ന്യൂദൽഹി: വിജയദശമിയോടെ ആരംഭിക്കുന്ന ശതാബ്ദി പ്രവർത്തനങ്ങളുടെ ഫലമായി രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും വീടുകളിലും സംഘമെത്തുമെന്ന് ആർഎസ്എസ് അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ ആംബേക്കർ. രാജ്യത്തുടനീളമുള്ള 58964 ഗ്രാമീണ മണ്ഡലങ്ങളിലും 44055 നഗര കേന്ദ്രങ്ങളിലും ഹിന്ദുസമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെ ഹിന്ദു സമ്മേളനങ്ങളും സംഘടിപ്പിക്കും. ദൽഹിയിലെ കേശവ് കുഞ്ജിൽ സമാപിച്ച ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക്കിൻ്റെ തീരുമാനങ്ങൾ വാർത്താസമ്മേളനത്തിൽ അറിയിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദുസമ്മേളനങ്ങളിൽ, സാമാജിക ഉത്സവങ്ങൾ, സാമൂഹിക ഐക്യം, സദ്ഭാവന, പഞ്ച പരിവർത്തനം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും. വിവേചനങ്ങളും ഭിന്നതകളുമില്ലാത്ത സമൂഹം എന്ന ലക്ഷ്യത്തോടെ വളർത്തുന്നതിനായി 11360 ഖണ്ഡ്, നഗര കേന്ദ്രങ്ങളിൽ സാമാജിക സദ്ഭാവനാ യോഗങ്ങൾ സംഘടിപ്പിക്കും. 924 സംഘജില്ലകളിലും പൗരപ്രമുഖർ പങ്കെടുക്കുന്ന സെമിനാറുകൾ സംഘടിപ്പിക്കും. ഭാരതത്തിൻ്റെ ദർശനം, തനിമ, അഭിമാനം തുടങ്ങിയ വിഷയങ്ങൾ സെമിനാറുകളിൽ ചർച്ച ചെയ്യും.
വിപുലമായ ഗൃഹ സമ്പർക്ക പരിപാടിയിലൂടെ പരമാവധി വീടുകളിൽ എത്തിച്ചേരാൻ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ ശതാബ്ദി പരിപാടികളുടെയും ലക്ഷ്യം സമൂഹത്തിലെ സമസ്ത ജനങ്ങളിലേക്കും എത്തിച്ചേരുകയും സംഘത്തിൻ്റെ എല്ലാ പ്രവർത്തനങ്ങളിലും സമാജ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുക എന്നതാണ്. എല്ലാവരെയും ഉൾക്കൊള്ളുന്നതും എല്ലാവരെയും സ്പർശിക്കുന്നതുമായിരിക്കും സംഘശതാബ്ദി കാര്യക്രമങ്ങൾ. വിജയദശമി ഉത്സവത്തോടെയാണ് ആർഎസ്എസ് ശതാബ്ദിക്ക് തുടക്കമാവുക.

രാജ്യം സാമ്പത്തികമായും സാങ്കേതികമായും പുരോഗതി കൈവരിച്ചുകൊണ്ട് മുന്നേറുകയാണ്. എന്നാൽ പുരോഗതി സാമ്പത്തികമോ സാങ്കേതികമോ ആയ കാഴ്ചപ്പാടിൽ മാത്രം മതിയാകില്ല. ഭാരതീയ സമൂഹത്തിന്റെ സവിശേഷതകൾ, ഗുണങ്ങളും തിരിച്ചറിഞ്ഞ് അവയ്ക്കനുസൃതമായി പുരോഗമിക്കണം. പരിസ്ഥിതിയുടെയും കുടുംബ മൂല്യങ്ങളുടെയും സംരക്ഷണം, സാമൂഹിക ജീവിതത്തിൽ പരസ്പര ഐക്യം നിലനിർത്തൽ എന്നിവ എല്ലാവരും ഉൾക്കൊള്ളണം. ശതാബ്ദി കാര്യക്രമങ്ങളിലൂടെ ഈ സന്ദേശമാണ് സംഘം മുന്നോട്ടു വയ്ക്കുന്നത്. സമൂഹമൊറ്റക്കെട്ടായി ഈ സന്ദേശങ്ങൾ ഏറ്റെടുക്കുകയും പ്രവർത്തിക്കുകയും ചെയ്താൽ രാജ്യത്തിൻ്റെ പുരോഗതി ഏകമുഖമായിരിക്കില്ലെന്ന് സുനിൽ ആംബേക്കർ പറഞ്ഞു. അത് എല്ലാവരെയും ഉൾക്കൊള്ളുന്നതായിരിക്കും, എല്ലാവരെയും ഒപ്പം ചേർക്കുന്നതാകും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്ന് ദിവസത്തെ പ്രാന്ത പ്രചാരക് ബൈഠക്കിൽ, സംഘത്തിന്റെ പ്രവർത്തനങ്ങളുടെ വികാസം, ശതാബ്ദി ആസൂത്രണം, വിവിധ സംസ്ഥാനങ്ങളിലെ പ്രവർത്തനങ്ങൾ എന്നിവ ചർച്ച ചെയ്തതായി അദ്ദേഹം പറഞ്ഞു. മണിപ്പൂരിന്റെ സാഹചര്യത്തിൽ സമാധാനത്തിൻ്റെ ചിന്ത എല്ലാവരിലും സൃഷ്ടിക്കാൻ സ്വയംസേവകർ ചെയ്യുന്ന പരിശ്രമങ്ങൾ ബൈഠക്കിൽ ചർച്ച ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. ഈ പരിശ്രമങ്ങൾ നല്ല ഫലങ്ങളാണ് സൃഷ്ടിക്കുന്നത്.
ഏപ്രിൽ മുതൽ ജൂൺ വരെ രാജ്യത്തുടനീളം 100 പരിശീലന ശിബിരങ്ങളാണ് സംഘം സംഘടിപ്പിച്ചത്. 40 വയസ്സിന് താഴെയുള്ള സ്വയംസേവകർക്കായി സംഘടിപ്പിച്ച 75 ശിബിരങ്ങളിലായി 17609 പേർ പരിശീലനം നേടി. 40 മുതൽ 60 വരെ പ്രായമുള്ളവർക്കായി സംഘടിപ്പിച്ച 25 വർഗുകളിൽ 4270 പേർ പങ്കെടുത്തു. രാജ്യത്തെ 8812 സ്ഥലങ്ങളുടെ പ്രാതിനിധ്യമാണ് ശിബിരങ്ങളിലുണ്ടായതെന്ന് സുനിൽ ആംബേക്കർ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ, ദൽഹി പ്രാന്ത സംഘചാലക് ഡോ. അനിൽ അഗർവാൾ, അഖില ഭാരതീയ ‘ സഹപ്രചാർ പ്രമുഖന്മാരായ നരേന്ദ്ര കുമാർ, പ്രദീപ് ജോഷി എന്നിവരും പങ്കെടുത്തു.
Discussion about this post