ഗോരഖ്പൂർ (ഉത്തർപ്രദേശ്): ലോകം നേരിടുന്ന എല്ലാ പ്രശ്നങ്ങളും ഹിന്ദുധാർമ്മികജീവിത രീതിയിലൂടെ പരിഹരിക്കാനാകുമെന്ന് ആർഎസ്എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ. യുദ്ധം മുതൽ കാലാവസ്ഥാ വ്യതിയാനം വരെ, പരിസ്ഥിതി വിനാശം മുതൽ വിഘടനവാദം വരെ, അസമത്വം മുതൽ അഭയാർത്ഥി പ്രശ്നങ്ങൾ വരെ എല്ലാറ്റിനും ഹിന്ദു ജീവിത രീതിയിൽ പരിഹാരമുണ്ട്, അദ്ദേഹം പറഞ്ഞു. ഗോരഖ്പൂർ ശ്രീറാം ബസ്തിയിലെ മാളവ്യ നഗറിൽ ആർഎസ്എസ് ശതാബ്ദി പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു സർകാര്യവാഹ്.
ഹിന്ദുധർമ്മം ഏതെങ്കിലും ആരാധനാ രീതിയുടെ പേരല്ല, അത് ശാശ്വതമായ ജീവിതകലയാണ്. സഹവർത്തിത്വവും സാഹോദര്യവുമാണ്. ഭേദചിന്തകളില്ലാത്ത ഉൾക്കൊള്ളലാണ്. സർവ ചരാചരങ്ങളോടും സ്വന്തമെന്ന ഭാവം പുലർത്തലാണ്. ഹിന്ദുധർമ്മം മത ഭേദമില്ലാതെ എല്ലാ ഭാരതീയരുടെയും ജീവിത ക്രമമാണ്, ദത്താത്രേയ ഹൊസബാളെ പറഞ്ഞു.
വിവിധങ്ങളായ വിശ്വാസങ്ങളും ആരാധനാ സമ്പ്രദായങ്ങളുമുണ്ടെങ്കിലും നമ്മുടെ സാംസ്കാരിക അടിത്തറ ഒന്നാണെന്ന് സർകാര്യവാഹ് ഓർമ്മിപ്പിച്ചു. സനാതന ധർമ്മം തന്നെയാണ് മാനവികത. അതു തന്നെയാണ് ഹിന്ദുധർമ്മവും. ലോകമെമ്പാടുമുള്ള മനുഷ്യരാശിയെ പ്രബുദ്ധരാക്കേണ്ട ചുമതല ഹിന്ദുധർമ്മത്തിനുണ്ട്. പ്രകൃതിയെ പരിപാലിക്കുന്നതിലൂടെ, നിയമങ്ങൾ അനുസരിക്കുന്നതിലൂടെ, പരസ്പര സ്നേഹവും സഹകരണവും വളർത്തുന്നതിലൂടെനമ്മുടെ സമൂഹം ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഇത് കൂടുതൽ സമഗ്രമായി മുന്നോട്ട് കൊണ്ടുപോകാനാണ് രാഷ്ട്രീയ സ്വയംസേവക സംഘം പഞ്ച പരിവർത്തനം ജീവിതക്രമത്തെക്കുറിച്ച് പറയുന്നത്, അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏത് രാജ്യത്തെയും ആളുകൾക്ക് നമ്മുടെ ധർമ്മം പിന്തുടരാമെന്നതിൻ്റെ തെളിവാണ് അന്താരാഷ്ട്ര യോഗ ദിനത്തിന് ലഭിച്ച സ്വീകാര്യതയെന്ന് സർകാര്യവാഹ് പറഞ്ഞു. നമ്മുടെ രാജ്യത്തിന് മഹത്തായ ഒരു ഭൂതകാലമുണ്ട്. നമ്മുടെ പൂർവ്വികർ നൂറുകണക്കിന് വർഷങ്ങളായി അധിനിവേശത്തിനെതിരെ പോരാടി. ഇന്നാട്ടിലെ മണ്ണ് നമുക്ക് ചന്ദനമാണ്, ഓരോ ഗ്രാമവും തപോഭൂമിയാണ്, ഓരോ പെൺകുട്ടിയും ദേവിമാരാണ്. ബാലകരെല്ലാം ശ്രീരാമന്മാരാണ്. ഭാരതം ഒരിക്കലും ലോകത്തെ ചൂഷണം ചെയ്തിട്ടില്ല. ഭാരതീയ സമൂഹവും ജീവിതവും ലോകത്തിന് മാതൃകയായി മാറണം. നമ്മുടെ രാഷ്ട്രത്തെ ലോകം ആദരവോടെയും പ്രതീക്ഷയോടെയും കാണാനുതകും വിധം ഓരോ പൗരൻ്റെയും ജീവിതം മാറണം. ഇതിനായി, നമ്മുടെ വീടുകളും ചുറ്റുപാടുകളും സമൂഹവും നല്ല രീതിയിൽ നിലനിർത്തണം. നമ്മൾ നന്നായി നിൽക്കുന്നില്ലെങ്കിൽ, മറ്റുള്ളവരെ എങ്ങനെ ശരിയായ വഴിക്ക് നയിക്കാൻ കഴിയുമെന്ന് സർകാര്യവാഹ് ചോദിച്ചു.
ഹിന്ദുധർമ്മത്തിൻ്റെ സംരക്ഷകരായി സമൂഹം മാറുകയാണ് വേണ്ടത്. അതിന് സമൂഹത്തിൽ ദേശീയമായ സ്വഭാവമുറയ്ക്കണം. വ്യക്തിനിർമ്മാണത്തിലൂടെ ദേശീയ സ്വഭാവം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘം ശാഖകളെ വിഭാവനം ചെയ്തത്.നമ്മുടെ കുട്ടികൾക്ക് ജീവിത മൂല്യങ്ങൾ പകരേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കഥകൾ, പെരുമാറ്റം, വിദ്യാഭ്യാസം എന്നിവയിലൂടെ കുട്ടികളെ മികച്ച പൗരന്മാരാക്കി മാറ്റാൻ പ്രവർത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
അധ്യാത്മ യോഗ സാധനാ കേന്ദ്രം ഡയറക്ടർ സ്വാമി സച്ചിദാനന്ദ വിശിഷ്ടാതിഥിയായി. റിട്ട. അഡീഷണൽ ജില്ലാ ജഡ്ജി പ്രഭാകർ മിശ്ര അധ്യക്ഷനായി.















Discussion about this post