കോട്ടയം : അന്തരിച്ച ശ്രീനിവാസൻ സ്വയം തിരിച്ചറിവുള്ള വ്യക്തിത്വമായിരുന്നു, അദ്ദേഹത്തിന്റെ ഓരോ സിനിമയും ഓരോ പാഠപുസ്തകമാണെന്ന് പ്രശസ്ത സംവിധായകൻ ജോഷി മാത്യു അഭിപ്രായപ്പെട്ടു. കോട്ടയം തമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ‘അരവിന്ദനും ശ്രീനിവാസനും’ അനുസ്മരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമ മേഖലയിലുള്ള നടൻ തിരക്കഥാകൃത്ത് സംവിധായകൻ തുടങ്ങിയ ഇടപെടലുകൾ കൂടാതെ മികച്ച ഒരു കൃഷിക്കാരൻ കൂടിയായിരുന്നത് അദ്ദേഹത്തിന്റെ ബഹുമുഖ പ്രതിഭയെ വ്യക്തമാക്കുന്നു. ജീവിതത്തിൽ അദ്ദേഹം പുലർത്തിയിരുന്ന സത്യസന്ധത ആരുടെ മുഖത്ത് നോക്കിയും സത്യം വിളിച്ചു പറയുവാനും വിമർശിക്കുവാനും ഉള്ള ധൈര്യം അദ്ദേഹത്തിന് നൽകി. ശ്രീനിവാസൻ സിനിമകൾക്കും അതിലെ ആശയങ്ങൾക്കും ഇന്നും മരണമില്ല. വീണ്ടും പുതിയ ആസ്വാദകർ ജനിക്കുന്നുവെന്ന് ജോഷി മാത്യു അഭിപ്രായപ്പെട്ടു.
തുടർന്ന് നടന്ന അരവിന്ദൻ അനുസ്മരണം തമ്പ് ഫിലിം സൊസൈറ്റിയുടെ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് അനിൽ ഐക്കര നിർവഹിച്ചു. സാധാരണ മനുഷ്യജീവിതത്തിന്റെ നേർച്ച ചിത്രങ്ങൾ ആയിരുന്നു അരവിന്ദൻ സിനിമകളിലൂടെ പകർന്നാടിയത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പുതിയ കാലഘട്ടത്തിൽ വൃത്തനിബദ്ധമായ കവിതകളിൽ നിന്ന് കവിതകൾ മോചിപ്പിക്കപ്പെട്ടതുപോലെ തിരക്കഥയുടെ ചട്ടക്കൂടിൽ നിന്നും സിനിമയെ മോചിപ്പിക്കുവാൻ അരവിന്ദൻ കാണിച്ചിട്ടുള്ള ധൈര്യം അനുപമമാണ്.
തമ്പ് ഫിലിം സൊസൈറ്റി പ്രസിഡന്റ് ശ്രീ ഏറ്റുമാനൂർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വക്കേറ്റ് ലിജി എൽസ ജോൺ, അഡ്വ സിദ്ധാർഥ് എസ് സഞ്ജീവ് എന്നിവർ സംസാരിച്ചു.
അനുസ്മരണ പരിപാടികൾക്ക് മുന്നേ അരവിന്ദൻ സംവിധാനം ചെയ്ത് ശ്രീനിവാസൻ അഭിനയിച്ച ‘ഒരിടത്ത്’ എന്ന സിനിമയുടെ പ്രദർശനവും നടന്നു.















Discussion about this post