കൊച്ചി: ശബരിമലയില്‍ ഭക്തജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളുടെ പൂര്‍ണഉത്തരവാദിത്വമേറ്റെടുത്ത് ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ രാജിവയ്‌ക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു ആവശ്യപ്പെട്ടു.
വൃശ്ചികം ഒന്നിന് നട തുറന്ന ദിവസം മുതല്‍ ശബരിമലയിലെത്തിയ അയ്യപ്പന്‍മാര്‍ തിക്കിലും തിരക്കിലും പെട്ട് കഷ്ടപ്പെടുകയാണ്. മണിക്കൂറുകള്‍ ക്യൂവില്‍ നില്‍ക്കേണ്ടി വന്ന കുഞ്ഞയ്യപ്പന്‍മാരും മാളികപ്പുറങ്ങളും ദര്‍ശനം കിട്ടാതെ മടങ്ങേണ്ട ഗുരുതരമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. കുടിവെള്ളമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ദേവസ്വം ബോര്‍ഡ് കുറ്റകരമായ അനാസ്ഥയാണ് കാണിച്ചത്. പുതിയ ദേവസ്വം ബോര്‍ഡ് ആണ് ചാര്‍ജ് എടുക്കുന്നതെന്നറിയാമായിരുന്നിട്ടും ദേവസ്വം മന്ത്രി ശബരിമല തീര്‍ത്ഥാടകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കാലേക്കൂട്ടി ഒരു തയാറെടുപ്പും നടത്തിയില്ല. വൃശ്ചികം ഒന്നിന് നട തുറക്കുമ്പോള്‍ ശബരിമല സന്നിധാനത്തെത്തുന്ന പതിവ് രീതിയും ദേവസ്വം മന്ത്രി ഉപേക്ഷിച്ചു.
വകുപ്പ് തല ഏകോപനത്തില്‍ വലിയ പാളിച്ച സംഭവിച്ചിരിക്കുന്നു. തിരക്ക് നിയന്ത്രിക്കാന്‍ ആവശ്യമായ കേന്ദ്രസേനയുടെ സഹായവും സര്‍ക്കാര്‍ തേടിയിട്ടില്ല. ശബരിമലയോടും അയ്യപ്പന്മാരോടുമുള്ള സര്‍ക്കാരിന്റെ ഉദാസീനതയാണ് ഇതിലൂടെ വ്യക്തമാവുന്നതെന്നും ആര്‍.വി. ബാബു പറഞ്ഞു.

















Discussion about this post