ജയ്പൂർ : സേവനത്തിന്റെ ലക്ഷ്യം ആവശ്യക്കാർക്ക് സൗകര്യങ്ങൾ നൽകുക മാത്രമല്ല, അവരിൽ ആത്മാഭിമാനവും ആത്മവിശ്വാസവും സ്ഥിരോത്സാഹവും ഉണർത്തുക കൂടിയാണെന്ന് ആർ എസ് എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ.സേവനം സ്വീകരിക്കുന്ന കൈകൾ സേവനം നൽകുന്ന കൈകളായി മാറണം. സമൂഹത്തിൽ ശേഷിയുള്ളവർ സേവനം ആവശ്യമുള്ള ഇടങ്ങൾ സന്ദർശിക്കുകയും അവിടുത്തെ ജനങ്ങളുമായി സൗഹൃദം സ്ഥാപിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.ജയ്പൂർ സേവാ ഭാരതി വാർഷിക ചടങ്ങിൽ സംസാരിക്കുകയായിരുന്നു സർകാര്യവാഹ്.
ജയ്പൂരിൽ 257 ഉന്നതികളെ സേവനം ആവശ്യമുള്ള ഇടങ്ങളായി കണ്ടെത്തിയിട്ടുണ്ട്. അവർക്ക് വിദ്യാഭ്യാസം, ആരോഗ്യം, സ്വാശ്രയത്വം, സുരക്ഷ, ആത്മാഭിമാനം എന്നിവ നേടുന്നതിനായി പ്രവർത്തിക്കേണ്ടതുണ്ട്. ചേരി പ്രദേശങ്ങളെ പട്ടിണിയുടെ കേന്ദ്രമായല്ല, സേവനത്തിന്റെയും സാമൂഹിക ഉത്തരവാദിത്തത്തിന്റെയും കേന്ദ്രങ്ങളായി കാണണം. അതുകൊണ്ടാണ് സ്വയംസേവകർ ചേരികൾക്ക് പകരം സേവാ ബസ്തി എന്ന പദം ഉപയോഗിക്കാൻ തുടങ്ങിയത്, ഹൊസബാളെ ചൂണ്ടിക്കാട്ടി.
സേവാഭാരതിയുമായി ബന്ധപ്പെട്ട സംഘടനകൾ രാജ്യത്തുടനീളം ചെറുതും വലുതുമായ ഒന്നര ലക്ഷത്തോളം സേവന പദ്ധതികൾ നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്വയംസേവകർക്കൊപ്പം, സമൂഹത്തിലെ നിരവധി അംഗങ്ങളും ഈ പദ്ധതികളിൽ പങ്കാളികളാണ്. സാമ്പത്തിക സഹായം നൽകാനും സേവനത്തിൽ നേരിട്ട് പങ്കെടുക്കാനും തയ്യാറുള്ളവരുടെ എണ്ണത്തിൽ ഒരു കുറവുമില്ല.
ഓരോ വ്യക്തിയിലും ഈശ്വരനുണ്ട്. അതുകൊണ്ടു തന്നെ എല്ലാവർക്കും അന്തസ്സോടെയും ആത്മവിശ്വാസത്തോടെയും ജീവിക്കാനുള്ള അവസരം ലഭിക്കണം. സേവനത്തിലൂടെഐക്യം ശക്തിപ്പെടുത്തുക എന്നത് രാഷ്ട്രനിർമ്മാണത്തിലെ പ്രധാന കടമയാണെന്ന് അദ്ദേഹം പറഞ്ഞു.
നാവിക പീഠാധിശ്വറിലെ മുഖ്യ പുരോഹിതൻ സന്ത് മുന്ന ദാസ് ജി ഖോഡ , മംഗളം ഗ്രൂപ്പ് ഡയറക്ടർ സഞ്ജയ് ഗുപ്ത, നിഖിൽ ജെയിൻ, വിജേന്ദ്ര സിംഗ് തൻവാർ എന്നിവർ പങ്കെടുത്തു.


















