പാലക്കാട്: ഭാരതത്തിന്റെ നേതൃത്വത്തില്‍ പുതിയ ലോകക്രമം കെട്ടിപ്പടുക്കുന്നതിന് ഉതകുന്ന രീതിയിലുള്ള സംഭവ വികാസങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് ആര്‍എസ്എസ് ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
കല്ലേക്കാട് വ്യാസ വിദ്യാപീഠത്തില്‍ നടന്ന ക്ഷേത്രീയ കാര്യകര്‍ത്താവികാസ് വര്‍ഗ് സമാപന പൊതുപരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സാമ്പത്തികമായും, സൈനികപരമായും ഉള്ള ഏകപക്ഷീയ നടപടിയിലൂടെയല്ല, മറിച്ച് ദര്‍ശനത്തിലൂടെയും, സംസ്‌കൃതിയിലൂടെയുമാണ് അത് നേടിയെടുക്കുക. കഠിനാധ്വാനത്തിലൂടെയും നീണ്ട തപസ്ശ്ചര്യയിലൂടെയും നേടിയെടുത്ത ഒരു ദേശീയ മുന്നേറ്റത്തിന്റെ പ്രതിഫലനമായിരിക്കും അത്. രാജ്യം മുഴുവന്‍ ഒറ്റക്കെട്ടായി നില്‍ക്കുമ്പോള്‍ കേരളത്തിന് അതില്‍ നിന്ന് മാറിനില്‍ക്കാനാവില്ല.
സമൂഹത്തെ ഭിന്നിപ്പിക്കുവാനും, വിഘടനവാദം ഉയര്‍ത്തുവാനും ജാതിമത ശക്തികള്‍ എക്കാലത്തും ശ്രമിച്ചിട്ടുണ്ട്. രാഷ്‌ട്രവിരുദ്ധശക്തികളാണ് ഇതിന് പിന്നില്‍. ദേശീയ ഐക്യത്തെ തുരങ്കം വയ്‌ക്കുന്ന ഒരു വിഭാഗം ആളുകളാണ് ഇതിന് പിന്നില്‍. മതത്തിന്റെ പേരില്‍ വേര്‍തിരിവുണ്ടാക്കി രാജ്യത്തെ ഛിന്നഭിന്നമാക്കാനുള്ള ശക്തികളെ എതിര്‍ത്ത് തോല്‍പ്പിക്കാനുള്ള കരുത്ത് ഇന്ന് രാജ്യം നേടിക്കഴിഞ്ഞതാണ്. അദ്ദേഹം ചൂണ്ടിക്കാട്ടി.
ഛിദ്രശക്തികള്‍ തലയുയര്‍ത്തിയിരുന്ന ജമ്മു കശ്മീരിലും, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഇന്ന് സമാധാനത്തിന്റെയും ശാന്തിയുടെയും മന്ത്രമാണ് ഉയരുന്നത്. വിധ്വംസക ശക്തികളെ അടിച്ചമര്‍ത്താന്‍ കഴിഞ്ഞതാണ് ഇതിന് കാരണം. എന്നാല്‍ ഇസ്ലാമിക ഭീകരവാദത്തെ ന്യായീകരിക്കുന്ന ഒരുവിഭാഗം സംഘടനകള്‍ ഇന്നും രാജ്യത്തുണ്ട്. ഹിന്ദുമതത്തിലെ ജാതിയുടെ പേരില്‍ അവരെ പിന്തുണയ്‌ക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ദേശീയ ഐക്യത്തെ തകര്‍ക്കാനാണ് ഇവരുടെ ശ്രമം. പലപ്പോഴും ദ്വിമുഖ തന്ത്രങ്ങളാണ് ഇവര്‍ പയറ്റുന്നത്. സാഹോദര്യ സ്നേഹമാണ് ഇതിനവര്‍ മറയായി പിടിക്കുന്നത്. ഈ കാപട്യത്തെ തിരിച്ചറിയേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എയര്‍ കമ്മഡോര്‍ സതീഷ് മേനോന്‍ അധ്യക്ഷത വഹിച്ചു. വര്‍ഗ് കാര്യവാഹ് കെ.ബി. ശ്രീകുമാര്‍ സ്വാഗതവും വര്‍ഗ് സഹ വ്യവസ്ഥാ പ്രമുഖ് കെ. സുധീര്‍ നന്ദിയും പറഞ്ഞു.
Discussion about this post