തിരുവനന്തപുരം: ഗോവ വിമോചന സമരത്തില്‍ പങ്കെടുത്ത മലയാളികളുടെ കുടുംബാംഗങ്ങളെ ലോക്ഭവന്‍ ആദരിച്ചു. ഗോവ വിമോചന ദിനത്തോടനുബന്ധിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്തു.
സമരത്തില്‍ പങ്കെടുത്തവരില്‍ ജീവിച്ചിരിക്കുന്ന ലഫ്. കമാന്‍ഡര്‍ പി.കെ. നാരായണ പിള്ളയെ ചടങ്ങില്‍ പ്രത്യേകം ആദരിച്ചു. ഗോവ വിമോചന സമരത്തില്‍ പങ്കെടുത്തവരുടെ കുടുംബാംഗങ്ങളെയും ചടങ്ങില്‍ ആദരിച്ചു. ഓരോരുത്തരായി ഗവര്‍ണര്‍ വേദിയില്‍ വിളിച്ച് ഷാള്‍ അണിയിച്ച് മെമന്റോ നല്‍കി.
ഗോവ വിമോചന ദിനം ഗോവയില്‍ മാത്രമല്ല, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ആഘോഷിക്കുന്നുവെന്ന് ഗവര്‍ണര്‍ പറഞ്ഞു. ത്യാഗം സഹിച്ച എല്ലാ സ്വാതന്ത്ര്യ സമര സേനാനികളെയും സല്യൂട്ട് ചെയ്യുന്നു. ഗോവയുടെ വിമോചനം കൂടാതെ സ്വാതന്ത്ര്യം പൂര്‍ണമാകില്ല എന്നാണ് പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ പ്രക്ഷോഭ ഘട്ടത്തില്‍ പറഞ്ഞത്. നിര്‍ഭാഗ്യവശാല്‍ അന്നത്തെ നമ്മുടെ പ്രധാനമന്ത്രി അതിനുവേണ്ടി ഒന്നും ചെയ്തില്ല. നെഹ്‌റുവിന്റെ നിലപാടിനെതിരെ രാജ്യത്താകമാനം പ്രതിഷേധം ഉയരുകയും ഗോവയെ മോചിപ്പിക്കണമെന്ന സമ്മര്‍ദ്ദം ശക്തമാകുകയും ചെയ്തപ്പോഴാണ് നെഹ്‌റു സൈനിക ഓപ്പറേഷന് തയാറായതെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഗോവ വിമോചന സമരത്തില്‍ പങ്കെടുത്ത ലഫ്. കമാന്‍ഡര്‍ പി.കെ. നാരായണപിള്ള, ഗോവ ഫ്രീഡം ഫൈറ്റേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ജാനകി, ലേഡി ഗവര്‍ണര്‍ അനഘ ആര്‍ലേക്കര്‍, ലോക്ഭവന്‍ ഡെപ്യൂട്ടി സെക്രട്ടറി ആര്‍.കെ മധു തുടങ്ങിയവര്‍ സംസാരിച്ചു.














Discussion about this post