കോഴിക്കോട്: സര്വ്വപ്രതാപിയായ ബ്രിട്ടനെ മുട്ടുക്കുത്തിച്ച മന്ത്രമാണ് വന്ദേമാതരമെന്ന് പ്രഭാഷകനും സംവാദകനുമായ സന്ദീപ് വാചസ്പതി. നവരാത്രി സര്ഗ്ഗോത്സവത്തിന്റെ അഞ്ചാം ദിനം സര്ഗ്ഗസംവാദത്തില് വന്ദേമാതരം: ദേശീയതയുടെ പഞ്ചാക്ഷരി എന്ന വിഷയത്തില് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബ്രിട്ടീഷുകാര്ക്കെതിരെ പലകാലങ്ങളിലായി ചെറുതും വലുതുമായ നിരവധി സമരങ്ങള് നടന്നിട്ടുണ്ട്. എന്നാല് അതിലൊന്നും സര്വ്വ പ്രതാപിയായ ബ്രിട്ടന് തോല്വി ഏറ്റുവാങ്ങിയിരുന്നില്ല. ബംഗാള് വിഭജന കാര്യത്തില് മാത്രമാണ് ബ്രിട്ടന് പിന്വാങ്ങേണ്ടിവന്നത്. ഇതിനുള്ള മന്ത്രമായി മാറിയത് വന്ദേമാതരമായിരുന്നു. ബംഗാളില് അങ്ങോളമിങ്ങോളം വന്ദേമാതരം മുഴക്കി നടന്ന പ്രതിഷേധങ്ങളാണ് ബ്രിട്ടനെ മുട്ടുകുത്തിച്ചത്. 1905ല് നടപ്പാക്കിയ ബംഗാള് വിഭജനം 11 വര്ഷത്തിനുശേഷം ബ്രിട്ടന് പിന്വലിക്കേണ്ടിവന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രത്തെ ദേവതയായി കാണുന്ന ഏകജനത ഭാരതത്തിലാണ്. ഭാരതത്തെ ഏകീകരിച്ച മന്ത്രമായിരുന്നു വന്ദേ മാതരം. ബ്രിട്ടീഷുകാര്ക്കൊപ്പം ന്യൂനപക്ഷ പ്രീണനത്തിന്റെ പേരില് കോണ്ഗ്രസുകാരും വന്ദേമാതരത്തെ തമസ്ക്കരിച്ചു. എന്നാല് ആരൊക്കെ എത്രയൊക്കെ ശ്രമിച്ചാലും വന്ദേമാതരത്തെ ഭാരതീയ രുടെ മനസ്സില് നിന്ന് മായ്ച്ചുകളയാനാകില്ലെന്നും സന്ദീപ് വാചസ്പതി കൂട്ടിച്ചേര്ത്തു. പ്രൈഡ് മള്ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ശൈലേഷ് ഡി. നായര് അദ്ധ്യക്ഷനായി. ജയ ഉണ്ണികൃഷ്ണന് സ്വാഗതം പറഞ്ഞു. ദേവദിയയുടെ കേരളനടനം, ശാന്തിപ്രിയയുടെ ജ്ഞാനഗീതങ്ങള്, തൃശ്ശൂര് കലാമണ്ഡലം ലീലാമ്മ മെമ്മോറിയല് കള്ച്ചറല് ട്രസ്റ്റ് അവതരിപ്പിച്ച മോഹിനിയാട്ടം എന്നിവയും ഉണ്ടായിരുന്നു. സരസ്വതീ മണ്ഡപത്തില് ഗോവിന്ദപുരം രാഗമാലിക അവതരിപ്പിച്ച ഭജനയും അരങ്ങേറി.













