ജി കെ സുരേഷ് ബാബു
ആര്‍ എസ് എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ജി ഭഗവത് ഏപ്രില്‍ 26 ന് നടത്തിയ പ്രഭാഷണത്തിലൂടെ ഭാരതത്തിന് ഭാവിയുടെ ഒരു രേഖാചിത്രമാണ് സമ്മാനിച്ചത്. കൊറോണയ്ക്ക് ശേഷമുള്ള ഭാരതം അനുഭവങ്ങളുടെ വെളിച്ചത്തില്‍ എങ്ങനെ പരിവര്‍ത്തനം ചെയ്യപ്പെടണം എന്ന വ്യക്തമായ ദിശാസൂചന കൂടിയായിരുന്നു പ്രഭാഷണം.
മനുഷ്യജീവതത്തെ കുറിച്ചുള്ള സങ്കല്പം ഒരു പുതിയ പാതയിലൂടെ അദ്ദേഹം വരച്ചുകാട്ടി. സ്വയം സദ്ജീവിതം നയിക്കുകയും പരോപകാരത്തോടെ ലോകത്തിനുവേണ്ടി ജീവിക്കുകയും ചെയ്യുക. ഒറ്റയ്ക്കിരിക്കുമ്പോള്‍ ആത്മസാധനയും അല്ലാത്തപ്പോള്‍ പരോപകാരവും. വിദുരനീതിയെ ആസ്പദമാക്കി സ്വയം നന്നാകാനും ലോകത്തെ നന്നാക്കാനുമുള്ള കര്‍മ്മ പദ്ധതിയാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. ബുദ്ധദേവനെ കുറിച്ച് പുസ്തകം അച്ചടിക്കാന്‍ പോയ ചൈനയിലെ ബുദ്ധഭിക്ഷുവിന്റെ കാര്യം അദ്ദേഹം ഉദാഹരിച്ചു. ബുദ്ധമതാനുയായികളില്‍ നിന്ന് പണം പിരിച്ച് പുസ്തകം അച്ചടിക്കാന്‍ പോയ ഭിക്ഷുവിന് രണ്ടുതവണയും ആ പണം പ്രകൃതിദുരന്തത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കു വേണ്ടി ചെലവഴിക്കേണ്ടി വന്നു. മൂന്നാംതവണ പിരിച്ചുകിട്ടിയ പണം കൊണ്ട് പുസ്തകം പ്രസിദ്ധീകരിക്കുമ്പോള്‍ അതിനെ മൂന്നാമത്തെ പതിപ്പ് എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ആദ്യത്തെ രണ്ടു തവണയും പിരിച്ച പണം ചെലവഴിച്ചത് ഈ പുസ്തകം ജീവിതാനുഭവമായി വായനക്കാരില്‍ എത്തിയെന്ന പ്രതീതിയിലാണ് അദ്ദേഹം കണക്കാക്കിയത്. ആ രീതിയില്‍ സംഘം വിഭാവനം ചെയ്യുന്ന രീതിയിലുള്ള, ലോകം മുഴുവന്‍ തല കുനിക്കുന്ന സുശീലം ലോകനന്മയ്ക്കായി പ്രയോജനപ്പെടുത്താനുള്ള ആഹ്വാനമാണ് മോഹന്‍ ജി നല്‍കിയത്.
സേവനപ്രവര്‍ത്തനങ്ങള്‍ എന്തിന് പ്രസിദ്ധപ്പെടുത്തണം എന്ന ചോദ്യത്തിനും അദ്ദേഹം ഉത്തരം നല്‍കുന്നുണ്ട്. എരിയുന്ന ചന്ദനത്തിരി പോലെ ആരുമറിയാതെ സുഗന്ധം പരത്തി സേവനത്തിന്റെ സൗരഭ്യം പകരാനാണ് സംഘം സ്വയംസേവകരെ എന്നും പഠിപ്പിച്ചിരുന്നത്. ഇപ്പോള്‍ സേവാപ്രവര്‍ത്തനങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനു കാരണം കൂടുതല്‍ പേരെ ഈയൊരു പ്രവൃത്തിയിലേക്ക് ആകര്‍ഷിക്കാനും അതില്‍ നിമഗ്നരാക്കാനും വേണ്ടിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. നമ്മുടെ സമാജവും നമ്മുടെ രാഷ്ട്രവും എന്ന ചിന്തയില്‍ നിരന്തരം സേവനപ്രവര്‍ത്തനത്തില്‍ മുഴുകാനാണ് സ്വയംസേവകരോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചിട്ടുള്ളത്. നിരന്തരം സ്വാര്‍ത്ഥചിന്തയില്ലാത്ത സേവനവും ബോധവത്കരണവും. അതാണ് സംഘസ്വയംസേവകര്‍ ലക്ഷ്യമിടേണ്ടത്.
കൊറോണ പോലെയുള്ള മഹാവ്യാധിയെ നേരിടാന്‍ നിബന്ധനകള്‍ പാലിക്കണം. ഭയക്കരുത്. ഭയം ദുരിതം കൂട്ടുകയേയുള്ളൂ. സന്തുലിതവും ശാന്തവുമായ മനസ്സോടെ കാര്യങ്ങള്‍ കാണണം. ആത്മവിശ്വാസത്തോടെ നേരിടണം. ദുരിതം അനുഭവിക്കുന്നവര്‍ക്ക് സാന്ത്വനം നല്‍കണം. ദുരിതം അനുഭവിക്കുന്നവരെല്ലാം നമ്മുടെ സ്വന്തക്കാരാണ് എന്ന മനോഭാവമാണ് പുലരേണ്ടത്. കയറ്റുമതി വിലക്ക് നീക്കി നൂറുലേറെ രാജ്യങ്ങള്‍ക്കാണ് ഭാരതം മരുന്ന് നല്‍കിയത്. ഇത് ഭാരതത്തിന്റെ സ്വഭാവമാണ്. നമ്മള്‍ മനുഷ്യരെ വിവേചനത്തോടെ ദര്‍ശിച്ചിട്ടില്ല. എല്ലാവരും നമ്മുടെ ആളുകളാണ്. സേവനകാര്യത്തില്‍ മത്സരമില്ല. സഹജീവികളോടുള്ള സ്‌നേഹം പ്രവര്‍ത്തനത്തില്‍ പ്രതിഫലിക്കണം. നമ്മുടെ സ്വന്തം വീട്ടുകാര്‍ക്കു വേണ്ടിയുള്ള സേവനമാണ് നമ്മള്‍ ചെയ്യുന്നത്. അല്ലാതെ ഉപകാരമല്ല. ലോകത്തെ മുഴുവന്‍ ഒരു കുടുംബമായി കാണുന്ന ഭാരതീയ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും സൂചനകള്‍ കൂടിയാണ് ഇതിലൂടെ ഡോ. മോഹന്‍ ജി മുന്നോട്ടു വെച്ചിട്ടുള്ളത്.
വാല്മീകി രാമായണത്തില്‍ ഹനുമാന്റെ വേഗത, വീക്ഷണം, ബുദ്ധി, ജാഗ്രത എന്നിവയെ കുറിച്ച് പറയുന്നുണ്ട്. ഹനുമാന്റെ ഈ പ്രത്യേകതകള്‍ സ്വയംസേവകര്‍ കാണുകയും സ്വാംശീകരിക്കുകയും വേണം. വ്യക്തിജീവിതത്തില്‍ അനുശാസനം ഉണ്ടാകണം. ജനങ്ങള്‍ നല്ല ശീലങ്ങള്‍ പാലിക്കുന്നു എന്ന് ഉറപ്പാക്കണം. ജനജീവിതം സുരക്ഷിതമാക്കാനുള്ള യത്‌നത്തില്‍ പങ്കാളിയാകണം. സുരക്ഷയും നാനാതലങ്ങളിലുള്ള ഉയര്‍ച്ചയും ഉറപ്പാക്കുക എന്നത് നമ്മുടെ പ്രതിജ്ഞയാണ്. ഈ വീക്ഷണത്തില്‍ ധൈര്യപൂര്‍വ്വം പ്രവര്‍ത്തിക്കണം. കൊറോണ എത്രകാലം എന്ന് പ്രവചിക്കാന്‍ ആകാത്തതുകൊണ്ട് പ്രവര്‍ത്തനം എത്രദിവസം എന്ന് പറയാനാകില്ല. എത്രകാലം വരെയാണോ അത്രകാലം വരെയും സുശക്തമായ പ്രവര്‍ത്തനം തുടരുക തന്നെ ചെയ്യും എന്ന കാഴ്ചപ്പാടാണ് വേണ്ടത്. ആസല്യവും കാലതാമസവും ഉണ്ടാകരുത്. കാര്യങ്ങള്‍ നല്ലരീതിയില്‍ നടത്തണം. ലോകം മുഴുവന്‍ പ്രതിസന്ധിയിലായിട്ടും ഭാരതത്തില്‍ കാര്യങ്ങള്‍ നല്ലരീതിയില്‍ നടപ്പാക്കാന്‍ കഴിഞ്ഞതിനു കാരണം നമ്മുടെ ഭരണസംവിധാനമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരെടുത്ത് പറയാതെ പ്രധാനമന്ത്രി ചെയ്ത കാര്യങ്ങളെ അദ്ദേഹം പ്രകീര്‍ത്തിച്ചു. ഭരണസംവിധാനം ആര്‍ജ്ജവത്തോടെ കാര്യങ്ങള്‍ ചെയ്തതാണ് ഇന്ത്യയില്‍ പ്രതിസന്ധി ഉണ്ടാകാതിരിക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.
കൊറോണക്കാലത്തെ ചില സമൂഹങ്ങളുടെ അനിയന്ത്രിതമായ ചില പെരുമാറ്റത്തെ കുറിച്ചും ഭംഗ്യന്തരേണ അദ്ദേഹം സൂചിപ്പിച്ചു. ചിലര്‍ തങ്ങളില്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് കരുതുന്നു. ഇത്തരം സമൂഹങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ എണ്ണവും കുറവല്ല. തെറ്റിദ്ധാരണകള്‍ രോഷത്തിന് കാരണമാകുന്നു. രോഷം അവിവേകത്തിനും തെറ്റുകള്‍ക്കും കാരണമാകുന്നു. ഇതില്‍ നിന്ന് മുതലെടുപ്പ് നടത്താനുള്ള ശ്രമവും ചിലരെങ്കിലും നടത്തുന്നുണ്ട്. നിയന്ത്രണങ്ങള്‍ സമൂഹത്തിനുവേണ്ടിയാണെന്ന ഭാവാത്മക മനോഭാവത്തോടെ കാണാന്‍ കഴിയണം. ഭയം കൊണ്ടോ രോഷം കൊണ്ടോ ആരെങ്കിലും തെറ്റുചെയ്താല്‍ അവരെയും അവരുടെ സമുദായത്തെയും കുറ്റക്കാരായി കാണാനും അകറ്റി നിര്‍ത്താനുമുള്ള പ്രവണത ഒഴിവാക്കം. എല്ലാത്തിലും കുറ്റം കാണുന്നവരുണ്ട്. ഇത് രാഷ്ട്രത്തെ സംബന്ധിച്ച വിഷയമാണ്. അതുകൊണ്ടുതന്നെ വിരോധമല്ല, പരസ്പര സ്‌നേഹമാണ് വേണ്ടത്. ഭാരതത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നവര്‍ സ്വാര്‍ത്ഥതയോടെ അതിനായി പരിശ്രമിക്കുന്നുണ്ട്. ഇതിനായി രാഷ്ട്രീയവും ഇതില്‍ കടത്തിവിടുന്നു. ഇവര്‍ ദോഷമുണ്ടാക്കാതിരിക്കാന്‍ നമ്മള്‍ ജാഗ്രതയോടെ ഇരിക്കണം. ഇവരോടു പോലും നമ്മുടെ മനസ്സില്‍ ശത്രുതയോ വൈരാഗ്യമോ ഉണ്ടാകരുത്.
ഭാരതത്തിലെ 130 കോടി ജനങ്ങളും ഭാരതമാതാവിന്റെ മക്കളാണ് എന്നകാര്യം മോഹന്‍ ജി ഭഗവത് ഓര്‍മ്മിപ്പിച്ചു. അതുകൊണ്ടു തന്നെ മുഴുവന്‍ ഭാരതീയരും ബന്ധുക്കളാണ്. ബന്ധുക്കള്‍ തമ്മില്‍ ഭയവും രോഷവും ഉണ്ടാകരുത്. ഓരോ സമുദായത്തിന്റെയും നേതാക്കള്‍ സ്വന്തം സമൂഹത്തെ ഇത് പഠിപ്പിക്കണം. ദേശത്തിന്റെ ഹിതം മുന്‍നിര്‍ത്തി നാടിനുവേണ്ടി നിസ്വാര്‍ത്ഥഭാവത്തോടെ വേണം നീങ്ങാന്‍. കൊറോണയെ തുടര്‍ന്ന് കാര്യങ്ങള്‍ ശരിയാവാന്‍ ഇനിയും സമയമെടുക്കും. അല്പം ഇളവ് നിയന്ത്രണങ്ങള്‍ക്കു വന്നപ്പോള്‍ ആള്‍ക്കൂട്ടം ഉണ്ടായത് ശരിയായ രീതിയല്ല. അനുശാസനങ്ങള്‍ പാലിച്ച് സദ്ഭാവത്തിന്റെയും സദാചാരത്തിന്റെയും സഹകരണത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കണം.
ഭാവിഭാരതം
ഭാവിയിലെ ഭാരതം സ്വന്തം കാലില്‍ നില്‍ക്കുന്ന സ്വാവലംബത്തിന്റേതാകണം എന്ന് ഡോ. മോഹന്‍ ജി ഭഗവത് ചൂണ്ടിക്കാട്ടി. സാമൂഹിക സാമ്പത്തിക രംഗത്ത് ഇതിനുവേണ്ട മാര്‍ഗ്ഗദര്‍ശനവും അദ്ദേഹം നല്‍കി. ലോകം മുഴുവന്‍ അതിശക്തമായ ദുരന്തം വിതച്ചപ്പോഴും ഭാരതത്തില്‍ കടുത്ത ദുരന്തം ഉണ്ടായിട്ടില്ല. നൈസര്‍ഗ്ഗികമായ ജീവിതരീതി ഒരുപക്ഷേ, ഇതിന് സഹായകമായിട്ടുണ്ടാകാം. രോഗപ്രതിരോധശേഷി കൂട്ടാനുള്ള യത്‌നം ഭാരതീയ സമൂഹത്തില്‍ ഉണ്ടാകണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ആയുര്‍വേദത്തിന്റെ സാധ്യതകള്‍ ലോകം മുഴുവന്‍ തിരിച്ചറിയുന്നു. ഭാരതത്തിന്റെ സ്വത്തായ ആയുര്‍വേദം നമ്മുടെ കുടുംബജീവിതത്തിന്റെ ഭാഗമായി മാറണം. സംസ്‌കാരത്തനിമയുടെ അന്തരീക്ഷം കുടുംബങ്ങളില്‍ ഉണ്ടാകണം. അതിലൂടെയേ ഭാവിഭാരതം പടുത്തുയര്‍ത്താനാകൂ.
രാഷ്ട്രം സ്വാവലംബനത്തിന്റെ പാഠം പഠിക്കണം. ഇന്നത്തെ സങ്കടകരമായ തകര്‍ച്ചയില്‍ നിന്ന് നമ്മള്‍ കരകയറും തകര്‍ന്നടിഞ്ഞവ പടുത്തുയര്‍ത്തും അതിജീവിക്കും. നഷ്ടമായതെല്ലാം നമ്മള്‍ വീണ്ടെടുക്കുകയും ചെയ്യും. സ്വന്തം കാലില്‍ നിലനില്‍ക്കുക എന്ന പാഠമാണ് കൊറോണ കാലം നമ്മെ പഠിപ്പിക്കുന്നത്. ഈ പാഠത്തില്‍ നിന്ന് അനുഭവം ഉള്‍ക്കൊണ്ട് ഭാവിഭാരതത്തെ പടുത്തുയര്‍ത്തണം. സ്വാവലംബത്തെ ആധാരമാക്കിയുള്ള തന്ത്രമാണ് രൂപപ്പെടേണ്ടത്. കുറഞ്ഞ ഊര്‍ജ്ജം ആവശ്യമുള്ള, കുറഞ്ഞ വിഭവശേഷിയിലൂടെ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുന്ന സ്ഥാപനങ്ങളാണ് ഉണ്ടാകേണ്ടത്. പരിസ്ഥിതി അനുസൃതമായ സാമ്പത്തിക വികസന നയമാണ് നമുക്ക് വേണ്ടത്. ഇതിന് അനുസരിച്ച് യുഗാനുകൂലമായ സാമ്പത്തിക നയവും ഉണ്ടാകണം. സ്വദേശിയിലേക്ക് മടങ്ങണം. സ്വദേശി ഉല്പന്നങ്ങള്‍ ഗുണമേന്മയുള്ളത് തന്നെ വിപണിയില്‍ ലഭ്യമാക്കണം. ഇതെക്കുറിച്ച് നമ്മള്‍ ചിന്തിക്കണം. വിദേശ രാജ്യങ്ങളുടെ ചൂഷണത്തില്‍ നിന്ന് മുക്തമാകാന്‍ സ്വദേശി ഭാവം ദൃഢമാക്കണം. സ്വാതന്ത്ര്യസമര കാലത്ത് ശക്തമായിരുന്ന സ്വദേശി നയം കൈമോശമായത് മടക്കിക്കൊണ്ടു വരേണ്ടതിന്റെ ആവശ്യകത ഡോ. മോഹന്‍ ഭഗത് ഊന്നിപ്പറഞ്ഞു.
കൊറോണ മൂലം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ നദികള്‍ ശുദ്ധമായിരിക്കുന്നു. വായുമലിനീകരണം കുറഞ്ഞു. പ്രകൃതിയും കാലവും നല്‍കിയ ശുദ്ധീകരണത്തിന്റെ ഈ വരദാനം പരിവര്‍ത്തനത്തിനുള്ള തുടക്കമാക്കാനുള്ള സൂചനയാണ് അദ്ദേഹം നല്‍കിയത്. നദിയും ജലവും സംരക്ഷിക്കുക, മരങ്ങളുടെ എണ്ണം കൂട്ടുക, പ്ലാസ്റ്റിക്കില്‍ നിന്ന് ഭൂമിയെ മോചിപ്പിക്കുക, ശുചിത്വം ഉറപ്പാക്കുക, ഗോസംരക്ഷണത്തിന് ഊ്ന്നല്‍ കൊടുക്കുക, രാസവളം ഉപയോഗിച്ചുള്ള കൃഷി അവസാനിപ്പിച്ച് ജൈവകൃഷിയിലേക്ക് മാറുക, ഇതില്‍ ഊന്നിയുള്ള ഒരു വികസന സങ്കല്പമാണ് മോഹന്‍ ജി മുന്നോട്ടു വെച്ചത്. സര്‍ക്കാരിന്റെ നിലപാട് ഇതിന് അനുസൃതമാകണം എന്ന ഉപദേശവും അദ്ദേഹം നല്‍കി. സമൂഹം ഒരു കുടുംബമാണ്. വ്യക്തിശുദ്ധി, ശുചിത്വം, സ്വാവലംബം, ജൈവകൃഷി എന്നിവയിലൂടെ ഭാവിഭാരതത്തിന് സ്വയംപര്യാപ്തമായി നിലനില്‍ക്കാന്‍ ആകുമെന്ന ഒരു പുതിയ സാമ്പത്തിക ക്രമത്തിനാണ് അദ്ദേഹം രൂപരേഖ നല്‍കിയിരിക്കുന്നത്. ആത്മവിശ്വാസം, ദേശഭക്തി, സാഹോദര്യം, രാഷ്ട്രബോധം എന്നിവയോടെ നമ്മള്‍ ഭാരതീയര്‍ ഒന്നാണ് എന്ന മനോഭാവത്തോടെ മുന്നേറാനാണ് മോഹന്‍ ജി ഭഗവതിന്റെ ആഹ്വാനം. പരിസ്ഥി അനുസൃതമായി പ്രകൃതിയോട് ഇണങ്ങിച്ചേര്‍ന്ന്, മണ്ണും ജലവും സംരക്ഷിച്ച്, സ്വദേശിയുടെയും സ്വാശ്രയത്വത്തിന്റെയും, വികാസത്തിന്റെയും പുതിയ പന്ഥാവ് വെട്ടിത്തുറക്കുന്നത് മുഴുവന്‍ ഭാരതീയരും ബന്ധുക്കളാണെന്നും ഒരു കുടുംബമാണെന്നുമുള്ള ഓര്‍മ്മപ്പെടുത്തലിലൂടെയാണ്. ഇതാണ് ഭാവിഭാരതത്തിന്റെ രൂപരേഖ.
Discussion about this post