തിരുവനന്തപുരം: ഏഴര പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുമായി, പക്വത ആർജ്ജിച്ച് മുന്നോട്ട് നീങ്ങുന്ന ഭാരതത്തിൻറെ ജനാധിപത്യ സംവിധാനത്തിനെ അട്ടിമറിക്കുവാൻ ചില ഭാഗങ്ങളിൽനിന്ന് സംഘടിത നീക്കം നടക്കുന്നു. ഇത് അത്യന്തം ഖേദകരമാണ്.
കഴിഞ്ഞ ഒക്ടോബർ 12 ന് എസ് ഐ ആർ ൻ്റെ പേരിൽ സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ച് രാജ്യ ചരിത്രത്തിൽ ഇതിനുമുമ്പ് കേട്ട് കേൾവി ഇല്ലാത്ത ഒരു സംഭവമാണ്. ആൾക്കൂട്ട സമ്മർദ്ദത്തിലൂടെ അനുകൂല വിധി സമ്പാദിക്കാൻ ആണോ ഇത്തരം തന്ത്രങ്ങൾ വിനിയോഗിക്കുന്നതെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കണം. കുറച്ച് വർഷങ്ങൾക്കു മുമ്പ് ഒരു തീവ്ര ഇസ്ലാമിക വിഭാഗം കോടതി വിധിക്ക് എതിരെ കേരള ഹൈക്കോടതിയിലേക്ക് മാർച്ച് നടത്തിയ സംഭവമാണ് ഓർമ്മ വരുന്നത്.
നിർവഹണത്തിൽ ചിലപ്പോൾ കാലതാമസം ഉണ്ടാവാറുണ്ടെങ്കിലും,
വ്യക്തിപരവും സാമൂഹികവുമായ ഏത് പ്രശ്നത്തിനും പരിഹാരം കാണാൻ നമ്മുടെ രാജ്യത്ത് നിയമാധിഷ്ഠിതമായ സംവിധാനങ്ങൾ ഉണ്ട്. അവയെ ഉപയോഗപ്പെടുത്താതെ ആൾക്കൂട്ട നിയമത്താൽ സർവ്വ സംവിധാനങ്ങളെയും അട്ടിമറിക്കാനുള്ള ശ്രമം ഒട്ടും ആശാസ്യമല്ല.
വലിയതോതിൽ ആൾക്കൂട്ടങ്ങളെ സംഘടിപ്പിച്ച് അധികാരസ്ഥാനങ്ങളെ സമ്മർദ്ദത്തിലാക്കി തങ്ങളുടെ ആവശ്യങ്ങളും തീരുമാനങ്ങളും നടപ്പിലാക്കാമെന്നാണ് ഈ കൂട്ടർ വ്യാമോഹിക്കുന്നത്.
ഇക്കാര്യത്തിൽ മാവോവാദികളെയും, ഇസ്ലാമിക തീവ്രവിഭാഗങ്ങളെയും ഇവർ കൂട്ടുപിടിക്കുന്നു എന്നുള്ള ആരോപണം അത്യന്തം ഗൗരവപൂർവം പരിഗണിക്കേണ്ട വിഷയമാണ്.
രാജ്യത്ത് ആശയ കുഴപ്പവും അരാജകത്വവും വളർത്താനുള്ള ഒരു ശ്രമമായിട്ട് ദ്ധ മാത്രമേ ഇതിനെ കണക്കാക്കാൻ കഴിയൂ.
രാജ്യ തലസ്ഥാനം ദീപാവലി ആഘോഷത്തിന് തയ്യാറെടുക്കുന്ന വേളയിൽ നവംബർ 1 ന് 10 ലക്ഷം പേരെ ഡൽഹിയിൽ അണിനിരത്തും എന്നാണ് പ്രതിപക്ഷ കക്ഷികൾ പ്രഖ്യാപിച്ചിട്ടുള്ളത്. ഏതാണ്ട് 20 ദശ ലക്ഷം ജനങ്ങൾ ഡൽഹിയിൽ തിങ്ങിപ്പാർക്കുന്നുണ്ട് എന്നാണ് കണക്ക്. അവിടേക്ക് പുറത്തുനിന്നുള്ളവർ ഉൾപ്പെടെ 10 ലക്ഷം പേരെ അണി ചേർക്കുക എന്നത് അത്യന്തം ആപൽക്കരമായ ഒരു ക്രമസമാധാന പ്രശ്നമാണ്. ഇത് സാധാരണ ജനജീവിതത്തിന് ഏറ്റവും വലിയ ഭീഷണിയാണ്.
ഭാരതത്തിൻറെ സ്വാതന്ത്ര്യവും ജനാധിപത്യവും നിരവധി തലമുറകളിൽപെട്ട ദേശസ്നേഹികളുടെ മഹത്തായ ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും ഫലമാണ്. ഇതിനെ അട്ടിമറിക്കാൻ ഒരു ശക്തിയേയും അനുവദിക്കരുത്. കഴിഞ്ഞ ജൂലൈ 20ന് പാർലമെൻറ് മാർച്ചിന്റെ പേരിൽ നടന്നതു പോലുള്ള അക്രമ സംഭവങ്ങൾ ഇനി ഒരിക്കലും രാജ്യ തലസ്ഥാനത്ത് ആവർത്തിക്കപ്പെടരുത്. ഇക്കാര്യത്തിൽ അസന്ദിഗ്ദ്ധവും, ദൃഢവുമായ നിലപാടാണ് ഭരണകൂടത്തിൽ നിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നത്.












