കായംകുളം: ആർഎസ്എസ് കായംകുളം ഖണ്ഡ് മാന്യ സഹ സംഘചാലക് ആർ. ഗോപാൽ (80) അന്തരിച്ചു. ഇന്ന് പുലർച്ചെ 3.30-നായിരുന്നു അന്ത്യം.ദീർഘകാലം സംഘത്തിന്റെ വിവിധ ചുമതലകൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.
പാണാവള്ളി താലൂക്ക് വിസ്താരക് ആയി പ്രചാരക പ്രവർത്തനം ആരംഭിച്ച അദ്ദേഹം 1971-ൽ ചിറയൻകീഴ് താലൂക്ക് പ്രചാരക്, 1973-ൽ തൃതീയ വർഷ സംഘ ശിക്ഷാ വർഗ് പൂർത്തിയാക്കി. 1975-ൽ പേരാമ്പ്ര താലൂക്ക് പ്രചാരക് ആയിരിക്കെ അടിയന്തരാവസ്ഥയ്‌ക്കെതിരെയുള്ള സമരങ്ങളിൽ പങ്കെടുത്തതിനെ തുടർന്ന് 6 മാസം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.തുടർന്ന് കാർത്തികപ്പള്ളി താലൂക്ക് പ്രചാരക്, 1979-80 കാലഘട്ടത്തിൽ പട്ടാമ്പി താലൂക്ക് പ്രചാരക്, 1981-83-ൽ ഗുരുവായൂർ താലൂക്ക് പ്രചാരക് എന്നീ നിലകളിൽ പ്രവർത്തിച്ചു. കായംകുളം, മാവേലിക്കര താലൂക്കുകളുടെ കാര്യവാഹ്, ആലപ്പുഴ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ്, ചെങ്ങന്നൂർ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ്, ശബരിഗിരി വിഭാഗ് ശാരീരിക് ശിക്ഷൺ പ്രമുഖ് എന്നീ സംഘടനാ ചുമതലകളും അദ്ദേഹം വഹിച്ചിട്ടുണ്ട്.
ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി, കായംകുളം ഐ.ടി.ഐ മാനേജർ, മാവേലിക്കര വിദ്യാധിരാജ നഴ്സിംഗ് സ്കൂൾ സെക്രട്ടറി എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: സതിയമ്മ, മക്കൾ: ശ്രീദേവി (ഭർത്താവ്: ഹരി), ഗായത്രി (ഭർത്താവ്: അജിത്ത്), കൊച്ചുമക്കൾ: കാശിനാഥൻ, ശിവപ്രിയ, ദേവാംശ്
സംസ്കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് 3.30-ന് കായംകുളത്തുള്ള വസതിയിൽ നടക്കും.
















