ചെന്നൈ : എല്ലാ വൈവിധ്യങ്ങളെയും ഉള്‍ക്കൊള്ളുകയും സ്വീകരിക്കുകയും ചെയ്യുന്ന സനാതന രാഷ്ട്രമാണ് ഭാരതമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. വിവിധത എന്നത് ഈ രാഷ്ട്രത്തിന്റെ അടിസ്ഥാനമാണ്. ഹിന്ദുത്വം എന്ന ഏകാത്മകതയാണ് ശാശ്വതം. വ്യത്യസ്തകളെല്ലാം താത്കാലികം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് ശതാബ്ദി കാര്യക്രമങ്ങളുടെ ഭാഗമായി ചെന്നൈയില്‍ ക്ഷണിക്കപ്പെട്ട സദസിനെ അഭിസംബോധന ചെയ്യുകയായിരുന്നു സര്‍സംഘചാലക്.
ഈ രാഷ്ട്രത്തോട് ചുമതലാബോധമുള്ളവരെല്ലാം ഹിന്ദുക്കളാണെന്ന് സര്‍സംഘചാലക് പറഞ്ഞു. സമൂഹത്തിനുള്ളിലെ ശക്തമായ ഒരു സംഘടനയാകാനല്ല ആര്‍എസ്എസ് ആഗ്രഹിക്കുന്നത് മറിച്ച് എതിര്‍ക്കുന്നവരടക്കം മുഴുവന്‍ സമൂഹത്തെയും സംഘടിപ്പിക്കാനാണ്. സമൂഹത്തിന് സ്വയംപര്യാപ്തമാകാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് സംഘം ചെയ്യുന്നത്. പരിവര്‍ത്തനത്തിന്റെ ചാലകശക്തി ആര്‍എസ്എസാണെന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തിക്കാണാന്‍ സംഘം ആഗ്രഹിക്കുന്നില്ല. എല്ലാ മാറ്റത്തിന്റെയും ക്രെഡിറ്റ് സമൂഹത്തിനാണ്. അത്തരത്തില്‍ മാറ്റത്തിന് നേതൃത്വം നല്കാനാവും വിധം സമൂഹം സംഘടിതമാവുകയും സ്വയം സജ്ജമാവുകയും വേണം.

ധര്‍മ്മമാണ് സമൂഹത്തെ ഏകോപിപ്പിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നത്. ധര്‍മ്മം മതമോ ആരാധനയോ അല്ല, അത് ഒരുമിപ്പിക്കുകയും ഉയര്‍ത്തുകയും ചെയ്യുന്ന ജീവിതമൂല്യമാണെന്ന് സര്‍സംഘചാലക് ഓര്‍മ്മിപ്പിച്ചു. ഭാരതത്തെ പരമവൈഭവത്തിലെത്തിക്കാനും ലോകത്തിന് മാതൃകയായി വളര്‍ത്താനും സമൂഹത്തെ സജ്ജമാക്കുകയാണ് സംഘം ചെയ്യുന്നത്. അതിന് ഒരുമയും ഗുണസമ്പന്നവുമായ സമൂഹം സൃഷ്ടിക്കപ്പെടണം. ലോകത്തിന്റെ ഭാവി വിശ്വഗുരുവായിത്തീരുന്ന ഭാരതത്തിലാണ്. ആ ചുമതല നമ്മുടെ ചുമലിലാണ്. നമ്മുടെ അടുത്ത തലമുറ സംസ്‌കാരത്തില്‍ അഭിമാനിക്കണമെങ്കില്‍, ആദ്യം നമുക്ക് അഭിമാനം ഉണ്ടായിരിക്കണമെന്ന് ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു.
വ്യക്തിനിര്‍മാണമല്ലാതെ മറ്റൊന്നും സംഘത്തിന്റെ പ്രവര്‍ത്തനമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ സ്വയംസേവകര്‍ എല്ലാം ചെയ്യും. 100 വര്‍ഷത്തെ സംഘയാത്ര എളുപ്പമായിരുന്നില്ല. ചിന്തകള്‍ അംഗീകരിക്കപ്പെട്ടില്ല. സാമ്പത്തിക പിന്തുണയോ മാധ്യമസഹായമോ ഉണ്ടായിരുന്നില്ല. ഭരണാധികാരികള്‍ എപ്പോഴും സംഘ വിരുദ്ധരായിരുന്നു. ഹിന്ദു മരിക്കുന്ന സമൂഹമാണെന്ന് ആളുകള്‍ക്ക് തോന്നിയിരുന്നു. സ്വയംസേവകരുടെ സമര്‍പ്പണത്തിലൂടെ സംഘം ഇതുവരെ എത്തിയത്. ഈ യാത്രയില്‍ ഒരു സംഘടനയും നേരിടാത്ത എതിര്‍പ്പ് നമ്മള്‍ നേരിട്ടു. സ്വയംസേവകര്‍ ആക്രമിക്കപ്പെട്ടു, കൊല്ലപ്പെട്ടു, എന്നിട്ടും വിശ്വാസ്യതയുടെയും സ്വീകാര്യതയുടെയും ഘട്ടത്തിലേക്ക് സംഘം എത്തിയത് പ്രതിബദ്ധതയുള്ള പ്രവര്‍ത്തകരുടെ കഠിനപരിശ്രമത്തിലൂടെയാണെന്ന് സര്‍സംഘചാലക് പറഞ്ഞു.














Discussion about this post