തിരുന്നാവായ: കുംഭമേളയ്ക്ക് സമാനമായ ഭാരതപ്പുഴയുടെ മഹാമാഘ മഹോത്സവത്തിന് കേരളത്തിലെ സംന്യാസിമാരുടെ സംഘടനയായ മാർഗദർശക മണ്ഡലം നേതൃത്വം നൽകും. മാർഗദർശക മണ്ഡലം അധ്യക്ഷൻ സ്വാമി ചിദാനന്ദപുരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. മാഘമഹോത്സവം തിരുന്നാവായ, തവനൂർ സംഘാടക സമിതികളുടെ പ്രധാന പ്രവർത്തകരുടെ സംയുക്ത യോഗത്തിൽ ഇരുകരകളിലേയും പ്രവർത്തകരുടെ അഭ്യർത്ഥന പ്രകാരമായിരുന്നു തീരുമാനം. 2016 മുതൽ തിരുന്നാവായയിലും 2019 മുതൽ തവനൂരിലുമായി കഴിഞ്ഞ 11 വർഷം തുടർച്ചയായി മാഘമഹോത്സവം നടത്തി വരുന്നവർ തന്നെയാണ് പന്ത്രണ്ടാമത് വർഷമായ 2027 ലെ മഹാമാഘത്തിന് കേരളത്തിലെ സംന്യാസിമാർ നേതൃത്വം നൽകണമെന്ന ആവശ്യം ഉന്നയിച്ചത്. ഇതനുസരിച്ച് കേരളത്തിലെ മുഴുവൻ സംന്യാസി മഠങ്ങളും ആശ്രമങ്ങളും മഹാമാഘ മഹോത്സവത്തിൽ പങ്കാളികളാവും.
വിശ്വാസ പ്രകാരവും രേഖകൾ പ്രകാരവും ഇരുപത്തെട്ടു ദിവസം നീണ്ട് നിന്നിരുന്ന നദീ ഉത്സവമാണ് മാമാങ്കം എന്ന പേരിൽ അറിയപ്പെട്ടിരുന്ന മാഘമഹോത്സവം. എല്ലാവർഷവും മാഘമാസത്തിൽ മകം വരെയുള്ള 28 ദിവസം സപ്ത നദികളുടെ സാന്നിദ്ധ്യമുണ്ടാകുമെന്ന വിശ്വാസത്തെ ആധാരമാക്കി തിരുന്നാവായ, തവനൂർ പൈതൃകഗ്രാമങ്ങളുടെ വികസനം ലക്ഷ്യമിട്ടാണ് എല്ലാവർഷവും മാഘ മഹോത്സവം നടത്തുന്നത്. ഇരു ഗ്രാമങ്ങളുടേയും സമഗ്ര വികസനത്തിനുള്ള മാർഗരേഖയും തയാറാക്കും. സി.ഇ. 1766ൽ കേരളത്തിന് നഷ്ടപ്പെട്ട നദീ ഉത്സവത്തിന്റെ വീണ്ടെടുപ്പ് പന്ത്രണ്ടാമത്തെ വർഷത്തിലെത്തിയ സാഹചര്യത്തിൽ കാര്യക്രമങ്ങളുടെ സ്ഥായിയായ ഏകീകരണത്തിന് തിരുന്നാവായയിൽ നടത്താൻ നിശ്ചയിച്ച അഷ്ടമംഗല പ്രശ്നത്തിന്റെ ഒരുക്കങ്ങൾ പൂർ ത്തിയായി. ഇന്നും നാളെയുമായി നടക്കുന്ന അഷ്ടമംഗല പ്രശ്നത്തിൽ കേരളത്തിലെ ജ്യോതിഷ പണ്ഡിതന്മാർ സംബന്ധിക്കും. അഷ്ടമംഗല പ്രശ്നത്തിനു ശേഷം വിപുലമായ സംഘാടക സമിതിയും രൂപീകരിക്കും.
യോഗത്തിൽ സ്വാമി ആത്മസ്വരൂപാനന്ദ, സ്വാമി സദ്സ്വരൂപാനന്ദ, സ്വാമി ഹനുമദ് പാദാനന്ദ, ശബരിമല മുൻ മേൽശാന്തി എ.കെ. സുധീർ നമ്പൂതിരി, ഓറൽ ഹിസ്റ്ററി റിസർച്ച് ഫൗണ്ടേഷൻ ഡയറക്ടർ തിരൂർ ദിനേശ്, സുബിൻ കൃഷ്ണ, പ്രദീപ് തവനൂർ, രാജേഷ് വർമ്മ, അജയൻ ഉള്ളാട്ട് വളപ്പിൽ, രാമചന്ദ്രൻ മങ്ങാട്ടിൽ, സജീഷ് പൊൻമള, മണികണ്ഠൻ പാലാട്ട്, രവിനാഥ് ഇന്ദ്രപ്രസ്ഥം, ജയരാജ് പടിക്കൽ, കെ. മോഹന കൃഷ്ണൻ, മധുമേനോൻ, ആർ. ഗോപാലകൃഷ്ണൻ, സുരേഷ് തൃക്കണ്ടിയൂർ തുടങ്ങിയവർ പങ്കെടുത്തു.














