കൊച്ചി: കൊച്ചിയിലെ ചടങ്ങില്‍ ജന്മഭൂമി ഓണപ്പതിപ്പ് പ്രകാശനം പ്രശസ്ത സംവിധായകന്‍ ബ്ലെസി നിര്‍വഹിച്ചു. ആര്‍എസ്എസ് പ്രചാരകനും താത്ത്വികാചാര്യനും തന്ത്രവിദ്യാപീഠം സ്ഥാപകനുമായിരുന്ന മാധവ്ജിയുടെ ജന്മശതാബ്ദി വര്‍ഷം മുന്‍നിര്‍ത്തി ‘മാധവം’, 75-ാം വാര്‍ഷികത്തില്‍ ഭാരത ഭരണഘടനയും അംബേദ്കര്‍ വീക്ഷണങ്ങളും വിശദമായി ചര്‍ച്ച ചെയ്യുന്ന ‘മഥനം’, ഭാരതത്തിന്റെ പ്രതിരോധ, ശാസ്ത്ര, സാങ്കേതിക, സാമ്പത്തിക വികസനം പ്രതിപാദിക്കുന്ന ‘മോഹനം’ എന്നിങ്ങനെ മൂന്നു പതിപ്പുകളായാണ് വാര്‍ഷികപ്പതിപ്പ് വായനക്കാരിലെത്തുന്നത്. പ്രകാശനച്ചടങ്ങില്‍ ജന്മഭൂമി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.എം. ശ്രീദാസ്, ന്യൂസ്
എഡിറ്റര്‍ രാജേഷ് പട്ടിമറ്റം, കോര്‍പറേറ്റ് അക്കൗണ്ട്‌സ് മാനേജര്‍ എ.കെ. അനീഷ് എന്നിവര്‍ പങ്കെടുത്തു. ബ്ലെസിയെ കെ.എം. ശ്രീദാസ് പൊന്നാടയണിയിച്ച് ആദരിച്ചു.
ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുടെ ഗോവന്‍ ഓണ സ്മൃതി, മലയാളത്തിന്റെ അഭിനയ പ്രതിഭ മോഹന്‍ ലാല്‍, കഥകളി മുതല്‍ ശില്‍പ നിര്‍മാണം വരെ ഒരുപോലെ വഴങ്ങുന്ന ബഹുമുഖ പ്രതിഭ സദനം ഹരികുമാര്‍, പ്രശസ്ത നര്‍ത്തകി മേതില്‍ ദേവിക, പാട്ടെഴുത്തില്‍ 40 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഷിബു ചക്രവര്‍ത്തി, പായ്‌വഞ്ചിയില്‍ ലോകം ചുറ്റിയ മലയാളി വനിത ദില്‍ന, ഏഴു ഭൂഖണ്ഡങ്ങളിലെ ഏറ്റവും ഉയരമേറിയ ഏഴു കൊടുമുടികളും കീഴടക്കിയ മലയാളി പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ എന്നിവരുമായുള്ള വിശദ അഭിമുഖങ്ങള്‍ ഇത്തവണത്തെ ഓണപ്പതിപ്പിനെ വേറിട്ടതും വായനാ സമ്പന്നവുമാക്കുന്നു.
മലയാളികള്‍ തലമുറകളെത്ര കഴിഞ്ഞാലും മറക്കാത്ത മാസ്മരിക ഗാനങ്ങള്‍ സമ്മാനിച്ച കവി ശ്രീകുമാരന്‍ തമ്പി, ദേശമംഗലം രാമകൃഷ്ണന്‍, ഒ.വി. ഉഷ തുടങ്ങിയ മുന്‍നിരക്കാരുടെയും ഒപ്പം ഒട്ടേറെ യുവകവികളുടെയും കവിതകള്‍, 24 ചെറുകഥകള്‍, ഈടുറ്റ ഇരുപത്തഞ്ചിലേറെ ലേഖനങ്ങള്‍ എന്നിങ്ങനെ വായനാ വിഭവങ്ങള്‍ വേറേയുമുണ്ട്. സിപിഎം മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ ജി. സുധാകരന്റെ കവിതയും ഇത്തവണത്തെ ഓണപ്പതിപ്പിനെ വേറിട്ടതാക്കുന്നു.
Discussion about this post