തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയില്‍ ആറ് ചിത്രങ്ങള്‍ക്ക് അനുമതി നിഷേധിച്ചത് രാജ്യത്തിന്റെ നയതന്ത്ര ബന്ധങ്ങളെ ബാധിക്കുമെന്നതിനാലാണെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ റസൂല്‍ പൂക്കുട്ടി.
വിദേശനയത്തിന്റെ ഭാഗമായി സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചതിനെ എതിര്‍ക്കുന്നവരുടെ നിലപാടിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. വിദേശനയവുമായി ബന്ധപ്പെട്ട തീരുമാനങ്ങളെ എതിര്‍ക്കുന്നവര്‍ ഇന്ത്യക്കാരാണോ എന്ന് അദ്ദേഹം ചോദിച്ചു. രാജ്യത്തിനാണ് പ്രാധാന്യം, മറ്റെല്ലാം പിന്നെയാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ചലച്ചിത്രമേളയുടെ സമാപനത്തിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു റസൂല്‍ പൂക്കുട്ടി.
ഭാരത സര്‍ക്കാരിന്റെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളാലാണ് ചില സിനിമകള്‍ക്ക് അനുമതി നല്‍കാത്തത്. എന്തിന്റെ അടിസ്ഥാനത്തിലാണ് അതിനെ എതിര്‍ക്കേണ്ടത് എന്നും അദ്ദേഹം ചോദിച്ചു. അങ്ങനെ എതിര്‍ക്കുന്ന നിങ്ങള്‍ ഇന്ത്യക്കാരനാണോ. നമ്മള്‍ ആദ്യം ഇന്ത്യക്കാരാണ്, മറ്റെല്ലാം രണ്ടാമതാണെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു. ഏറ്റവും വിദ്യാഭ്യാസമുള്ള നാട്ടിലെ ജനങ്ങള്‍ എന്നുപറഞ്ഞിട്ട് ഇങ്ങനെയാണോ നമ്മള്‍ പ്രതികരിക്കേണ്ടത്. സിനിമകള്‍ക്ക് സെന്‍സറിങ് ഇളവ് നിഷേധിച്ച കേന്ദ്ര നടപടിയെ എതിര്‍ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വിദേശകാര്യ നയം എന്നത് വെറുതെ കളിക്കാനുള്ള ഒന്നല്ലെന്നും ഓര്‍മ്മിപ്പിച്ചു. സിനിമകള്‍ക്ക് അനുമതി തേടുന്ന കാര്യത്തില്‍ അക്കാദമിയുടെ ഭാഗത്ത് നിന്ന് യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.













Discussion about this post