രാജ്‌കോട്ട്(ഗുജറാത്ത്): രാഷ്ട്രഹിതം ആരുടെയെങ്കിലും കുത്തകാധികാരമല്ലെന്നും സാമൂഹികമായ ചുമതലയാണെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. രാഷ്ട്രഹിതത്തിന് അനുസൃതമായ പ്രവര്‍ത്തനങ്ങളോടെല്ലാമൊപ്പം സംഘം നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് ശതാബ്ദി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സേവാഭാരതി ഭവനില്‍ സംഘടിപ്പിച്ച സൗരാഷ്ട്ര-കച്ഛ് മേഖലയിലെ പൗരപ്രമുഖരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.
നിരവധി അവഗണനകളെയും നിയന്ത്രണങ്ങളെയും എതിര്‍പ്പുകളെയും ഹിന്ദു സമൂഹത്തിന്റെ അനുഗ്രഹത്തോടെ മറികടന്നാണ് സംഘം ഇന്നത്തെ കാലത്തിലേക്ക് എത്തിയത്. ദേശീയ താല്‍പ്പര്യത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ ആരായാലും, അവര്‍ സംഘവുമായി ബന്ധപ്പെട്ടവരായാലും അല്ലെങ്കിലും, സ്വന്തം പ്രവര്‍ത്തകരായിത്തന്നെ സംഘം കണക്കാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സംഘം ആരുടെയും റിമോട്ട് കണ്‍ട്രോളല്ല. സംഘത്തിന്റെ പ്രവര്‍ത്തനം ശുദ്ധവും സാത്വികവുമായ സ്‌നേഹത്തില്‍ അധിഷ്ഠിതമാണ്. മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് സമൂഹത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി തീരുമാനങ്ങള്‍ എടുക്കാന്‍ സ്വന്തം വിവേചനാധികാരം ഉപയോഗിക്കാനാണ് ശാഖയിലൂടെ സംഘം സ്വയംസേവകരെ ശീലിപ്പിക്കുന്നത്.

ഹിന്ദുത്വം ഒരു ജീവിതരീതിയാണ്. ഭാരതത്തിന്റെ ഭരണഘടനയ്ക്ക് അടിവരയിടുന്ന അതേ തത്വങ്ങള്‍ക്കനുസൃതമായാണ് സംഘം പ്രവര്‍ത്തിക്കുന്നത്. ഇത് ഒരു ഹിന്ദു രാഷ്ട്രം ആണ്, അതുകൊണ്ടാണ് എല്ലാ വിഭാഗങ്ങളെയും സമൂഹങ്ങളെയും ഈ നാട് സ്വാഗതം ചെയ്യുന്നത്. ആഗോളവല്‍ക്കരണമല്ല, വസുധൈവ കുടുംബകമാണ് നമ്മുടെ ആത്മാവ്. ലോകത്തെ ഭാരതം ഒരു കുടുംബമായി കണക്കാക്കുമ്പോള്‍, മറ്റ് രാജ്യങ്ങള്‍ വിപണിയായാണ് കണക്കാക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജന്‍ സി തലമുറയെപ്പറ്റിയുള്ള ചോദ്യത്തിന് അവര്‍ ഒന്നുമെഴുതാത്ത സ്ലേറ്റുകള്‍ പോലെയാണെന്ന് സര്‍സംഘചാലക് പറഞ്ഞു. വളരെ സത്യസന്ധരായ തലമുറയാണ് ഇന്നത്തേത്. അവരുമായി ആശയവിനിമയം നടത്താനുള്ള കല നാം വികസിപ്പിക്കണം. സോഷ്യല്‍ മീഡിയ ഉപയോഗിക്കണം. എന്നാല്‍ അത് നമ്മളെ ഉപയോഗിക്കരുത്. രാജ്യത്തിന്റെ നേട്ടത്തിനായി വേണം അത് ഉപയോഗിക്കാന്‍.
നമ്മുടെ അയല്‍ രാജ്യങ്ങളില്‍ ഹിന്ദു-മുസ്ലിം ശത്രുതാ മനോഭാവം പുനരുജ്ജീവിപ്പിക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഭാരതത്തില്‍ ഈ വിഭജന ചിന്ത വ്യാപിക്കുന്നത് തടയാന്‍ സാമൂഹിക അവബോധം അത്യാവശ്യമാണ്. വ്യവസ്ഥിതിയിലുള്ളതിനേക്കാള്‍ മനുഷ്യ മനസ്സിലാണ് അഴിമതി കൂടുതല്‍ കുടികൊള്ളുന്നത്. വ്യക്തികള്‍ സംസ്‌കാരസമ്പന്നരാകുമ്പോള്‍ മാത്രമേ അഴിമതി നിയന്ത്രിക്കാന്‍ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു.
പശ്ചിമ ക്ഷേത്ര സംഘചാലക് ഡോ. ജയന്തിഭായ് ഭാഡേസിയ, സൗരാഷ്ട്ര പ്രാന്ത സംഘചാലക് മുകേഷ്ഭായ് മാല്‍ക്കണ്‍ എന്നിവരും സന്നിഹിതരായിരുന്നു.

















Discussion about this post