കൊച്ചി: ശബരിമലയില്‍ നടന്ന സ്വര്‍ണക്കൊള്ളയ്‌ക്ക് പിന്നില്‍ ഉന്നത തല ഗൂഢാലോചനയുണ്ടെന്നും ദേവസ്വം മന്ത്രിയെ മാറ്റിനിര്‍ത്തി അന്വേഷണം കേന്ദ്ര ഏജന്‍സി ഏറ്റെടുക്കണമെന്നും വിഎച്ച്പി സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും ഇപ്പോഴത്തെ മന്ത്രി വി.എന്‍. വാസവന്റെയും ഉറ്റ ചങ്ങാതിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി. സ്വര്‍ണക്കൊള്ള ദേവസ്വം ബോര്‍ഡ് മുന്‍ കമ്മീഷണര്‍ എന്‍. വാസുവിന്റെ മാത്രം ആസൂത്രണമല്ല. പിന്നില്‍ പല ഉന്നത രാഷ്രീയനേതാക്കളുടെയും ഗൂഡാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് വാസു ദേവസ്വം ബോര്‍ഡ് കമ്മീഷണറായി സ്ഥാനമേറ്റത്. സിവില്‍ സര്‍വീസില്‍ നിന്നാണ് ദേവസ്വം ബോര്‍ഡിലേക്ക് കമ്മിഷണറെ തെരഞ്ഞെടുക്കുന്നത്. അതില്‍ നിന്ന് വ്യത്യസ്തമായി സിപിഎമ്മിന്റെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന വാസു രണ്ടുതവണ ദേവസ്വം കമ്മീഷണറും ഒരു തവണ ദേവസ്വം പ്രസിഡന്റുമായിരുന്നു. സുപ്രീം കോടതിയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചതിനു പിന്നില്‍ കടുത്ത നാസ്തികനായ എന്‍. വാസുവായിരുന്നുവെന്നും വിജി തമ്പി പറഞ്ഞു. ഇപ്പോള്‍ വാസുവിനെ അറസ്റ്റ് ചെയ്തതിന് പിന്നില്‍ സിപിഎമ്മിന്റെ രാഷ്‌ട്രീയ തന്ത്രമാണ്.
വാസുവിന്റെ അറസ്റ്റ് തന്നെ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന പിണറായി വിജയന്റെ അനുവാദമില്ലാതെ സാധ്യമല്ലെന്നും വാസുവിനെ ബലിയാടാക്കി അന്വേഷണം ഉന്നതരിലേക്ക് എത്താതിരിക്കാനുള്ള സിപിഎമ്മിന്റെ തന്ത്രമാണതെന്നും വിജി തമ്പി പറഞ്ഞു. മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറിനെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി നിയമിച്ചത് തന്നെ ആസന്നമായ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പില്‍ ഹിന്ദുവിശ്വാസികളുടെ വോട്ട് നേടുകയെന്ന സിപിഎമ്മിന്റെ ഗൂഢലക്ഷ്യത്തിനാണ്. മതപരമായ സ്ഥാപനങ്ങളില്‍ നിരീശ്വരവാദികളായ രാഷ്‌ട്രീയ നേതാക്കളുടെ ഭരണം വിശ്വാസികളുടെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നതാണെന്നും വിജി തമ്പി പറഞ്ഞു.














Discussion about this post