ഇന്‍ഡോര്‍(മധ്യപ്രദേശ്): സാമാജിക സദ്ഭാവനയുടെ സന്ദേശമുയര്‍ത്തി വ്യത്യസ്ത ജാതി വിഭാഗങ്ങളിലെ നേതാക്കള്‍ ഒരുമിച്ചുചേര്‍ന്നു. ആര്‍എസ്എസ് മാള്‍വ പ്രാന്തത്തില്‍ സംഘടിപ്പിച്ച സദ്ഭാവനായോഗത്തെ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് അഭിസംബോധന ചെയ്തു. മാള്‍വ മേഖലയിലെ 111 സമുദായങ്ങളില്‍ നിന്നുള്ള 284 നേതാക്കളാണ് ഒത്തുചേര്‍ന്നത്. എല്ലാവരും ഒരുമിച്ച് ദീപങ്ങള്‍ തെളിയിച്ചും ഭാരത് മാതാപൂജ ചെയ്തുമാണ് സദ്ഭാവനാ യോഗത്തിന് തുടക്കം കുറിച്ചത്.
സദ്ഭാവന ആരോഗ്യപൂര്‍ണസമാജത്തിന്റെ അടയാളമാണെന്ന് സര്‍സംഘചാലക് ചൂണ്ടിക്കാട്ടി. സമാജം എന്ന വാക്കില്‍ത്തന്നെ സദ്ഭാവമുണ്ട്. ഇത് നമ്മുടെ നാടിന്റെ തനിമയാണ്. വ്യക്തി, കുടുംബം, സമൂഹം എന്നിവ പരസ്പര പൂരകമാണ്. സമൂഹത്തിന്റെ ഒരു പൊതു ലക്ഷ്യം ധര്‍മ്മാധിഷ്ഠിത ജീവിതമാണ്, മോഹന്‍ ഭാഗവത് പറഞ്ഞു.
മനുഷ്യനെ ഒരു ശരീരമായും ഉപഭോഗവസ്തുവായും കണക്കാക്കുക എന്ന ആശയം യൂറോപ്പിനെ മുഴുവന്‍ നശിപ്പിച്ചു. അതേ ആശയം ഇപ്പോള്‍ ഭാരതത്തിന്റെ കുടുംബവ്യവസ്ഥയെ നശിപ്പിക്കാന്‍ ശ്രമിക്കുകയാണ്. സംവിധാനങ്ങളുടെയും സ്ഥാപനങ്ങളുടെയും നിയന്ത്രണം ഏറ്റെടുത്ത് സാമൂഹ്യ ജീവിതം തകര്‍ക്കുകയും ഭാരത വിപണി പിടിച്ചെടുക്കുകയുമാണ് അവരുടെ ലക്ഷ്യം. 2021 ല്‍ ഇംഗ്ലണ്ടില്‍ സംഘടിപ്പിച്ച ഡിസ്മാന്റലിങ് ഹിന്ദുത്വ സെമിനാറിന് പിന്നിലെ ആശയം ഇതായിരുന്നുവെന്ന് സര്‍സംഘചാലക് പറഞ്ഞു.
നമുക്ക് ധര്‍മ്മവും രാഷ്ട്രവും ഒന്നുതന്നെയാണ്. സ്വാമി ദയാനന്ദ സരസ്വതി, സ്വാമി വിവേകാനന്ദ് തുടങ്ങിയ മഹത്തുക്കള്‍ ജാതിക്ക് അതീതമായി ഉയര്‍ന്നുവന്ന് സമൂഹത്തില്‍ ദേശീയ വികാരം ഉണര്‍ത്താന്‍ പ്രവര്‍ത്തിച്ചു. സമൂഹത്തിനും കുടുംബത്തിനും വേണ്ടിയുള്ള ചിന്തയില്‍ പുരുഷന്മാരെക്കാള്‍ ഇച്ഛാശക്തി കൂടുതലുള്ളത് മാതൃശക്തിക്കാണ്.
എല്ലാവരും അവരവരുടെ സമുദായോന്നതിയെക്കുറിച്ച് ചിന്തിക്കുന്നതിനൊപ്പം ദുര്‍ബല സമൂഹത്തെ ഉയര്‍ത്താന്‍ സംയുക്ത ശ്രമങ്ങള്‍ നടത്തുകയും വേണം. എല്ലാവരും ഒരുമിച്ച് രാജ്യത്തിന്റെയും ഹിന്ദു സമൂഹത്തിന്റെയും പ്രശ്‌നങ്ങള്‍ പരിഹരിക്കണം. നമ്മള്‍ ഹിന്ദുക്കളാണ്, ഓരോ ഹിന്ദുവിന്റെയും സന്തോഷവും ദുഃഖവും നമ്മുടെ സന്തോഷവും ദുഃഖവുമാണ് എന്ന ഭാവം വേണം, സര്‍സംഘചാലക് പറഞ്ഞു.
Discussion about this post