കോഴിക്കോട് : മെഡിക്കൽ കോളേജ് പരിസരത്ത് സേവാഭാരതിയുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന സേവാമന്ദിരത്തിന്റെ ശിലാസ്ഥാപനം 2025 മെയ് 18നു രാഷ്ട്രീയ സ്വയംസേവക സംഘം മുതിർന്ന പ്രചാരകൻ എ ഗോപാലകൃഷ്ണൻ (സീമ ജാഗരൺ മഞ്ച് അഖില ഭാരതീയ സംരക്ഷക്) നിർവഹിച്ചു. അദ്ദേഹം ചടങ്ങിൽ മുഖ്യ സന്ദേശംനൽകുകയും ചെയ്തു. മനുഷ്യ ജന്മത്തിൽ അവനവന്റെ കുക്ഷിക്ക് വേണ്ടി മാത്രം ജീവിക്കുന്നതു പാപമാണ് എന്ന് നമ്മൾ ഭാരതീയർ വിശ്വസിക്കുന്നു, അവനവന്റെ വയറു കഴിയാൻ വേണ്ടി മാത്രം ആഹാരം പാകം ചെയ്യുന്നവനെ പാപി അല്ലെങ്കിൽ മോഷ്ടാവ് എന്നാണ് വിവേകാനന്ദ സ്വാമി വിളിക്കുന്നത്, അതായതു പൂർവ്വികമായി നമുക്ക് കിട്ടിയ ആശയം സമ്പൂർണ്ണ ജീവ ജാലങ്ങളെയും ഈശ്വര മനസ്സോടെ സേവിക്കുക എന്നതാണ്, അവരിലും ഉള്ളത് ഈശ്വരാംശമാണ് , അത് കൊണ്ട് അവരുടെ ദുഖത്തെ നിവാരണം ചെയ്യേണ്ടത് ഓരോ മനുഷ്യന്റെയും കടമയാണ് എന്നും അദ്ദേഹത്തിന്റെ മുഖ്യ പ്രഭാഷണത്തിൽ പറഞ്ഞു.
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ഉത്തരപ്രാന്ത സഹസമ്പർക്ക പ്രമുഖ് യു എൻ ഹരിദാസ് യോഗത്തിൽ സേവാ സന്ദേശം നൽകി .
സേവന മനസ്കരായ കോട്ടാംപറമ്പ് ഹിന്ദു സാംസ്‌കാരിക സമിതി രണ്ടേക്കർ സ്ഥലവും, സരോജിനി പള്ളത്ത് 3.5 സെന്റ് സ്ഥലവും വീടും, മുരളീധരൻ രാജയും ധർമ്മപത്നി ഡോക്ടർ സാവിത്രി രാജയും ചേർന്ന് ആറു സെന്റ് സ്ഥലവും സേവാഭാരതിയുടെ സേവന പ്രവർത്തനങ്ങൾക്കായി സമർപ്പണം നടത്തി. കൂടാതെ സി വിനോദ് കൃഷ്ണൻ & വിനയ, അവരുടെ സഹോദരി പത്മജയുടെ ഓർമ്മക്കായി 25 ലക്ഷം രൂപ സേവാമന്ദിരം നിർമ്മാണത്തിനായി നിധി സമർപ്പണം നടത്തി.
ഡോ. ബി. പി. ശേഖർ (ചേവായൂർ നഗർ സംഘചാലക്), ഡോ. അഞ്ജലി ധനഞ്ജയൻ (വൈസ് പ്രസിഡന്റ്, ദേശീയ സേവാഭാരതി കേരളം), നിഷി രഞ്ജൻ (സെക്രട്ടറി, ദേശീയ സേവാഭാരതി കേരളം), ഡോ. വേണുഗോപാൽ (പ്രസിഡന്റ്, ദേശീയ സേവാഭാരതി കോഴിക്കോട്), ഡോ. അനിൽകുമാർ എ.കെ (പ്രസിഡന്റ്, സേവാഭാരതി ചേവായൂർ ), വിനോദ് കൃഷ്ണൻ (ജനറൽ കൺവീനർ, സേവാമന്ദിര വികസന സമിതി), പി.എം. മുരളീധരൻ (സെക്രട്ടറി, സേവാഭാരതി ചേവായൂർ ) എന്നിവർ ചടങ്ങിൽ സംസാരിച്ചു.
പാരിസ്ഥിതിക സൗഹൃദമായി രൂപകൽപ്പന ചെയ്യപ്പെടുന്ന സേവാമന്ദിരം, ആരോഗ്യപരവും സാമൂഹ്യപരവുമായ വിവിധ സേവന പ്രവർത്തനങ്ങൾക്ക് ആധാരമാകും. സേവാഭാരതിയുടെ നീണ്ടനാളത്തെ സാമൂഹ്യ പ്രതിബദ്ധതയുടെ പ്രതീകമായി സേവാമന്ദിരം രൂപപ്പെടും.
Discussion about this post