. ആദരസൂചകമായി നാവിക സേന കപ്പലുകള്‍ വൈകുന്നേരം ദീപാലൃതമാക്കും. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സിഡിഎസ്) ജനറല്‍ ബിപിന്‍ റാവത്ത് നേരത്തെ പ്രഖ്യാപിച്ച പ്രകാരമാണ് ഇന്ത്യന്‍ വ്യോമസേനയുടെ (ഐഎഎഫ്) യുദ്ധവിമാനങ്ങളും യാത്ര വിമാനങ്ങളും ഞായറാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പറന്നത്. ഫ്‌ളൈപാസ്റ്റിനെ പ്രധാനമന്ത്രി നരേന്ദ്രമോദിയും സ്വാഗതം ചെയ്തിരുന്നു. വിവിധയിടങ്ങളില്‍ പുഷ്പ വൃഷ്ടി നടത്തി. രാവിലെ ഒമ്പതിനും 10നുമിടക്ക് അഹമ്മദാബാദിലെയും ഗാന്ധിനഗറിലെയും ആശുപത്രികള്‍ക്കു മുകളിലാണ് വ്യോമസേനയുടെ പുഷ്പവൃഷ്ടി നടത്തിയത്. ഇറ്റാനഗര്‍, ഗുവാഹത്തി, ഷില്ലോങ്, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ 10.30നാണ് വ്യോമ സേന പുഷ്പവൃഷ്ടി നടന്നത്. കേരളത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിനും ജനറല്‍ ആശുപത്രിക്കും മുകളിലാണ് വ്യോമസേനയുടെ പുഷ്പവൃഷ്ടി നടത്തിയത്. കൊച്ചി ദക്ഷിണ നാവിക സേന ആസ്ഥാനത്ത് ആരോഗ്യ പ്രവര്‍ത്തകരെ സേന ആദരിച്ചു.
Discussion about this post