ഭോപാല്‍(മധ്യപ്രദേശ്): സാമാജിക സദ്ഭാവം എന്നത് പുതിയ ആശയമല്ല, മറിച്ച്, നമ്മുടെ സമൂഹത്തിന്റെ സ്വഭാവമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സജ്ജനശക്തി ജാഗരണം, പഞ്ചപരിവര്‍ത്തനം, സൗഹൃദസംഭാഷണം എന്നിവ കാലഘട്ടത്തിന്റെ അനിവാര്യതകളാണെന്ന് അദ്ദേഹം പറഞ്ഞു. സംഘശതാബ്ദി പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഭോപാല്‍ കുശഭാവു ഠാക്കറെ ആഡിറ്റോറിയത്തില്‍ നടന്ന സദ്ഭാവ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു പൊതു ലക്ഷ്യത്തിലേക്ക് നീങ്ങുന്ന കൂട്ടത്തെയാണ് സമാജം എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്. സമാജത്തെ ഭാരതം വിഭാവനം ചെയ്തത് ജീവിതം ഭൗതികമായും ആത്മീയമായും ഒരേപോലെ സന്തോഷകരമായിരിക്കുന്ന ഒന്നായിട്ടാണ്. വീക്ഷണത്തില്‍ വ്യത്യാസമുണ്ടെങ്കിലും അസ്തിത്വം ഒന്നാണെന്ന് നമ്മുടെ മഹര്‍ഷീശ്വരന്മാര്‍ മനസിലാക്കിയിരുന്നു. അവരുടെ തപസും ജീവിതവുമാണ് രാഷ്ട്രത്തിന്റെ സൃഷ്ടിയിലേക്ക് നയിച്ചത്, ഇതാണ് നമ്മുടെ സാംസ്‌കാരിക അടിത്തറ, മോഹന്‍ ഭാഗവത് പറഞ്ഞു.

നിയമത്തിന് സമൂഹത്തെ നിയന്ത്രിക്കാനാവും. പക്ഷേ അതിനെ സക്രിയമാക്കുന്നത് സദ്ഭാവമാണ്. വിവിധതയിലെ ഏകതയാണ് നമ്മുടെ തനിമ. ബാഹ്യമായി നമ്മള്‍ വ്യത്യസ്തരായി കാണപ്പെട്ടേക്കാം, എന്നാല്‍ രാഷ്ട്രം, ധര്‍മ്മം, സംസ്‌കാരം എന്നിവയുടെ തലത്തില്‍ നാമെല്ലാവരും ഒന്നാണ്. ഈ ഏകാത്മകതയെ ജീവിതമാക്കിയത് ഹിന്ദു സമൂഹമാണ്. ഹിന്ദു എന്നത് വിവിധതകളുടെ പേരില്‍ കലഹിക്കാത്ത ജീവിതരീതിയാണ്. ഗോത്രജനതയെ അടക്കം മാറ്റിനിര്‍ത്തി ആശയക്കുഴപ്പം സൃഷ്ടിച്ച് ഭിന്നതകളുണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ ആയിരക്കണക്കിന് വര്‍ഷങ്ങളായി ഭാരതത്തില്‍ ജീവിക്കുന്ന എല്ലാവരുടെയും ഡിഎന്‍എ ഒന്നുതന്നെയാണെന്നതാണ് സത്യം. പ്രതിസന്ധി ഘട്ടങ്ങളില്‍ മാത്രമല്ല, എല്ലാ സമയത്തും സൗഹാര്‍ദ്ദം നിലനിര്‍ത്തണം. തമ്മില്‍ കാണുകയും അറിയുകയും സംസാരിക്കുകയും ചെയ്യുന്നതാണ് സൗഹൃ0ത്തിന്റെ ആദ്യ മുന്‍വ്യവസ്ഥകള്‍. ദുര്‍ബലരെ സഹായിക്കേണ്ടത് ശക്തരുടെ കടമയാണെന്ന് അദ്ദേഹം പറഞ്ഞു.
മുഴുവന്‍ പ്രപഞ്ചത്തിനും വേണ്ടി ശിവന്‍ കാളകൂടം കുടിച്ചതുപോലെ, സംഘം, ആരോപണങ്ങളുടെ വിഷം പാനം ചെയ്തും സമാജത്തിന് വേണ്ടി നിലകൊള്ളുകയാണെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത വിഖ്യാത കഥാകൃത്ത് പണ്ഡിറ്റ് പ്രദീപ് മിശ്ര പറഞ്ഞു. ഏത് ജാതിയില്‍ പിറന്നാലും നമ്മളെല്ലാ ഭാരതീയരാണ്, ഹിന്ദുക്കളാണെന്ന് അദ്ദേഹം പറഞ്ഞു. മധ്യഭാരത് പ്രാന്ത സംഘചാലക് അശോക് പാണ്ഡെയും വേദിയില്‍ സന്നിഹിതനായിരുന്നു.

















Discussion about this post