ഡോ. സി. മഹേഷ്
1831 മുതല്‍ 1921ന് മുമ്പ് വരെയുള്ള മലബാര്‍ പ്രദേശങ്ങളില്‍ നടന്ന മാപ്പിള ലഹളകളെ ക്രമാനുഗതമായി പുനരവതരിപ്പിക്കുക എന്നതാണ് ഈ ലേഖനത്തിന്റെ മുഖ്യലക്ഷ്യം. പ്രസിദ്ധീകൃതമായ ഈ പുസ്തകങ്ങളില്‍ നിന്നും ലഭ്യമായ ചരിത്രരേഖകളില്‍ നിന്നുമാണ് ഈ കാലക്രമം ചിട്ടപ്പെടുത്തിയിട്ടുള്ളത്. സംഭവങ്ങളുടെ ക്രമത്തിന് മാറ്റമുള്ളതായി കാണുന്നില്ലെങ്കിലും ദിവസങ്ങളുടെയും തിയതികളുടെയും അറസ്റ്റ് ചെയ്യപ്പെട്ടവരുടെയും കൊല്ലപ്പെട്ടവരുടെയും കണക്കുകളില്‍ നേരിയ ചില വ്യത്യാസങ്ങള്‍ ഗ്രന്ഥകാരന്മാരില്‍ കാണുന്നുണ്ട്. മറ്റൊരു പ്രധാന സംഗതി മലബാര്‍ കലാപങ്ങളെ കാര്‍ഷിക സമരമായിട്ടും സ്വാതന്ത്ര്യസമരമായും വ്യാഖ്യാനിച്ചിട്ടുണ്ട് എന്നതാണ്. കലാപത്തിന്റെ ചരിത്രത്തെ വര്‍ഗസമരത്തിന്റെ ദ്വന്ദാത്മകതയിലേക്ക് വെട്ടിച്ചുരുക്കി ജന്മി- കുടിയാന്‍ ബന്ധത്തിനുള്ളിലേക്ക് പരിവര്‍ത്തനം ചെയ്ത് ചരിത്രം പടച്ചവര്‍ സ്വന്തം പ്രസ്ഥാനത്തിന്റെ രാഷ്ട്രീയാധികാരത്തിന്റെ പാത വെട്ടിത്തുറക്കുമ്പോള്‍ വര്‍ഗീയ വിദ്വേഷത്തിന്റെ വിഷം ഏറ്റെടുക്കേണ്ടി വന്ന ദേശീയ ജനത ചരിത്രത്തിന്റെ വിസ്മൃതിയിലേക്ക് ആണ്ടുപോയി. സ്വത്വബോധത്തിന്റെ വിസ്മൃതിയില്‍ കാര്‍ഷിക സമരസിദ്ധാന്തത്തെ ഉരുവിട്ട് മനപാഠമാക്കേണ്ടിവന്ന നിലയിലാണ് പുതിയ തലമുറ. സത്യം സ്വയം പ്രകാശിപ്പിക്കപ്പെടുകയാണ് ഈ സംഭവങ്ങളുടെ പുനര്‍വായനയിലൂടെ.
പത്തൊമ്പതാം നൂറ്റാണ്ടില്‍ ആരംഭിച്ച് ഇരുപതാം നൂറ്റാണ്ടില്‍ അവസാനിച്ച കലാപങ്ങളെ പൊതുവില്‍ മാപ്പിള ലഹളകള്‍ എന്ന് വിളിച്ചിരുന്നു.
ഹൈദരാലിയുടെ നിര്‍ദേശപ്രകാരം 1782ല്‍ നവംബറില്‍ ഒരു വന്‍ സൈന്യം ടിപ്പുവിനൊപ്പം മലബാറില്‍ എത്തി. പൊന്നാനിയില്‍ വച്ച് ഇംഗ്ലീഷുകാരുമായി ഏറ്റുമുട്ടി. പിതാവിന്റെ മരണവാര്‍ത്തയറിഞ്ഞ് ടിപ്പു ഡിസംബറില്‍ മൈസൂരിലേക്ക് തിരിച്ചുപോയി. 1784 മാര്‍ച്ചില്‍ മംഗലാപുരം സന്ധിപ്രകാരം രണ്ടാം ആംഗ്ലോ മൈസൂര്‍ യുദ്ധം അവസാനിപ്പിക്കുകയും മലബാറിന്റെ മേല്‍ ഉണ്ടായിരുന്ന ഇംഗ്ലീഷ് കമ്പനിയുടെ എല്ലാ അവകാശങ്ങളും ടിപ്പുവിന് കൈമാറുകയും കേരളത്തിലെ രാജാക്കന്മാര്‍ ടിപ്പുവിനെ സുഹൃത്തുക്കളായി അംഗീകരിക്കുയും ചെയ്തു. ഇതോടെ മലബാര്‍ വീണ്ടും മൈസൂരിന്റെ ആധിപത്യത്തിലേക്കു വന്നു. തിരുവിതാംകൂര്‍ ആക്രമിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കിടയ്ക്ക് 1790ല്‍ തിരുവിതാംകൂര്‍ സൈന്യം പിന്‍വാങ്ങിയതിനെ തുടര്‍ന്ന് മൈസൂര്‍ സൈന്യം കൊടുങ്ങല്ലൂര്‍, ആലങ്ങല്‍, പറവൂര്‍ എന്നിവ കീഴടക്കിയശേഷം ആലുവയില്‍ തമ്പടിക്കുകയും ചെയ്തു. അതിന്റെ ഇടയില്‍ ബ്രിട്ടീഷുകാര്‍ മൈസൂരിനെതിരെ ഉടന്‍ യുദ്ധം ആരംഭിക്കുമെന്ന് വാര്‍ത്ത ലഭിച്ചതിനെ തുടര്‍ന്ന് ടിപ്പു 1970 മാര്‍ച്ച് 24ന് മൈസൂരിലേക്ക് തിരിച്ചുപോയി. ടിപ്പു പിന്‍വാങ്ങിയ സമയത്ത് മലബാര്‍ ഇംഗ്ലീഷുകാരുടെ സഹായത്തോടെ സ്വതന്ത്രമാക്കപ്പെട്ടു. മൈസൂര്‍ യുദ്ധത്തില്‍ പൂര്‍ണമായി പരാജയപ്പെട്ട ടിപ്പു 1972 മാര്‍ച്ച് 18ന് ശ്രീരംഗപട്ടണം ഉടമ്പടി ഒപ്പുവച്ചു. ഉടമ്പടി പ്രകാരം മലബാര്‍ പൂര്‍ണമായും ബ്രിട്ടീഷ് നിയന്ത്രണത്തിനു കീഴിലായി. (എം. ഗംഗാധരന്‍- 1991)
1792ല്‍ ടിപ്പു സുല്‍ത്താന്‍ മലബാറിന്റെ നിയന്ത്രണം ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് നല്‍കിയതുമുതല്‍ തെക്കെ മലബാറിലെ മുസ്ലീങ്ങള്‍- മാപ്പിളമാര്‍- ബ്രിട്ടീഷ് അധികാരത്തെ ധിക്കരിക്കാന്‍ തുടങ്ങിയിരുന്നു. ബ്രിട്ടീഷ് ആധിപത്യത്തില്‍, മലബാറില്‍ നിന്ന് നാടുവിട്ടുപോയ ഹിന്ദുക്കള്‍ തിരിച്ചുവന്ന് അന്യാധീനപ്പെട്ട തങ്ങളുടെ ഭൂമി, അധികാരങ്ങള്‍ മുതലായവ വീണ്ടെടുക്കാന്‍ തുടങ്ങി. 1794 മുതല്‍ ഉള്ള കമ്പനി നയം ഹിന്ദു പ്രമാണിമാരെ അവരുടെ ഭൂസ്വത്തുക്കളില്‍ പുനിര്‍വിന്യസിക്കുക എന്നതായിരുന്നു. ഈ സാഹചര്യത്തില്‍ ജന്മി- കുടിയാന്‍ പ്രശ്‌നം സ്വയം പരിഹരിക്കപ്പെടുമെന്ന കമ്പനി കരുതി. എന്നാല്‍ ഫലത്തില്‍ സംഭവിച്ചത് മറിച്ചായിരുന്നു. ജില്ലയിലെ ഭൂസ്വത്തുക്കള്‍ വെട്ടിപ്പിടിച്ചു സ്വായത്തമാക്കുന്നതില്‍ വര്‍ഷങ്ങളോളം മാപ്പിളമാര്‍ക്ക് സാധിച്ചു. (കോണ്‍റാഡ് വുഡ് 250) 1796-97 ആയപ്പോഴേക്കും മാപ്പിളമാരുടെ സംഖ്യാബലവും കടന്നുകയറ്റവും കൊണ്ട് രാജക്കന്മാരുടെ അധികാരത്തെ ഇല്ലാതെയാക്കാന്‍ കഴിഞ്ഞു.
1799 മെയ് മാസത്തോടെ ശ്രീരംഗപട്ടണത്തെ ടിപ്പുവിന്റെ വാഴ്ച നിലംപതിച്ചതോടെ ബ്രിട്ടീഷുകാര്‍ക്ക് മാപ്പിളമാരോടുള്ള മനോഭാവത്തില്‍ മാറ്റം വന്നു. 1799 നവംബറില്‍ അത്തന്‍ കുരിക്കള്‍ തങ്ങളിലാരെയെങ്കിലും ബ്രിട്ടീഷ് ഭരം പിടിക്കാന്‍ മുതിര്‍ന്നാല്‍ അത്തരം ശ്രമങ്ങളെ ചെറുക്കാന്‍ പരസ്പരം സഹായിക്കുമെന്ന് തീരുമാനിക്കുകയുണ്ടായി. 1800 മുതല്‍ ബ്രിട്ടീഷ് അധികാരത്തെ പരസ്യമായി വെല്ലുവിളിക്കത്തക്കവണ്ണം (കോണാഡ് വുഡ് 2500- 129) മാപ്പിള ഏകീകരണം സാധിച്ചിരുന്നു. കമ്പനി വാഴ്ചയ്ക്ക് കീഴില്‍ ഇസ്ലാം മതം സംരക്ഷിക്കപ്പെടുകയില്ല; മറിച്ച് നശിപ്പിക്കപ്പെടുകയാണെന്ന് മാപ്പിള നേതാക്കള്‍ പ്രചരിപ്പിച്ചു.
ടിപ്പു സുല്‍ത്താന്‍ ഗവണ്‍മെന്റിന്റെ ശമ്പളം പറ്റുന്ന സേവകരായി റിക്രൂട്ട് ചെയ്യപ്പെട്ട ഉണ്ണിമൂത്തയും ചെമ്പന്‍ പോക്കറും ഉണ്ണിമൂത്തയുടെ ബന്ധുവായ അത്തന്‍ ഗുരുക്കളുമടങ്ങുന്ന മൂപ്പന്മാര്‍ കമ്പനി ഭരണത്തിനെതിരെ നിരന്തരമായ കലാപങ്ങള്‍ ഉയര്‍ത്തി. ഇത്തരം ലഹളകളെ 1802-ല്‍ പ്രാദേശികമായി ഗവണ്‍മെന്റ് പട്ടാളം നിര്‍മാര്‍ജനം ചെയ്തു.
19-ാം നൂറ്റാണ്ടിലെ കലാപത്തിന്റെ ഒന്നാം ഭാഗം ഇവിടെ അവസാനിക്കുകയും ലഹളകളുടെ അനന്തരഫലമായി 1820-1830 ആയപ്പോഴേക്കും ജന്മിമാരുടെ അധികാരം പൂര്‍ണമായും പുനഃസ്ഥാപിക്കപ്പെടുകയും ചെയ്തു.
19-ാം നൂറ്റാണ്ടിലെ മാപ്പിള കലാപങ്ങളുടെ രണ്ടാം ഘട്ടം ആരംഭിക്കുന്നത് 1836ല്‍ ആണ്. 1836 മുതല്‍ 1853 വരെയുള്ള 18 വര്‍ഷങ്ങള്‍ക്കിടയില്‍ മാത്രമായി 22ഓളം ശക്തമായ കലാപങ്ങള്‍ നടന്നതായി കലക്ടറായിരുന്ന ഇന്നസ് രേഖപ്പെടുത്തുന്നു. (ഗംഗാധരന്‍ 05- 1991, ശ്രീധരമേനോന്‍, 280-2007) ആദ്യത്തെ ലഹള റിപ്പോര്‍ട്ട് ചെയ്യുന്നത് പന്തലൂര്‍ എന്ന സ്ഥലത്തുനിന്നാണ്. (മാധവന്‍ നായര്‍ 24- 1971)
1836-ല്‍ നടന്ന ലഹളയെപ്പറ്റി ഇങ്ങനെ വിവരിക്കുന്നു. ‘ഏറനാട് ദേശക്കാരനായ കല്ലങ്ങല്‍ കുഞ്ഞോലന്‍ എന്ന ഒരാള്‍ കണിശന്‍ചക്കുപ്പണിക്കര്‍ എന്ന ജ്യോതിഷിയെ കൊല്ലുകയും വേറെ മൂന്ന് പേരെ കുത്തി മുറിവേല്‍പിക്കുകയും ചെയ്ത് പിന്നീട് നെന്മിനി മലയില്‍ അഭയം പ്രാപിച്ചു. രണ്ടു ദിവസങ്ങള്‍ക്കുശേഷം കുഞ്ഞോലന്‍ താസില്‍ദാരുടെ സാന്നിധ്യത്തില്‍ പോലീസിനാല്‍ വധിക്കപ്പെട്ടു’. 1836നും 1850നും മധ്യേയാണ് ലഹളയുടെ മൂര്‍ധന്യകാലമായി മാധവന്‍ നായര്‍ കാണുന്നത്. 18 കൊല്ലത്തിനുള്ളില്‍ ആകെ 26 ലഹളകള്‍ നടന്നതായി രേഖപ്പെടുത്തുന്നു. അവയില്‍ ആദ്യത്തെ ആറു ലഹളകള്‍ അത്ര സാരമുള്ളതല്ല. ചെങ്ങര, മങ്കട, പള്ളിപ്പുറംസ ഇരുമ്പുഴി എന്നീ സ്ഥലങ്ങളിലാണ് ഈ ലഹളകള്‍ നടന്നത്. 1836നും 1840നും ഇടയില്‍ അഞ്ചു ചെറിയ ലഹളകള്‍ നടന്നതായി മറ്റൊരിടത്ത് രേഖപ്പെടുത്തിയിരിക്കുന്നു. കുറഞ്ഞത് ആറ് ഹിന്ദുക്കള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
1841ല്‍ പന്തല്ലൂര്‍ എന്ന സ്ഥലത്ത് കുഞ്ഞോലന്‍ എന്ന പ്രധാനിയുടെ നേതൃത്വത്തില്‍ ലഹള ഉണ്ടായി. ലഹളയില്‍ അവിടുത്തെ ഒരു നമ്പൂതിരിയെയും ജന്മിയായ പെരുമ്പുള്ളി നമ്പൂതിരിയെയും ലഹളക്കാര്‍ കൊല്ലുകയും മറ്റ് ചില ആശ്രിതരായ ഹിന്ദുക്കളുടെ വീട് തീവച്ചു നശിപ്പിക്കുകയും ചെയ്തു. അതിനുശേഷം അവര്‍ നമ്പൂതിരിയുടെ ഇല്ലത്ത് താമസം ഉറപ്പിക്കുകയും അവിടെവച്ച് പട്ടാളക്കാര്‍ അവരെ വെടിവച്ചുകൊല്ലുകയും (മാധവന്‍ നായര്‍- 24) ചെയ്തു.
പ്രൊഫ. കൊണ്‍റാഡ് വുഡ് മാപ്പിള ലഹളയുടെ രീതിയെ വിലയിരുത്തുന്നത് ഇങ്ങിനെയാണ്. 1836 മുതല്‍ 1919 വരെ മാപ്പിള ലഹളകളുടെ അപസ്മാരഭവം പ്രകടമാണ്. മാപ്പിളമാര്‍ സ്വയം മരണം വരിച്ച 29 പ്രത്യേക സംഭവങ്ങള്‍ ഈ കാലയളവില്‍ കാണാന്‍ സാധിക്കും. ഈ 29 കേസുകളിലും (മൂന്നെണ്ണം ഒഴികെ) ഒന്നുമുതല്‍ 19 വരെ മാ്പ്പിളമാര്‍ പങ്കെടുത്തിട്ടുണ്ട്. അതില്‍ പങ്കെടുക്കുന്നവരുടെ എണ്ണം സംഭവത്തിന്റെ തുടക്കം കുറിക്കുന്നവര്‍ കുറച്ചുപേരായിരിക്കും പിന്നീടത് പെരുകുന്നു. രക്തസാക്ഷിത്വം വരിക്കുക എന്നതാണ് ലക്ഷ്യം. 29 ലഹളകളിലും കൂടി മൊത്തം പങ്കെടുത്തതായി കണക്കാക്കപ്പെടുന്ന 352 മാപ്പിളമാരില്‍ 24 പേര്‍ മാത്രമാണ് രക്തസാക്ഷിത്വം വരിക്കുന്നതില്‍ പരാജയപ്പെട്ടത്. (കോണ്‍റാഡ് വുഡ്- 22) ഇസ്ലാമിനുവേണ്ടി മരിക്കുന്നത് സ്വര്‍ഗത്തിലേക്കുള്ള മാര്‍ഗമായി വിശ്വസിച്ചു.
1841ല്‍ തന്നെ മറ്റൊരു ലഹളയുണ്ടായി. കയ്‌തൊട്ടിപ്പടി മൊയ്തീന്‍കുട്ടിയും ഏഴു പേരടങ്ങുന്ന ഒരു സംഘവും തൊട്ടശേരി താച്ചുപണിക്കരെയും അദ്ദേഹത്തിന്റെ സേവകനെയും കൊന്നു. പിന്നീട് പള്ളിയില്‍ കയറി ഒളിച്ച കലാപകാരികളുടെ കൂടെ മൂന്നുപേര്‍ കൂടി ചേര്‍ന്നു. എല്ലാവരെയും പട്ടാക്കളക്കാരും പോലീസും ചേര്‍ന്ന് നാലു ദിവസത്തിനകം വധിച്ചു. മരണപ്പെട്ടവരുടെ ശവദാഹം രണ്ടായിരത്തോളം വരുന്ന മാപ്പിളമാരുമായി ചെറിയ സംഘര്‍ഷത്തിന് കാരണമായി. ഈ ലഹളയ്ക്കു കാരണം പള്ളിക്കു ചുറ്റും മതില്‍ കെട്ടുന്നതിന് താച്ചുപണിക്കര്‍ തടസം നിന്നു എന്നതായിരുന്നു. (മാധവന്‍ നായര്‍)
1842ല്‍ ഉണ്ടായ കലാപത്തില്‍ മേലേമന കുഞ്ഞിയത്തന്‍ എന്ന ഏറനാട് സ്വദേശിയും മറ്റ് ഏഴ് പേരും ചേര്‍ന്ന് തളാപ്പില്‍ ചങ്കു നായരെയും മറ്റൊരാളെയും കൊലപ്പെടുത്തി. കലാപകാരികളെ പിന്നീട് പട്ടാളം വെടിവച്ചുകൊന്നു.
1843ല്‍ കണ്ണഞ്ചേരി ആലി അത്തനും വേറെ അഞ്ചു പേരും ചേര്‍ന്ന് തിരൂരങ്ങാടി അധികാരിയായിരുന്ന കപ്രാട്ട് കൃഷ്ണപ്പണിക്കര്‍ എന്നയാളെ കൊന്ന് ഒരു നായര്‍ പ്രമാണിയുടെ വീട്ടില്‍ കയറി. ഏകദേശം 60 പട്ടാളക്കാര്‍ ഇവരെ വളയുകയും യുദ്ധം ചെയ്യുകയും ചെയ്തു. ചെറിയ സംഘട്ടനത്തിനൊടുവില്‍ കലാപകാരികള്‍ കൊല്ലപ്പെടുകയും ഒരു സുബേദാറും മൂന്നു പട്ടാളക്കാരും മരണമടയുകയും ചെയ്തു. പട്ടാളക്കാര്‍ക്കും ക്യാപ്റ്റനും സാരമായ മുറിവുപറ്റി. ഈ ലഹളയെക്കുറിച്ച് പിന്നീട് പടപ്പാട്ടുകള്‍ നിര്‍മിക്കപ്പെട്ടു. ധാരാളം കലാപങ്ങളില്‍ ഇവരുടെ വീരകഥകള്‍ പാടിപ്പുകഴ്ത്തി. 1843ല്‍ തന്നെ ഉണ്ടായ മറ്റൊരു ലഹളയില്‍ പാണ്ടിക്കാട് പ്രധാന ജന്മിയായ കറുകമണ്ണ മൂസ്സിനെ ലഹളക്കാര്‍ കൊല്ലുകയും ക്ഷേത്രങ്ങള്‍ നശിപ്പിക്കുകയും ബിംബങ്ങള്‍ ഉടയ്ക്കുകയും ചെയ്തു. 10 പേരടങ്ങുന്ന ലഹള സംഘത്തെ പട്ടാളം വെടിവച്ചുകൊന്നു.
1847ല്‍ ലഹള പാരമ്പര്യമുള്ള തോരങ്ങല്‍ കുടുംബത്തിലെ അത്തന്‍, അത്തിന്‍ ഗുരിക്കള്‍ എന്നിവരും മറ്റു ചിലരും ചേര്‍ന്ന് മരനാട്ട് നമ്പൂതിരിയുടെ ഒരു ഭൃത്യനെയും ഒരു തിയ്യനെയും കൊന്നു. (മാധവന്‍ നായര്‍- 25) മഞ്ചേരിക്കടത്തുള്ള കുന്നത്തമ്പലത്തില്‍ കയറി ക്ഷേത്രം നശിപ്പിച്ചു. 32 പേര്‍ അടങ്ങുന്ന സംഘത്തെ അമര്‍ച്ച ചെയ്യാന്‍ ക്യാപ്റ്റന്‍ വാട്ട് മലപ്പുറത്തുനിന്നും മഞ്ചേരിയിലേക്ക് മാര്‍ച്ച് ചെയ്തു. ഏറ്റുമുട്ടലില്‍ വൈസ് എന്ന പട്ടാളക്കാരനും അദ്ദേഹത്തിന്റെ നാലു സഹചാരികളും മരിച്ചു. ഇന്ത്യന്‍- ബ്രിട്ടീഷ് പട്ടാളത്തെ ചുറുത്തുനിന്ന കലാപകാരികളുടെ എണ്ണം 65 ആയി ഉയര്‍ന്നു. ലഹളക്കാര്‍ മഞ്ചേരിയില്‍ നിന്ന് അങ്ങാടിപ്പുറം ഭഗവതി ക്ഷേത്രം ലക്ഷ്യമാക്കി നീങ്ങി. കണ്ണൂരില്‍ നിന്നെത്തിയ പട്ടാളവും ലഹളക്കാരും പെരിന്തല്‍മണ്ണയ്ക്ക് സമീപത്തുവച്ച് ഏറ്റുമുട്ടുകയും എല്ലാ കലാപകാരികളും വധിക്കപ്പെടുകയും ചെയ്തു. 1847 സെപ്റ്റംബര്‍ നാലിനാണ് പ്രസ്തുത സംഭവം നടന്നത്. (ഗോപാലന്‍കുട്ടി, 2007 4 5) രണ്ടു പട്ടാളക്കാര്‍ മരണമടയുകയും മറ്റു ചിലര്‍ക്ക് സാരമായ പരുക്കുകള്‍ ഏല്‍ക്കുകയും ഉണ്ടായി.
1849 ഓഗസ്റ്റില്‍ മഞ്ചേരിയിലും 1851 ഓഗസ്റ്റില്‍ കുളത്തൂരും 1852 ജനുവരിയില്‍ മട്ടന്നൂരും നടന്ന ലഹളകള്‍ പ്രധാനപ്പെട്ടവയാണ്. (പണിക്കര്‍)
1851ലെ ലഹളയാണ് കുളത്തൂര്‍ ലഹളയെന്ന് കുപ്രസിദ്ധമായത്. ഈ ലഹളയില്‍ ധാരാളം ഹിന്ദുക്കള്‍ കൊല്ലപ്പെടുകയും പല വീടുകളും തീവച്ചു നശിപ്പിക്കപ്പെടുകയും ചെയ്തു. ലഹളക്കാര്‍ വാര്യത്തേക്ക് ആക്രമിച്ചു കയറി. സ്ത്രീകളും കുട്ടികളും രക്ഷപ്പെട്ടിരുന്നെങ്കിലും 79 വയസായ മൂപ്പില്‍ വാര്യരെ അദ്ദേഹത്തിന്റെ ആശ്രിതനായിരുന്ന ഒരു മുസ്ലീം ഒറ്റുകൊടുക്കുകയും ഒളിച്ചിരിക്കുന്ന സ്ഥലം ലഹളക്കാര്‍ക്ക് കാട്ടിക്കൊടുക്കുകയും പാടത്തിട്ട് വെട്ടിക്കൊല്ലുകയും ചെയ്തു.
പ്രശസ്ത ചരിത്രകാരന്‍ കെ.എന്‍. പണിക്കര്‍ വിവരിക്കുന്നത് ഇങ്ങിനെയാണ്. ‘1851 ഓഗസ്റ്റ് 22-ാം തിയതി ഇവര്‍ കോമു മേനോനെയും അയാളുടെ വേലക്കാരില്‍ ഒരുവനെയും കൊലപ്പെടുത്തിയശേഷം ഇട്ടുണ്ണി മേനോന്റെ ഭവനം ലക്ഷ്യമാക്കി നീങ്ങി. ഇട്ടുണ്ണി മേനോനും അദ്ദേഹത്തിന്റെ വീട്ടില്‍ സന്നഹിതനായിരുന്ന കടക്കോട്ടില്‍ നമ്പൂതിരിയെയും വകവരുത്തി. കോമു മേനോന്റെ സുഹൃത്തും വെറുക്കപ്പെട്ടവനുമായ മുണ്ടക്കര രാരിച്ചന്‍ നായരായിരുന്നു അവരുടെ അടുത്ത ഇര. ഇവര്‍ ചെങ്ങര വാര്യരെന്ന വട്ടിപ്പലിശക്കാരന്റെ ഭവനവും ഈ വേളയില്‍ കൊള്ളിവച്ചു ചുട്ടു. പ്രധാന ലക്ഷ്യങ്ങള്‍ നിറവേറ്റിയ കലാപകാരികള്‍ ബ്രിട്ടീഷ് പട്ടാളത്തിന്റെ തിരിച്ചടി ഭയന്നു. സുരക്ഷിതമായ സ്ഥലം അന്വേഷിക്കാന്‍ തുടങ്ങിയ വന്‍ ജന്മിയായ കുളത്തൂര്‍ വാര്യരുടെ ഭവനത്തിലേക്കു പോവുകയും വാര്യരെ കൊന്ന് സ്വത്ത് സംബന്ധിച്ച രേഖകള്‍ നശിപ്പിക്കുകയും വാര്യരുടെ വീട്ടില്‍ നിലയുറപ്പിച്ച് ബ്രിട്ടീഷ് പടയോട് പൊരുതി ഓഗസ്റ്റ് 27ന് മരണം വരിക്കുകയും ചെയ്തു.’ (പണിക്കര്‍ 98-99)
1851ല്‍ തന്നെ വടക്കേ മലബാറിലെ കോട്ടയം താലൂക്കില്‍ ലഹള നടന്നു. കളത്തി കേശവന്‍ തങ്ങള്‍ എന്ന ജഡ്ജിയെ ഒമ്പത് ലഹളക്കാര്‍ വളഞ്ഞ് വീട്ടിലുണ്ടായിരുന്ന 18 പേരെ കൊന്നു. അതിനുശേഷം കല്യാട്ട് ചാത്തുക്കുട്ടി നമ്പ്യാരുമായി ലഹളക്കാര്‍ ഏറ്റുമുട്ടി. പട്ടാളം എത്തുന്നതിനുമുമ്പുതന്നെ നമ്പ്യാരുടെ ആള്‍ക്കാര്‍ ലഹളക്കാരെ കൊന്നു. ഹിന്ദുക്കള്‍ക്കെതിരെ പൊരുതിയതിന് ഈ ഒരു ഉദാഹരണം മാത്രമേ പര്യായമായുള്ളൂ. (മാധവന്‍ നായര്‍ 27, 28)
1852 ജനുവരിയിലെ മട്ടന്നൂര്‍ കലാപം, വടക്കേ മലബാറില്‍ ഉണ്ടായ ഏക കലാപമാണ്. കല്ലാറ്റിലെ ഒരു ബ്രാഹ്മണനായിരുന്നു ദേശത്തെ പ്രധാന ജന്മി. പ്രദേശത്തെ ധനികനായിരുന്നു ദേശത്തെ ധനിക മാപ്പിള കുടുംബമായ കൊറ്റാല കുടുംബത്തിന് ഭൂസ്വത്ത് വര്‍ധിപ്പിക്കുന്നതിന് ജന്മതടസമായി. കലാപസംഘത്തിലെ അംഗങ്ങളായ ഒമ്പതുപേര്‍ 1851ല്‍ നവംബറില്‍ മമ്പുറം തീര്‍ഥയാത്ര നടത്തി. മട്ടന്നൂരില്‍ നിന്ന് 90 മൈല്‍ ദൂരത്തേക്കുള്ള ഈ യാത്രയുടെ ചിലവ് വഹിച്ചത് കൊറ്റാലക്കാരായിരുന്നു. മമ്പുറത്തുനിന്ന് സംഘം തിരിച്ചെത്തി രണ്ടുമാസം കഴിഞ്ഞാണ് കലാപമുണ്ടായത്. നബിയുടെ ജന്മദിനം കൂടിയായ 1852 ജനുവരി നാലിന് കലാപകാരികള്‍ പല്ലോട് പള്ളിയില്‍ നിന്ന് പ്രാര്‍ഥന കഴിഞ്ഞ് പിറ്റേന്ന് രാവിലെ തോക്കുകളും കത്തിയുമായി കല്ലാട്ടില്‍ ബ്രാഹ്മണന്റെ വീട്ടിലേക്ക് മാര്‍ച്ച് ചെയ്തു. തുടക്കത്തില്‍ ഒമ്പതു പേരായിരുന്നുവെങ്കിലും ജന്മിയുടെ മതില്‍കെട്ട് തകര്‍ക്ക് വീടാക്രമിച്ചപ്പോള്‍ 200 പേരെങ്കിലും പങ്കെടുത്തിരുന്നു. ജന്മിയുടെ കുടുംബത്തിലുള്ള എല്ലാവരെയും കൊലപ്പെടുത്തി. ആകെ കൊല ചെയ്യപ്പെട്ടവര്‍ 15 ആയിരുന്നു. 7000 രൂപയായി സ്ഥലം വിട്ടു (പണിക്കര്‍).
മലബാറില്‍ വര്‍ധിച്ചുവരുന്ന കലാപങ്ങളെക്കുറിച്ച് പഠിക്കാന്‍ ഡിസ്ട്രിക്ട് ജഡ്ജിയായിരുന്ന സ്‌ട്രേഞ്ചിനെ കലക്ടര്‍ കനോലി നിയമിച്ചു. അക്കാലത്ത് തിരൂരങ്ങാടിയില്‍ അമാനുഷിക ശക്തിയുണ്ടെന്ന് വിശ്വസിക്കപ്പെട്ടിരുന്ന ഒരു തങ്ങള്‍ ഉണ്ടായിരുന്നു. സെയ്ത് ഫസൂല്‍ എന്നാണ് അദ്ദേഹത്തിന്റെ പേര്. അദ്ദേഹത്തെക്കുറിച്ച് പ്രത്യേകമായ അന്വേഷണം നടത്താന്‍ കലക്ടര്‍ തീരുമാനിച്ചു. തങ്ങള്‍ മലബാര്‍ വിട്ട് അറേബ്യയിലേക്ക് പൊയിക്കൊള്ളാമെന്ന് സമ്മതിച്ചു. ഇത് കനോലിയെ കൊലപ്പെടുത്തുന്നതിന് ഹേതുവായി എന്നു കരുതണം എന്ന് മാധവന്‍ നായര്‍ രേഖപ്പെടുത്തുന്നു.
1855 ഓഗസ്റ്റ് മാസം നാലാം തിയതി കോഴിക്കോട്ട് ജയിലില്‍ നിന്ന് രക്ഷപ്പെട്ട കലാപകാരികള്‍ സെപ്റ്റംബര്‍ 12ാം തിയതി കലക്ടര്‍ കനോലിയെ വരക്കല്‍ അദ്ദേഹം താമസിക്കുന്ന ബംഗ്ലാവില്‍ വച്ച് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. രാത്രി എട്ടു മണിയോടുകൂടിയാണ് സംഭവം നടന്നത്. അദ്ദേഹത്തിന്റെ ദേഹത്ത് 27 വെട്ടുകള്‍ ഉള്ളതായി കണ്ടു.
1870നും 1890നും ഇടയില്‍ മാപ്പിളമാരുടെ മൂന്ന് സായുധ കലാപങ്ങള്‍ കൂടി ഉണ്ടായി. ഇവയിലും ഭൂമിക്കുമേലുള്ള തര്‍ക്കങ്ങള്‍ സംഘട്ടനത്തിന് മൂലകാരണമായപ്പോള്‍ മതം പ്രത്യയശാസ്ത്രപരമായ പങ്കുവഹിച്ചു. (പണിക്കര്‍ 2004)
1873ല്‍ കാരമ്പാറ നായരെന്ന ജന്മിയുടെ പക്കല്‍ നിന്നും കാണമായി എടുത്ത വസ്തുവില്‍ പള്ളി പണിയുകയുണ്ടായി. പള്ളി പണിയുന്നതിനെ ജന്മി എതിര്‍ത്തെങ്കിലും മാപ്പിളമാരുടെ ആക്രമണത്തെ ഭയന്ന് നിയമനടപടി എടുത്തില്ല. പള്ളി പൊളിച്ചുമാറ്റണമെന്ന പൊതുജനാഭിപ്രായം കലാപത്തിലേക്ക് നയിച്ചു. കലാപത്തില്‍ ക്ഷേത്രത്തിലെ വെളിച്ചപ്പാടിനെ കൊന്നു. വള്ളുവനാട് താലൂക്കിലെ തൂതക്കാരനായ ഒരു മുസ്ലിയാരും വേറെ മൂന്നുപേരും പങ്കെടുത്തു. കലാപകാരികള്‍ എല്ലാവരും പട്ടാളവുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ചു.
1880ല്‍ മേലാറ്റൂരില്‍ ജന്മികളായ അപ്പാദുര പട്ടരെയും കൃഷ്ണപിഷാരോടിയെയും കൊല്ലുവാനുള്ള ഉദ്ദേശത്തോടെ ലഹളക്കാര്‍ ചെന്നു. കൊല്ലുവാന്‍ ചെ്ന്നയാളെ പിഷാരടിയുടെ കാവല്‍ക്കാരന്‍ വെടിവച്ചുകൊന്നു. ലഹള പടര്‍ന്നുപിടിച്ചു.
ഈ സംഭവത്തിനുശേഷം മദിരാശി ഗവര്‍ണറായിരുന്ന ബക്കിംഗാം പ്രഭു ജന്മി കുടിയാന്‍ പക അന്വേഷിക്കാന്‍ ലോഗനെ ഏല്‍പിച്ചു. ഇതിന്റെ ഫലമായി 1887 മലബാര്‍ കുഴിക്കൂര്‍ നിയമം പാസായി. ഈ കമ്മീഷനെ നിശ്ചയിച്ചതിനുശേഷം 1883ും 1885നും മധ്യേ അഞ്ചു ലഹളകള്‍ നടന്നു. അതില്‍ 1884ല്‍ നടന്ന ലഹള ഗൗരവമേറിയതായിരുന്നു. (മാധവന്‍ നായര്‍)
1884ല്‍ കണ്ണഞ്ചേരി രാമന്‍ എന്ന വ്യക്തി മുസ്ലീം മതത്തില്‍ ചേര്‍ന്നു. വീണ്ടും ഹിന്ദുമതത്തിലേക്ക് മടങ്ങിപ്പോയി. ജോലിക്ക് പോവുമ്പോള്‍ രണ്ട് മുസ്ലീങ്ങള്‍ അയാളെ തടഞ്ഞുനിര്‍ത്തി അക്രമിച്ചു. അദ്ദേഹം അവരുടെ പേര് അധികാരികളെ അറിയിക്കുകയും അവരെ വിചാരണ ചെയ്ത് അയ്യായിരം രൂപ പിഴ ചുമത്തി. അതില്‍ ആയിരം രൂപ രാമനു കൊടുക്കാന്‍ ഉത്തരവായി. മാര്‍ഗം പൊളിച്ചവനു മരണത്തിനു പകരം ഇനാം ലഭിക്കുക എന്നത് ക്ഷമിക്കാനാവാത്ത കുറ്റമായി അവര്‍ കരുതി. 12 മാപ്പിളമാര്‍ രാമനെ തിരഞ്ഞു ജ്യേഷ്ഠന്റെ വീട്ടിലെത്തി. രാമന്‍ അവിടെ ഉണ്ടായിരുന്നില്ല. ജ്യേഷ്ഠനെയും മകനെയും വെടിവച്ചുകൊന്നു. വീടിന് തീവച്ചു. ബാങ്ക് വിളിച്ചു ലഹളക്കാര്‍ അതിനുശേഷം വടക്കോട്ട് പോയി ചാലിയാര്‍ കടന്ന് തൃക്കളയൂര്‍ ക്ഷേത്രത്തില്‍ കയറി. ക്ഷേത്രത്തെ കോട്ടയാക്കി യുദ്ധം ചെയ്ത കലാപകാരികള്‍ വെടിയേറ്റു മരിച്ചു. ഒരു പട്ടാളക്കാരനും മരിച്ചു.
1894 മാര്‍ച്ച് 31ന് പാണ്ടിക്കാടില്‍ ഉണ്ടായ കലാപത്തില്‍ 34 പേര് പങ്കെടുത്തു. നാലു ഹിന്ദുക്കളെ വധിച്ചു. പല അക്രമങ്ങളും നടമാടി. വീടുകള്‍ ചുട്ടുഭസ്മമാക്കി. ക്ഷേത്ത്രതില്‍ കയറി യുദ്ധം ചെയ്തു. പട്ടാളവുമായുണ്ടായ ഏറ്റുമുട്ടലില്‍ 32 പേര്‍ മരിച്ചു.
1896ലെ ലഹള എണ്ണം കൊണ്ടും പര്യവസാനം കൊണ്ടും ഗൗരവം കൊണ്ടും 1921ന് മുമ്പുണ്ടായ ലഹളകളില്‍ ഏറ്റവും വലുതാണ്. 1896 ഫെബ്രുവരി 25ന് കലാപം മഞ്ചേരിയില്‍ പൊട്ടിപ്പുറപ്പെട്ടു. ജില്ലയിലെ 16 ഗ്രാമങ്ങളില്‍ നിന്ന് 99 കലാപകാരികളും 32 സഹായികളും ഇതില്‍ പങ്കെടുത്തു. മഞ്ചേരിക്കാരായിട്ട് 30 പേര്‍ മാത്രമേ പങ്കെടുത്തിട്ടുള്ളൂ. പാണ്ടിക്കാട് പന്തലൂര്‍ വഴി മഞ്ചേരിയിലേക്ക് നീങ്ങിയ കലാപകാരികള്‍ ഹിന്ദു ഗൃഹങ്ങള്‍ കൊള്ളയടിച്ചു. കുന്നത്ത് ഭഗവതി ക്ഷേത്രത്തില്‍ തമ്പടിച്ചു. രാത്രി ഒമ്പതി മണി ആയപ്പോഴേക്കും പട്ടാളം മഞ്ചേരിയിലെത്തി. പട്ടാളവുമായുള്ള ഏറ്റുമുട്ടലില്‍ 94 പേര്‍ മരിച്ചു. അഞ്ചു പേര്‍ പിടിക്കപ്പെട്ടു.
1898ല്‍ പയ്യനാട് അംശത്തില്‍ ഒരു ജന്മിയെക്കൊന്ന് പയ്യനാട്ടെ ക്ഷേത്രത്തില്‍ കയറി. സ്‌പെഷ്യല്‍ സേന അവിടെയെത്തി. വാരിയംകുന്നില്‍ അഹമ്മദ് ഹാജിയുടെ വീടുതന്നെ ഈ അംശത്തിലാണ്.
1898നും 1915നും ഇടയ്ക്ക് 17 വര്‍ഷത്തേക്ക് പിന്നീട് യാതൊരു കലാപങ്ങളും ലഹളകളും നടന്നിട്ടില്ല.
1915ല്‍ മാര്‍ഗം പൊളിച്ചു എന്ന കേസില്‍ അന്നത്തെ മലബാര്‍ കലക്ടറായിരുന്ന ഇന്നിസ്സിനോട് മാപ്പിളമാര്‍ക്ക് വിരോധമുണ്ടായി. അദ്ദേഹം സൈക്കിളില്‍ഡ യാത്ര ചെയ്യുമ്പോള്‍ അദ്ദേഹത്തെ വെടിവച്ചു. വെടി കൊണ്ടില്ല. ഇത് ഒരു ലഹളയായി പരിണമിച്ചില്ല.
1919 ഫെബ്രുവരിയിലാണ് കലാപത്തിനു മുമ്പുള്ള ഒടുവിലത്തെ കലാപമുണ്ടായത്. മങ്കട പള്ളിപ്പുറം പ്രദേശത്തുകാരനായ ചേക്കാജി ജന്മിയായ നമ്പൂതിരിയെ കൊല്ലാന്‍ തീരുമാനിച്ചു. നമ്പൂതിരി മറ്റൊരു ഇല്ലത്ത് കല്യാണത്തിന് പോയതായിരുന്നു. ശത്രുവിനെയും കാത്ത് ചേക്കാജി പയ്യപ്പുള്ളി ഇല്ലത്തെ പടിക്കല്‍ ഇരുന്നു. നിത്യകര്‍മം കഴിക്കാന്‍ പുഴയിലേക്കുവന്ന കാട്ടുമാടത്തു നമ്പൂതിരിയെയും മടുപ്പിലാപ്പള്ളി നമ്പൂതിരിയെയും വെട്ടിക്കൊലപ്പെടുത്തി. ലഹളക്കാര്‍ പന്തലൂര്‍ എത്തി നിരപരാധികളായ രണ്ടു നായന്മാരെയും വെട്ടിക്കൊലപ്പെടുത്തി നേരെ നെന്മിനിയിലേക്ക് പോയി. അവിടെ കയ്യിലോട്ടു വാര്യത്ത് കയറി താമസം ഉറപ്പിച്ചു. സംഘത്തില്‍ ഒമ്പതു പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പട്ടാളക്കാര്‍ അവരെ വെടിവച്ചുകൊന്നു.
ഇത്രയും കലാപങ്ങളില്‍ നിന്ന് മുസ്ലീങ്ങള്‍ക്കുണ്ടായ ഊര്‍ജമാണ് 1921ലെ മാപ്പിള ലഹളയ്ക്ക് പിന്നിലുള്ള ഒരു പ്രേരണ.
Discussion about this post