ജയ്‌പൂര്‍: അഭിഭാഷകര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഉടന്‍ ഏര്‍പ്പെടുത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ അതിനുള്ള തയാറെടുപ്പിലാണെന്നും കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ പറഞ്ഞു. രാജസ്ഥാനിലെ ബലോത്രയില്‍ നടക്കുന്ന അഖില ഭാരതീയ അധിവക്ത പരിഷത്തിന്റെ ദേശീയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഭിഭാഷക സംരക്ഷണ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നിയമ കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷമായി അഭിഭാഷകര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയ്‌ക്കായി അധിവക്ത പരിഷത്ത് സര്‍ക്കാരില്‍ നിരന്തരം സമ്മര്‍ദം ചെലുത്തിവരികയായിരുന്നു. അധിവക്ത പരിഷത്തിന്റെ താത്പര്യമാണ് സര്‍ക്കാരിനെ ഇതിന് പ്രേരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമ്മേളനം സുപ്രീംകോടതി ജഡ്ജി വിജയ് ബിഷ്ണോയ് ഉദ്ഘാടനം ചെയ്തു. രാജസ്ഥാന്‍ ഹൈക്കോടതി ജസ്റ്റിസ് പുഷ്പേന്ദര്‍ ഭാട്ടി, സോളിസിറ്റര്‍ ജനറല്‍ അഡ്വ. തുഷാര്‍ മേത്ത, അധിവക്ത പരിഷത്ത് അധ്യക്ഷന്‍ അഡ്വ. ശ്രീനിവാസ മൂര്‍ത്തി, ജനറല്‍ സെക്രട്ടറി അഡ്വ. ഡി. ഭരത്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
രാഷ്‌ട്രീയ താത്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ ജഡ്ജിമാരെ ഭീഷണിപ്പെടുത്തുന്ന ചില നേതാക്കന്മാരുടെ നടപടിയില്‍ പ്രതിഷേധിച്ചും കോടതിമുറിയില്‍ അഭിഭാഷകരുടേയും ജഡ്ജിമാരുടേയും പെരുമാറ്റത്തെ സംബന്ധിച്ചും, തൊഴിലിടങ്ങളില്‍ വനിതാ അഭിഭാഷകര്‍ക്ക് ലഭിക്കേണ്ട സംരക്ഷണത്തെ സംബന്ധിച്ചുമുള്ള പ്രമേയങ്ങള്‍ സമ്മേളനത്തില്‍ പാസാക്കി.














Discussion about this post