കാശി: ആര്‍എസ്എസ് പ്രവര്‍ത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്വചിന്തയാണെന്ന് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍. സ്വയംസേവകര്‍ക്ക് രാഷ്ട്രചിന്തയാണ് പരമപ്രധാനം. കാലമെങ്ങനെ മാറിയാലും ആ ചിന്തയില്‍ മാറ്റമുണ്ടാകില്ല. എല്ലാ രംഗത്തും വേഗതയേറുന്ന സാങ്കേതികവിദ്യയുടെ കാലത്തും ഭാരതത്തിന്റെ സാംസ്കാരിക അടിത്തറ സംരക്ഷിച്ചുകൊണ്ട് സമൂഹത്തെ സംഘടിപ്പിക്കാന്‍ സംഘം പ്രതിജ്ഞാബദ്ധമാണ്. ലോകരക്ഷയുടെ ഏക അടിത്തറ ഹിന്ദു സമൂഹമാണ്. അതുകൊണ്ടുതന്നെ ആദ്യം ബലപ്പെടേണ്ടത് ഹിന്ദുസമാജമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘശതാബ്ദിയുടെ ഭാഗമായി ചൗക്കഘട്ടിലെ ഗിര്‍ജ സാംസ്കാരിക സമുച്ചയത്തില്‍ സംഘടിപ്പിച്ച വൈചാരിക സഭയില്‍ സംസാരിക്കുകയായിരുന്നു സഹസര്‍കാര്യവാഹ്.

ആര്‍എസ്എസിന്റെ 100 വര്‍ഷത്തെ യാത്ര ആകര്‍ഷകവും ആവേശകരവുമായിരുന്നു. നിരവധി വെല്ലുവിളികള്‍ക്കിടയിലും കാലത്തിനനുസരിച്ച് സമൂഹത്തെ സംഘടിപ്പിക്കുന്ന പ്രവര്‍ത്തനം സംഘം തുടര്‍ന്നു. ഭാരതം എല്ലാ മേഖലയിലും മുന്നിലായിരുന്നു. ഗണിതശാസ്ത്രം, ഗ്രഹചലനം, വസ്ത്ര രൂപകല്‍പ്പന, കൃഷി, രസതന്ത്രം, മനുഷ്യ ശരീരഘടനയുടെ ശാസ്ത്രം എന്നിവയില്‍ പുരാതനഭാരതം ലോകത്തിന് വഴികാട്ടിയായിരുന്നു. നളന്ദ, വിക്രമശില, തക്ഷശില തുടങ്ങിയ ലോകപ്രശസ്ത സര്‍വകലാശാലകള്‍ ഇവിടെയാണ് ഉണ്ടായിരുന്നത്. ആഗോള സമ്പദ്വ്യവസ്ഥയില് 30 ശതമാനം സംഭാവന ചെയ്തത് നമ്മളാണ്. എങ്കിലും തുടര്‍ച്ചയായ അധിനിവേശത്തിനെതിരെ നടന്ന ആയിരക്കണക്കിന് വര്‍ഷത്തെ പോരാട്ടം കാരണം സമൃദ്ധഭാരതം ക്ഷാമത്തിലേക്ക് കൂപ്പുകുത്തി. ആര്‍എസ്എസ് സ്ഥാപകനായ ഡോ. കേശവ് ബലിറാം ഹെഡ്ഗേവാര്‍ ഈ പ്രശ്നങ്ങള്‍ക്ക് മൂന്ന് പരിഹാരങ്ങളാണ് മുന്നോട്ടുവച്ചത്. ഒന്നാമതായി, ഭാരതീയഹൃദയങ്ങളില് ദേശസ്നേഹം ഉണര്‍ത്തുക; രണ്ടാമതായി, സമാജ ജീവിതത്തില്‍ ആത്മവിശ്വാസം വളര്‍ത്തുക; മൂന്നാമതായി, നമ്മുടെ പൂര്‍വ്വികരുടെ മഹത്വത്തെ ബഹുമാനിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുക. ഭാരതീയര്‍ നിഷ്ക്രിയരാണെന്നും ഭരിക്കാനറിയില്ലെന്നുമൊക്കെയുള്ള ബ്രിട്ടീഷുകാരന്റെ അവകാശവാദങ്ങളെ തിരുത്താനും അവര്‍ സമൂഹത്തിലുണ്ടാക്കിയ തെറ്റായ ധാരണകള്‍ നീക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഡോക്ടര്‍ജി ആരംഭിച്ചു.
ഇന്ന്, രാജ്യത്ത് 90,000ത്തിലധികം ശാഖകളും അഞ്ച് ദശലക്ഷത്തിലധികം സ്വയംസേവകരും ഒരു പൊതു ലക്ഷ്യത്തോടെ ദേശീയ താല്‍പ്പര്യത്തിനായി തങ്ങളുടെ സമയം ചെലവഴിക്കുന്നു. സാമൂഹ്യപരിവര്ത്തനത്തിനായി സ്വയംസേവകര്‍ നിരവധി സംഘടനകള്‍ നടത്തുന്നു. വിദ്യാഭ്യാസ മേഖലയില്‍ വിദ്യാഭാരതി, തൊഴിലാളികള്‍ക്കിടയില്‍ ഭാരതീയ മസ്ദൂര്‍ സംഘ്, സേവന മേഖലയില്‍ സേവാഭാരതി, ആദിവാസി സമൂഹങ്ങള്‍ക്കിടയില്‍ വനവാസി കല്യാണ്‍ ആശ്രമം തുടങ്ങി നിരവധി സംഘടനകള്‍ സാമൂഹിക അസമത്വം ഇല്ലാതാക്കുന്നതിനായി പ്രവര്‍ത്തിക്കുന്നു, കൃഷ്ണഗോപാല്‍ ചൂണ്ടിക്കാട്ടി.

ഉപഭോഗസംസ്കാരത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും അസഹിഷ്ണുത അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 1947ല്‍ സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ലോകത്തിലെ പല രാജ്യങ്ങളും വിശ്വസിച്ചിരുന്നത് ഭാരതത്തിന് ഒരു രാഷ്ട്രമായി അധികകാലം നിലനില്ക്കാന് കഴിയില്ലെന്നും അത് ശിഥിലമാകുമെന്നുമാണ്. എന്നാല്‍ ഇന്ന്, വിദ്യാഭ്യാസം, ശാസ്ത്രം, സാങ്കേതികവിദ്യ, വൈദ്യം എന്നീ മേഖലകളിലെ നമ്മുടെ മുന്നേറ്റം തടസ്സമില്ലാതെ തുടരുന്നു. കൊവിഡ് കാലത്ത് ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് എല്ലാ ദിവസവും സൗജന്യ ഭക്ഷണം ലഭിച്ച ഒരേയൊരു രാജ്യം ഭാരതമായിിരുന്നു.
ഈ രാജ്യത്തെ തങ്ങളുടെ മാതൃരാജ്യമായി കണക്കാക്കുകയും എല്ലാ മതങ്ങളെയും വിഭാഗങ്ങളെയും ബഹുമാനിക്കുകയും ചെയ്യുന്നവനാണ് ഹിന്ദു എന്ന് സഹസര്‍കാര്യവാഹ് പറഞ്ഞു.. അനന്തമായ വൈവിധ്യത്തെ സ്വീകരിക്കുന്ന ഒരു സാംസ്കാരിക അടിത്തറയാണ് ഹിന്ദുമതം. അത് ‘ജീവിതരീതി’യാണ്. ധര്‍മ്മം എന്നത് അടിസ്ഥാനപരമായി ഒരു കടമയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പദ്മശ്രീ രാജേശ്വര് ആചാര്യ അധ്യക്ഷത വഹിച്ചു.












