ജയ്പൂര്‍: ജയ്പൂര്‍ ലിറ്റ്‌ഫെസ്റ്റില്‍ ചര്‍ച്ചയായി ജെ. നന്ദകുമാറിന്റെ പുസ്തകം. ചാര്‍ബാഗില്‍ നടന്ന സാഹിത്യോത്സവത്തിന്റെ അവസാന ദിവസമാണ് പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ എഴുതിയ നാഷണല്‍ സെല്‍ഫ്ഹുഡ് ഇന്‍ സയന്‍സ് എന്ന പുസ്തകം ചര്‍ച്ച ചെയ്തത്.
ഭാരതത്തിന്റെ സ്വാതന്ത്ര്യസമരത്തില്‍ സമൂഹത്തിലെ എല്ലാ മേഖലകളും അവരുടേതായ പങ്ക് വഹിച്ചിട്ടുണ്ടെന്ന് പുസ്തകത്തിന്റെ ഉള്ളടക്കം അവതരിപ്പിച്ച് ജെ. നന്ദകുമാര്‍ വിശദീകരിച്ചു. ഈ പോരാട്ടം കേവലം രാഷ്ട്രീയമായിരുന്നില്ല; ശാസ്ത്രം, കല, സാഹിത്യം, പത്രപ്രവര്‍ത്തനം തുടങ്ങി എല്ലാ മേഖലകളും അതില്‍ സജീവമായ പങ്ക് വഹിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉപനിഷദ്കാലത്തെയോ പുരാതന ചരിത്രകാലത്തെയോ മാറ്റിനിര്‍ത്തി പരിശോധിച്ചാല്‍ ബ്രിട്ടീഷ് ഭരണകാലത്ത് പോലും, ജഗദീഷ് ചന്ദ്രബോസ്, രഘുനാഥ് സാഹ തുടങ്ങിയ നിരവധി ശാസ്ത്രജ്ഞര്‍ അവരുടെ മേഖലകളില്‍ ലോകോത്തര ഗവേഷണം നടത്തി. ജ്യോതിശാസ്ത്രം, ഗണിതം, ഭൗതികശാസ്ത്രം, രസതന്ത്രം, വൈദ്യശാസ്ത്രം, കൃഷി എന്നിവയില്‍ ഭാരതത്തിന്റെ മഹത്തരമായ ഗണ്യമായ സംഭാവനകള്‍ ബ്രിട്ടീഷുകാര്‍ അംഗീകരിച്ചില്ലെന്ന് മാത്രമല്ല, അധിനിവേശമനസ്ഥിതിക്കാരായ ഇന്നാട്ടുകാരും അംഗീകരിച്ചില്ല. നേരെമറിച്ച്, ഇവിടെ നടക്കുന്ന എല്ലാ ഗവേഷണങ്ങളും അന്ധവിശ്വാസപരവും വ്യാജവും അശാസ്ത്രീയവുമാണെന്ന് സ്ഥാപിക്കാന്‍ ഒരു ഗൂഢാലോചന നടന്നുവെന്ന് നന്ദകുമാര്‍ ചൂണ്ടിക്കാട്ടി.
ഭാരതീയ പണ്ഡിതര്‍ നടത്തിയ ഗവേഷണങ്ങള്‍ മനുഷ്യരാശിക്ക് ഗുണകരമാണെന്ന് എല്ലായ്പ്പോഴും തെളിയിക്കപ്പെട്ടിട്ടുണ്ട്. കൊവിഡ് കാലത്ത് പോലും, ഭാരതം വികസിപ്പിച്ചെടുത്ത വാക്്‌സിന്‍ ഏകദേശം 100 രാജ്യങ്ങളിലേക്ക് സൗജന്യമായി അയച്ചു. എല്ലാ ശാസ്ത്രീയ ഗവേഷണങ്ങള്‍ക്കും പിന്നില്‍, സാര്‍വത്രിക ക്ഷേമത്തിന്റെ ആത്മാവ് പ്രകടമായിരുന്നു, കൂടാതെ വാക്‌സിന്‍ വിതരണം ചെയ്യാന്‍ ഉപയോഗിച്ച വിമാനത്തില്‍ ‘സര്‍വേ സന്തു നിരാമയ: എന്ന ആപ്തവാക്യം ആലേഖനം ചെയ്തിരുന്നു.
നാം കൈവരിക്കേണ്ട തനിമയിലൂന്നിയ ഭരണസംവിധാനത്തിന്റെ വികാസം എന്ന ലക്ഷ്യം സ്വാതന്ത്ര്യത്തിനുശേഷം 75 വര്‍ഷമായിട്ടും പൂര്‍ത്തീകരിക്കപ്പെടുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഭാരതീയ ശാസ്ത്രം, വിശ്വക്ഷേമത്തിന്റെ ആത്മാവിനെ ഉള്‍ക്കൊള്ളുന്നതാണെന്ന് ഭാവി തലമുറ തിരിച്ചറിയണമെന്ന് നന്ദകുമാര്‍ പറഞ്ഞു.

















Discussion about this post