കേരളത്തിലെ ദേവസ്വം ബോര്‍ഡുകള്‍ ചരിത്ര പശ്ചാത്തലം
പുരാതനകാലം മുതല്‍ കേരളത്തിലെ ഹൈന്ദവ ക്ഷേത്രങ്ങള്‍ ഊരാളന്മാരുടെയും കരക്കാരുടെയും ഭരണത്തില്‍ തുടര്‍ന്നു വന്നിരുന്നു. എന്നാല്‍ കേണല്‍ മണ്‍റോയുടെ കാലത്ത് ഈ ഭരണ സംവിധാനത്തില്‍ അഴിമതി ആരോപിച്ച് ക്ഷേത്രഭരണം സര്‍ക്കാര്‍ ഏറ്റെടുത്തു. ക്ഷേത്രങ്ങളുടെ മേല്‍ രാജാവിനുള്ള മേല്‍കോയ്‌മയുടെ അടിസ്ഥാനത്തില്‍ ഈ നടപടിയെ തിരുവിതാംകൂര്‍ സര്‍ക്കാര്‍ ന്യായീകരിച്ചു. ഇങ്ങനെ ഏറ്റെടുത്ത ക്ഷേത്രങ്ങളുടെ ഭരണത്തിലേക്കായി ഒരു പ്രത്യേക ദേവസ്വം വകുപ്പ് രൂപീകരിച്ചുകൊണ്ട് 1922 ഏപ്രില്‍ 12 ന് തിരുവിതാംകൂര്‍ ഭരണകൂടം ഒരു വിളംബരം ഇറക്കി. സ്വാതന്ത്ര്യാനന്തരം 1948 മാര്‍ച്ച് 28ന് ക്ഷേത്രഭരണവും സ്വത്തുക്കളും രാജാവില്‍ തന്നെ നിക്ഷിപ്തമാക്കിക്കൊണ്ട് മറ്റൊരു വിളംബരവും പുറപ്പെടുവിച്ചു.
സ്വാതന്ത്ര്യാനന്തരം തിരുവിതാംകൂര്‍, കൊച്ചി നാട്ടുരാജ്യങ്ങള്‍ സംയോജിപ്പിച്ചപ്പോള്‍ ക്ഷേത്രങ്ങള്‍ ഉള്‍പ്പടെയുള്ള ഹിന്ദു ധര്‍മ സ്ഥാപനങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരും തിരുവിതാംകൂര്‍ കൊച്ചി നാട്ടുരാജ്യങ്ങളും ചേര്‍ന്ന് ഒരു ദേവസ്വം ഉടമ്പടി ഒപ്പുവെച്ചു. ഉടമ്പടി പ്രകാരം ഈ പ്രദേശങ്ങളിലെ ക്ഷേത്രങ്ങള്‍, ഹിന്ദുധര്‍മ സ്ഥാപനങ്ങള്‍ എന്നിവയുടെ നടത്തിപ്പിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് എന്ന സ്ഥാപനം രൂപീകരിച്ചു. തുടര്‍ന്ന് 1950 ല്‍ തിരുവിതാംകൂര്‍ കൊച്ചി ഹിന്ദുമത സ്ഥാപന നിയമം 1950 പാസാക്കുകയും 1949 ജൂലൈ ഒന്നിനു മുമ്പ് നിലവില്‍ ഉണ്ടായിരുന്ന എല്ലാ ക്ഷേത്രങ്ങളെയും അവയുടെ സ്വത്തുക്കളും മുന്‍കാല വിളംബരങ്ങള്‍ അനുസരിച്ചേര്‍പ്പെടുത്തിയ ദേവസ്വം ഫണ്ടുകളും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ വന്നു. ഇതില്‍ നിന്ന് ശ്രീപത്മനാഭസ്വാമീ ക്ഷേത്രത്തെ മാത്രം ഒഴിവാക്കി നിര്‍ത്തി. നിലവില്‍ കേരളത്തില്‍ അഞ്ച് ദേവസ്വം ബോര്‍ഡുകളാണുള്ളത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, കൊച്ചി ദേവസ്വം ബോര്‍ഡ്, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്, മലബാര്‍ ദേവസ്വം ബോര്‍ഡ്, കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡ് എന്നിവ. ഈ ബോര്‍ഡുകളുടെ കീഴിലായി 3000 ത്തില്‍ പരം ക്ഷേത്രങ്ങള്‍ നിലവിലുണ്ട്. ടിപ്പുവിന്റെ കാലത്ത് ഏക്കര്‍ കണക്കിന് ഭൂമി നഷ്ടപ്പെട്ടു. ബ്രിട്ടീഷുകാരന്റെ കാലത്തും പിന്നീട് സര്‍ക്കാര്‍ നേതൃത്വം കൊടുക്കുന്ന ദേവസ്വം ബോര്‍ഡിന്റെ കാലത്തും സ്ഥിതി ഇതു തന്നെ. കൂടാതെ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ അല്ലാത്ത ഭരണകൂടങ്ങളുടെ കമ്മിറ്റികള്‍/ ട്രസ്റ്റുകള്‍ ഭരണം നടത്തുന്ന ആറ്റുകാല്‍ ഉള്‍പ്പടെയുള്ള മഹാക്ഷേത്രങ്ങളും കേരളത്തിലുണ്ട്.
ദേവസ്വം ബോര്‍ഡുകളുടെ രൂപീകരണം
തിരുവിതാംകൂര്‍- കൊച്ചി ഹിന്ദുമത സ്ഥാപന നിയമം 1950 വകുപ്പ് മൂന്ന് അനുസരിച്ചാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലേക്കുള്ള നിയമനങ്ങള്‍ നടത്തുന്നത്. ഇതനുസരിച്ച് ദേവസ്വം ബോര്‍ഡിലേക്കുള്ള മൂന്ന് ഹിന്ദു അംഗങ്ങളില്‍ ഒരാളെ നോമിനേറ്റ് ചെയ്യാനുള്ള അധികാരം തിരുവിതാംകൂര്‍ രാജാവിനും രണ്ടാമത്തെ ആളെ നോമിനേറ്റ് ചെയ്യാനുള്ള അധികാരം സംസ്ഥാന മന്ത്രിസഭയിലെ ഹിന്ദു മന്ത്രിമാര്‍ക്കും മൂന്നാമത്തെ ആളെ നോമിനേറ്റ് ചെയ്യാനുള്ള അധികാരം തിരുകൊച്ചി നിയമസഭയിലെ ഹിന്ദു അംഗങ്ങള്‍ക്കും ആണ്. 1974 ല്‍ ഈ നിയമം ഭേദഗതി ചെയ്ത് ഒരു അംഗത്തെ നോമിനേറ്റ് ചെയ്യാനുള്ള രാജാവിന്റെ അധികാരം എടുത്തു കളയുകയും അത് സംസ്ഥാന മന്ത്രിസഭയിലെ ഹിന്ദു മന്ത്രിമാര്‍ക്ക് നല്‍കുകയും ചെയ്തു. ദേവസ്വം ഉടമ്പടിയില്‍ ഹിന്ദു വിശ്വാസവും ക്ഷേത്ര വിശ്വാസവും ഉള്ള ആളുകളെ നോമിനേറ്റ് ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും കാലം മാറിയപ്പോള്‍ രാഷ്‌ട്രീയ അതിപ്രസരം കാരണം ഹിന്ദുവിശ്വാസമോ ക്ഷേത്രവിശ്വാസമോ ഇല്ലാത്ത വെറും ഹിന്ദു നാമധാരികളെ ദേവസ്വം ബോര്‍ഡിലേക്ക് നിയമിച്ചത് ദേവസ്വം ബോര്‍ഡിന്റെയും ക്ഷേത്രങ്ങളുടെയും നിലവിലെ തകര്‍ച്ചയ്‌ക്ക് കാരണമായി. ദേവസ്വം ഭരണത്തെക്കുറിച്ച് പഠിക്കാന്‍ കേരള ഹൈക്കോടതി നിയോഗിച്ച ജസ്റ്റിസ് പരിപൂര്‍ണന്‍ കമ്മിഷന്‍, ജസ്റ്റിസ് ശങ്കരന്‍ നായര്‍ കമ്മിഷന്‍ തുടങ്ങിയ ഉന്നതാധികാര കമ്മിഷനുകള്‍ ഇത് സംബന്ധിച്ച് വ്യക്തമായ ശിപാര്‍ശകള്‍ നല്‍കിയിട്ടുണ്ടെങ്കിലും അവ നടപ്പിലാക്കാന്‍ മാറി മാറി വന്ന സര്‍ക്കാരുകള്‍ തയാറായിട്ടില്ല. രാഷ്‌ട്രീയ വിധേയത്വം ഇല്ലാത്തവരും പൊതുരംഗത്ത് മാനിക്കപ്പെടുന്നവരും വിശ്വാസ്യത ഉള്ളവരും മാത്രമേ ദേവസ്വം ബോര്‍ഡിലേക്ക് നാമനിര്‍ദേശം ചെയ്യാവൂ എന്ന ഈ കമ്മിഷനുകളുടെ ശിപാര്‍ശകള്‍ ഇന്നും നടപ്പായിട്ടില്ല.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ നിലവില്‍ ഏകദേശം 1252 ല്‍ പരം ക്ഷേത്രങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രം ശബരിമലയാണ്. അതേസമയം ഭക്തജനങ്ങളുടെ ട്രസ്റ്റുകള്‍ വളരെ മികച്ച രീതിയില്‍ നടത്തിക്കൊണ്ടു പോകുന്ന ആറ്റുകാല്‍ ക്ഷേത്രം ഉള്‍പ്പടെയുള്ള നൂറു കണക്കിനു ക്ഷേത്രങ്ങളും ഉണ്ട്. ഇത്തരം ക്ഷേത്രങ്ങള്‍ ഹിന്ദു സമൂഹത്തില്‍ ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് ആശ്വാസമേകുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളും ആതുര സേവനവും ഒക്കെ പ്രദാനം ചെയ്യുന്നുണ്ട് എന്നത് പ്രത്യേകം ഓര്‍ക്കേണ്ടതാണ്.
സര്‍ക്കാരിന്റെ നിയമപരമായ ബാധ്യതകള്‍
1949 ലെ ദേവസ്വം ഉടമ്പടി പ്രകാരം സംസ്ഥാന സര്‍ക്കാര്‍ പ്രതിവര്‍ഷം ദേവസ്വം ബോര്‍ഡിന് 50 ലക്ഷം രൂപയും ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് ഒരു ലക്ഷം രൂപ വീതവും നല്‍കാന്‍ ബാധ്യസ്ഥരാണ്. ഇത് സംബന്ധിച്ച കേരള ഹൈക്കോടതി ഉത്തരവ് പ്രകാരം സര്‍ക്കാര്‍ എല്ലാ വര്‍ഷവും വാര്‍ഷിക ഗ്രാന്‍ഡ് തിട്ടപ്പെടുത്തി കൃത്യമായി നല്‍കണമെന്നും ഇത് വിലസൂചികയുടെ അടിസ്ഥാനത്തില്‍ പുതുക്കി നല്‍കണമെന്നും നിഷ്‌കര്‍ഷിക്കുന്നു. മലബാര്‍ പ്രദേശത്ത് ദേവസ്വം ബോര്‍ഡില്‍ നിന്ന് ഏറ്റെടുത്ത സ്വകാര്യ വനഭൂമിയില്‍ നിന്ന് ലഭിക്കുന്ന വരുമാനം ദേവസ്വത്തിന് നല്‍കണമെന്ന് പറഞ്ഞിട്ടുണ്ട്. നിയമപ്രകാരമുള്ള ഈ ചുമതലകള്‍ നിര്‍വഹിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയാറായിട്ടില്ല.
ദേവസ്വം ഭരണത്തിലെ അപാകതകള്‍
ക്ഷേത്രഭരണത്തിലെ സുതാര്യതയില്ലായ്‌മയും അഴിമതിയും ഫണ്ട് തിരിമറികളും സംബന്ധിച്ച് എല്ലാ കാലങ്ങളിലും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.
ഓഡിറ്റ് റിപ്പോര്‍ട്ടുകളിലെ ഗുരുതര ക്രമക്കേടുകളും കണക്കില്‍ പെടാത്ത ഫണ്ട് വിനിയോഗവും, ക്ഷേത്ര ഉരുപ്പടികളുടെ കണക്കെടുപ്പിലും പരിശോധനയിലും കാണിക്കുന്ന ഉദാസീനതയും ക്ഷേത്ര സ്വത്തുക്കള്‍ വന്‍തോതില്‍ നഷ്ടപ്പെടാനിടയാക്കുന്നു. ദേവസ്വം ബോര്‍ഡിലെ രാഷ്‌ട്രീയ അതിപ്രസരം കാരണം അഴിമതിയും സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയും നിയന്ത്രിക്കാന്‍ കഴിയാതെ വരുന്ന ഗുരുതര പ്രതിസന്ധി നിലനില്‍ക്കുന്നു. ഇതിനിടെ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ചില ക്ഷേത്രങ്ങള്‍ പോലീസിനെ ഉപയോഗിച്ച് രാത്രികാലങ്ങളില്‍ അതിക്രമിച്ച് കയറി പിടിച്ചെടുക്കാനുള്ള ശ്രമങ്ങളും ഉണ്ടായിട്ടുണ്ട്. രാത്രിയുടെ മറവില്‍ ക്ഷേത്രം പിടിച്ചെടുത്തതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പാര്‍ത്ഥസാരഥി ക്ഷേത്രം. ഇതിന് അരങ്ങൊരുക്കിയ വ്യക്തി പിന്നീട് പല ക്ഷേത്രങ്ങളും ദേവസ്വത്തിലേക്ക് സ്വരുകൂട്ടിയതിന്റെ പാരിതോഷികമാണ് ഇപ്പോഴത്തെ മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ സ്ഥാനം. ക്ഷേത്ര വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ക്ഷേത്ര ഉപദേശ സമിതികളെ രാഷ്‌ട്രീയാടിസ്ഥാനത്തില്‍ രൂപീകരിക്കാനും പിരിച്ചുവിടാനും ദേവസ്വം ബോര്‍ഡ് നടത്തുന്ന ശ്രമങ്ങള്‍ അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്.
ക്ഷേത്രങ്ങളില്‍ തുടര്‍ന്നു വന്ന മതപാഠശാലകളും ആദ്ധ്യാത്മിക കേന്ദ്രങ്ങളും ഏകപക്ഷീയമായി ദേവസ്വം ബോര്‍ഡ് നിര്‍ത്തലാക്കി. ക്ഷേത്ര ഉത്സവങ്ങളില്‍ ക്ഷേത്രാചാരങ്ങളെ അവഹേളിച്ചുകൊണ്ടും നിരീശ്വരവാദത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടുമുള്ള പരിപാടികള്‍ അവതരിപ്പിക്കാനുള്ള വേദികളാക്കി മാറ്റി. ഇത് അവസാനിപ്പിക്കാന്‍ ഹൈക്കോടതി നടത്തിയ ഇടപെടലുകള്‍ പ്രശംസനീയമാണ്. തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ദര്‍ശനം നടത്താനെത്തുന്ന ഭക്തര്‍ക്ക് പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ പോലും ദേവസ്വം ബോര്‍ഡുകള്‍ പരാജയപ്പെട്ടിരിക്കുന്നു. ശബരിമലയുടെ പവിത്രത നിലനിര്‍ത്തിക്കൊണ്ടു ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കാന്‍ പര്യാപ്തമായ നിലയില്‍ രൂപകല്‍പന ചെയ്ത ഹരിവരാസനം പദ്ധതി നടപ്പിലാക്കാന്‍ ദേവസ്വം ബോര്‍ഡ് തയാറായിട്ടില്ല. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനാകാതെയും കുടിവെള്ളം ലഭിക്കാതെയും മണിക്കൂറുകള്‍ ക്യൂവില്‍ നിന്ന് ദര്‍ശനത്തിനെത്തുന്ന അയ്യപ്പ ഭക്തരോട് വളരെ ക്രൂരമായി പെരുമാറുന്ന ദേവസ്വം ഉദ്യോഗസ്ഥരുടെ നിലപാടുകളും പ്രതിഷേധാര്‍ഹമാണ്. ഭക്തരില്‍ നിന്ന് അമിത ചാര്‍ജ് ഈടാക്കുന്ന കെഎസ്ആര്‍ടിസിയും വെള്ളത്തിനും വൈദ്യുതിക്കും അമിത ചാര്‍ജ് ഈടാക്കുന്നതും അയ്യപ്പ ഭക്തരോടുള്ള വിവേചനമാണ്. നിലയ്‌ക്കല്‍- പമ്പ റൂട്ടില്‍ സൗജന്യ സര്‍വീസ് നടത്താന്‍ ഭക്തരും പല സന്നദ്ധ സംഘടനകളും സന്നദ്ധത അറിയിച്ചിട്ടും അതിന് അനുമതി നല്‍കാതെ കെഎസ്ആര്‍ടിസി അമിതചാര്‍ജ് ഈടാക്കി അയ്യപ്പഭക്തരെ ചൂഷണം ചെയ്യുന്നു. ഇത് അവസാനിപ്പിക്കണം.
അന്യാധീനപെട്ട ക്ഷേത്രഭൂമികള്‍ വീണ്ടെടുക്കുന്നതില്‍ അലംഭാവം. സംസ്ഥാനത്തെ ക്ഷേത്രങ്ങളുടെ ഉടമസ്ഥതയിലുള്ള ഏകദേശം 5ലക്ഷത്തിലധികം ഹെക്ടര്‍ (പന്ത്രണ്ടര ലക്ഷം ഏക്കര്‍) ഭൂമികളില്‍ 5 ലക്ഷത്തിലധികം ഏക്കര്‍ ഭൂമിയും അന്യാധീനപ്പെട്ടു കഴിഞ്ഞു. തിരുവിതാംകൂറില്‍ 25000 ഏക്കര്‍ ക്ഷേത്രഭൂമിയും, മലബാറില്‍ 24693.4 ഏക്കര്‍ ഭൂമിയും കൂടല്‍മാണിക്യം ദേവസ്വത്തിന്റെ കീഴില്‍ 5568. 99ഏക്കര്‍ ഭൂമിയും, ഗുരുവായൂര്‍ മണത്തല വില്ലേജിലെ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ അധീനതയിലുള്ള ഭൂമിയും അന്യാധീനപ്പെട്ടതായി ദേവസ്വം അധികാരികള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ലക്ഷക്കണക്കിന് ഭൂമി അന്യാധീനപ്പെട്ടതില്‍ കോടതികളില്‍ കേസ് നടക്കുന്നത് 64 എണ്ണത്തില്‍ മാത്രമാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അന്യാധീനപെട്ട ക്ഷേത്രഭൂമികള്‍ വീണ്ടെടുക്കാന്‍ ഒരു സ്‌പെഷ്യല്‍ തഹസീല്‍ദാര്‍, ആറ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ അടങ്ങുന്ന സംവിധാനമാണ് ഉള്ളത്. എല്ലാ ദേവസ്വങ്ങളിലും ഇതിന്റെ സംവിധാനങ്ങള്‍ കാര്യക്ഷമമല്ല. ബോ
ര്‍ഡുകളും, ഉപദേശക സമിതികളും, ക്ഷേത്ര ഭരണസമിതികളും നല്‍കുന്ന കേസുകളില്‍ അനുകൂല കോടതി ഉത്തരവുണ്ടായാല്‍ പോലും ഭൂമി നടത്തിയെടുക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ സഹായിക്കുന്നില്ല. റവന്യൂ വകുപ്പ് നടത്തുന്ന റീസര്‍വേ നടപടികളില്‍ ക്ഷേത്രഭൂമികള്‍ സ്വകാര്യഭൂമികളായി മാറുന്നതും, കൈയേറ്റക്കാര്‍ക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം ലഭ്യമാകുന്നതും സര്‍വസാധാരണമാകുന്നു. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കയ്യേറ്റം 10000 ഹെക്ടര്‍ ഭൂമിയാണ്. കൈയേറ്റത്തിന്റെ അളവ് വലുതായതുകൊണ്ട് തിരിച്ചുപിടിക്കുന്നത് സാമൂഹ്യ പ്രശ്‌നമായി മാറും എന്നാണ് മലബാര്‍ ദേവസ്വം ബോര്‍ഡ് ഭരണാധികാരികള്‍ പറയുന്നത്. ഉന്നത നീതിപീഠം ന്യായാ ന്യായങ്ങള്‍ വിലയിരുത്തി പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ പോലും കൈയേറ്റക്കാര്‍ ന്യൂനപക്ഷ മതത്തില്‍ പെട്ടവരായാല്‍ നടപടി ഇല്ല എന്നതാണ് ഇന്നത്തെ സ്ഥിതി. ദേവന്റെ സ്വത്തുക്കള്‍ സംരക്ഷിക്കേണ്ട ദേവസ്വം ബോര്‍ഡുകള്‍ നോക്കുകുത്തികളായി നില്‍ക്കുകയാണ്.
നാഷണല്‍ ഹൈവേ സൈഡിലുള്ള ക്ഷേത്രഭൂമികള്‍ പെട്രോളിയം കമ്പനികള്‍ക്കും മറ്റ് ഭൂമികള്‍ കൃഷിക്കായും നല്‍കുന്ന നടപടികള്‍ അംഗീകരിക്കാവുന്നവയല്ല. സര്‍ക്കാര്‍ പുതിയതായി പ്രഖ്യാപിച്ച ഡിജിറ്റല്‍ ലാന്‍ഡ് സര്‍വേ നടപടികള്‍ കരമൊഴിവായി ക്ഷേത്രങ്ങള്‍ക്ക് അനുവദിച്ചു കിട്ടിയ ഭൂമികളുടെ ഉടമസ്ഥാവകാശം നഷ്ടപ്പെടുവാന്‍ കാരണമാകും. ഡിജിറ്റല്‍ സര്‍വേയില്‍ നിശ്ചയിക്കപ്പെട്ട എല്ലാ ഭൂമികളുടെയും സ്ഥലമുടമകളായി ഗ്രാമ പഞ്ചായത്തുകളെ നിശ്ചയിക്കുന്നതിനാല്‍ ക്ഷേത്ര ങ്ങളുടെ അവകാശം നഷ്ടപ്പെടുവാനും ഭൂമികള്‍ അന്യാധിനപെടുവാനും കാരണ മാകും. പാട്ടത്തിന് നല്‍കിയ പലക്ഷേത്രഭൂമികളും കാലാവധി കഴിഞ്ഞിട്ടും തിരിച്ച് പിടിക്കാന്‍ കഴിയാത്ത സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് വീണ്ടും ഭൂമിപതിച്ച് കൊടുക്കല്‍ പദ്ധതി ഇവിടെ അരങ്ങേറുന്നത്. മലബാറിലെ പന്തല്ലൂര്‍, തൃക്കളയൂര്‍ തുടങ്ങിയ ക്ഷേത്ര ഭൂമികളുടെ ഉദാഹരണം ഇവിടെ ഉണ്ട്. ദേവസ്വം ബോര്‍ഡിന്റെ 6000 ഏക്കറില്‍ അധികം ഭൂമി അന്യാധീനപെടുത്തുന്നതാണ് ദേവ ഹരിതം പദ്ധതി. ദേവസ്വം ബോര്‍ഡ് മുന്‍പ് പ്രഖ്യാപിച്ച ദേവാരണ്യം പദ്ധതിയിലൂടെ വൃക്ഷങ്ങളും, തെങ്ങുകളും നട്ടുപിടിപ്പിച്ചിരുന്നു. മേല്‍ നോട്ടം വഹിക്കാനും കൃഷി പരിപാലനത്തിനും ആളില്ലാതെ ഇതെല്ലാം നാശോന്മുഖം ആയിരിക്കുമ്പോഴാണ് ദേവഹരിതം പദ്ധതി പ്രഖ്യാപിക്കുന്നത്.
സ്വര്‍ണക്കൊള്ള
ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് വിരുദ്ധമായി യുവതീപ്രവേശനം നടത്താനുള്ള നീക്കത്തിന്റെ മറവില്‍ ശബരിമലയില്‍ നടന്ന വന്‍ സ്വര്‍ണക്കൊള്ളയെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ശ്രീ കോവിലിലെ വാതില്‍പ്പടികളിലും ദ്വാരപാലക ശില്‍പങ്ങളിലും പതിച്ച സ്വര്‍ണത്തകിടുകള്‍ ചെമ്പ് എന്നു രേഖപ്പെടുത്തി പുറത്തുകൊണ്ടുപോയി സ്വര്‍ണം തട്ടിയുത്ത വന്‍ ഗൂഡാലോചനയില്‍ മുന്‍ ദേവസ്വം പ്രസിഡന്റുമാരും കമ്മിഷണര്‍മാരും സംശയത്തിന്റെ നിഴലിലാണ്. രണ്ട് മുന്‍ എക്‌സിക്യൂട്ടീവ് ആഫീസര്‍മാര്‍ അറസ്റ്റ് ചെയ്യപ്പെട്ട് റിമാന്‍ഡിലാണ്.
ഈ സ്വര്‍ണക്കൊള്ളയിലെ ഗൂഢാലോചനയിലും തട്ടിപ്പിലും പങ്കാളികള്‍ എത്ര ഉന്നതരായാലും അവരെ അറസ്റ്റ് ചെയ്ത് നിയമപരമായ നടപികള്‍ സ്വീകരിക്കേണ്ടതും നഷ്ടപ്പെട്ട സ്വര്‍ണ്ണം അവരില്‍ നിന്ന് ഈടാക്കേണ്ടതുമാണ്.
ക്ഷേത്രസ്വത്തുക്കളും ഭഗവാന്റെ തിരുവാഭരണങ്ങളും സംരക്ഷിക്കാന്‍ ദേവസ്വം ബോര്‍ഡ് ദയനീയമായി പരാജയപ്പെടിരിക്കുന്നുവെന്ന് മാത്രമല്ല, തടിപ്പുകാരുമായി കൂട്ടുചേര്‍ന്ന് അത് വിറ്റ് പണം ഉണ്ടാക്കാനും ശ്രമിച്ചതായി വ്യക്തമായ സാഹചര്യത്തില്‍ നിലവിലുള്ള ദേവസ്വം ബോര്‍ഡ് പിരിച്ചുവിട്ട് ബഹു. ഹൈക്കോടതി നിയോഗിച്ച കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രകാരം രാഷ്‌ട്രീയബന്ധം ഇല്ലാത്തവരും പൊതുരംഗത്ത് ഉന്നത നിലവാരവും വിശ്വാസ്യതയും ഭരണ പരിചയവും ഉള്ള ഈശ്വര വിശ്വാസികളായ വിശിഷ്ട വ്യക്തികളെ ദേവസ്വം ബോര്‍ഡ് മെമ്പര്‍മാരായി നിയമിക്കാന്‍ സര്‍ക്കാര്‍ നടപടി സ്ഥീകരിക്കണം. ക്ഷേത്രവിശ്വാസികളെയും ഭക്തരെയും വിശ്വാസത്തിലെടുത്ത് അവരുടെകൂടി അഭിപ്രായം മാനിച്ചുകൊണ്ടുള്ള ഒരു ഭരണ സംവിധാനം ക്ഷേത്രങ്ങളില്‍ നിലവില്‍ വരണം. സനാതന ധര്‍മ സംരക്ഷണത്തിന്റെയും സാമൂഹ്യപരിവര്‍ത്തനത്തിന്റെയും കേന്ദ്രങ്ങള്‍ ആകേണ്ട ക്ഷേത്രങ്ങളെ ഇന്ന് ധര്‍മനിഷേധത്തിന്റെയും രാഷ്‌ട്രീയദല്ലാളന്‍മാരുടെയും കേന്ദ്രങ്ങളാക്കി മാറ്റിയ തിലുള്ള ഭക്തജനങ്ങളുടെ ശക്തമായ വിയോജിപ്പ് ഈ കുറ്റപത്രത്തിലൂടെ രേഖപ്പെടുത്തുന്നു. ദൈവ നിഷേധത്തിന്റേയും വിശ്വാസതകര്‍ച്ചകളുടെയും കേന്ദ്രമാക്കി ക്ഷേത്രങ്ങളെ മാറ്റുന്നവരാണ് മിക്ക ക്ഷേത്രങ്ങളിലേയും ഭരണാധികാരികള്‍. ഇത് ഒരിക്കലും ഭക്തര്‍ക്ക് അനുവദിക്കുവാന്‍ സാധ്യമാകുന്നതല്ല.
(തയാറാക്കിയത് ഹിന്ദുഐക്യവേദി)













Discussion about this post