തിരുവനന്തപുരം: കണ്ണൂരിലെ സംഘടനാ പ്രവര്‍ത്തനത്തിന്റെയും ജന്മഭൂമിയുമായുള്ള ബന്ധത്തിന്റെയും വൈകാരികമായ ഓര്‍മ്മകള്‍ പങ്കുവച്ച് സി. സദാനന്ദന്‍മാസ്റ്റര്‍. സിപിഎമ്മുകാര്‍ ക്രൂരമായി ആക്രമിച്ച് കാലുകള്‍ നഷ്ടമായശേഷം, ക്രിത്രിമ കാലുമായി ജീവിക്കാന്‍ തുടങ്ങിയപ്പോള്‍ ജന്മഭൂമിയിലാണ് രണ്ടാം ജീവിതമാരംഭിച്ചത്. രണ്ടര വര്‍ഷം ജന്മഭൂമിയില്‍ പ്രവര്‍ത്തിച്ച തനിക്ക് ഒരുപാട് ഓര്‍മ്മകളും സമ്മാനിച്ചിട്ടുണ്ട്. എഴുത്തിലൂടെ ആശങ്ങള്‍ പ്രകടിപ്പിക്കാനുള്ള പരിശീലനം നല്‍കിയത് ജന്മഭൂമിയാണ്. വലിയൊരു പ്രതിസന്ധിക്കാലത്തിലാണ് ജന്മഭൂമിയിലെ ജോലി. ആ പ്രതിസന്ധികളെ തരണം ചെയ്യാന്‍ ജന്മഭൂമിയിലെ ജീവിതം സഹായിച്ചെന്ന് സദാനന്ദന്‍മാസ്റ്റര്‍ പറഞ്ഞു.
രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടശേഷം തിരുവനന്തപുരത്തെത്തിയ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി.സദാനന്ദന്‍ മാസ്റ്റര്‍ക്ക് ജന്മഭൂമി തിരുവനന്തപുരം എഡിഷനില്‍ സ്വീകരണം നല്‍കി. ജന്മഭൂമിക്ക് വേണ്ടി റസിഡന്റ് എഡിറ്റര്‍ കെ.കുഞ്ഞിക്കണ്ണന്‍ ഷാള്‍ അണിയിച്ചു സ്വീകരിച്ചു. ജീവനക്കാരുടെ പ്രതിനിധിയായി പ്രൊഡക്ഷന്‍ ഇന്‍ചാര്‍ജ് ശിവപ്രസാദ് ഷാള്‍ അണിയിച്ചു.
രാജ്യസഭാംഗമെന്ന ദൗത്യം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വിശ്വസിച്ച് ഏല്പിച്ചിരിക്കുന്നത്. അക്രമ രാഷ്‌ട്രീയത്തിന്റെ പ്രതീകമായല്ല താന്‍ രാജ്യസഭയിലേക്ക് പോകുന്നത്. കേരളത്തിന്റെ പ്രതിനിധിയായാണ്. ദൗത്യം അതിന്റെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ട് നാടിന്റെ നന്മയ്‌ക്കായി പ്രവര്‍ത്തിക്കും. ബിജെപിക്ക് ഒരാളെ രാജ്യസഭയിലെത്തിച്ചിട്ടുവേണ്ട അക്രമ രാഷ്‌ട്രീയം ചര്‍ച്ചയാക്കാന്‍. മാര്‍ക്‌സിസം എന്ന ആശയത്തോടൊപ്പം അക്രമവും കൂടിച്ചേര്‍ന്നിട്ടുണ്ടെന്നു സി.സദാനന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
ഭാര്യ വനിതാ റാണിയും മകള്‍ യമുനറാണിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ജന്മഭൂമി ഡയറക്ടര്‍ ടി.ജയചന്ദ്രന്‍, കോര്‍പ്പറേറ്റ് സര്‍ക്കുലേഷന്‍ മാനേജര്‍ ടി.വി പ്രസാദ് ബാബു, ഡസ്‌ക് ചീഫ് ആര്‍. പ്രദീപ്, ബ്യൂറോ ചീഫ് അജി ബുധനൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post