ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രിയും ബിജെപി സ്ഥാപക നേതാവുമായ അടല്‍ ബിഹാരി വാജ്പേയിക്ക് 101-ാം ജന്മദിനത്തില്‍ രാഷ്‌ട്രത്തിന്റെ ശ്രദ്ധാഞ്ജലി. വാജ്പേയിയോടുള്ള ആദര സൂചകമായി ജന്മദിനം രാഷ്‌ട്രം സദ്ഭരണ ദിവസമായി ആചരിച്ചു.
ദല്‍ഹിയിലെ അടല്‍ജി സ്മൃതിയായ സദൈവ് അടലില്‍ പുഷ്പാര്‍ച്ചനയും പ്രാര്‍ത്ഥനാസഭയും നടന്നു. രാഷ്‌ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍, പ്രധാനമന്ത്രി നരേന്ദ്രമോദി, മുന്‍ ഉപരാഷ്‌ട്രപതി എം. വെങ്കയ്യ നായിഡു, ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവന്‍ഷ്, ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെ.പി. നദ്ദ, ബിജെപി ദേശീയ വര്‍ക്കിങ് പ്രസിഡന്റ് നിതിന്‍ നബിന്‍, കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, രാജീവ് രഞ്ജന്‍ സിങ്, പ്രഹ്ലാദ് ജോഷി, ഡോ. ജിതേന്ദ്ര സിങ്, അര്‍ജുന്‍ റാം മേഘ്വാള്‍, അന്നപൂര്‍ണ ദേവി, ഹര്‍ഷ് മല്‍ഹോത്ര ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ബിജെപി ദേശീയ ആസ്ഥാനത്ത് സംഘടിപ്പിച്ച അടല്‍ സ്മൃതി പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ദേശീയ വര്‍ക്കിങ് പ്രസിഡന്റ് നിതിന്‍ നബിന്‍ നിര്‍വഹിച്ചു. ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി, ജനറല്‍ സെക്രട്ടറി അരുണ്‍സിങ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
അടല്‍ ബിഹാരി വാജ്പേയിയോടുള്ള ആദരസൂചകമായി ലഖ്നൗവില്‍ നിര്‍മിച്ച രാഷ്‌ട്രപ്രേരണ സ്ഥല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്‌ട്രത്തിന് സമര്‍പ്പിച്ചു.
ഡോ. ശ്യാമപ്രസാദ് മുഖര്‍ജി, പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ, അടല്‍ ബിഹാരി വാജ്പേയി എന്നിവരുടെ 65 അടി ഉയരമുള്ള വെങ്കലപ്രതിമകള്‍, താമരയുടെ ആകൃതിയില്‍ രൂപകല്‍പ്പന ചെയ്ത അത്യാധുനിക മ്യൂസിയം എന്നിവ രാഷ്‌ട്രപ്രേരണ സ്ഥലിന്റെ സവിശേഷതകളാണ്. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, കേന്ദ്രമന്ത്രി പങ്കജ് ചൗധരി, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പതക് തുടങ്ങിയവരും പങ്കെടുത്തു.














Discussion about this post