ആധുനിക യുവത്വം ഭാരതത്തിൻ്റെ പാരമ്പര്യവും സംസ്കാരവും ഉയർത്തിപ്പിടിക്കുമെന്നും ലോകം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന നിരവധി പ്രശ്നങ്ങൾക്ക് വരും വർഷങ്ങളിൽ പരിഹാരങ്ങൾ ഉയർന്നു വരുമെന്നും ഓർഗനൈസർ എഡിറ്റർ ശ്രീ. പ്രഫുല്ല കേത്കർ പറഞ്ഞു. യുവാക്കളും പ്രതിഷേധങ്ങളുടെ രാഷ്ട്രീയവും എന്ന വിഷയത്തിൽ കോട്ടയത്ത് വികാസ് ഭാരതി സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂറോപ്പിൽ ഇന്ന് നടക്കുന്ന പ്രതിഷേധങ്ങളും ഭാരതത്തിൽ നിലവിൽ നടക്കുന്ന സംഘർഷങ്ങളും അന്താരാഷ്ട്രതലത്തിൽ തന്നെയുള്ള പദ്ധതികളുടെ ഭാഗമാണ്. ജെൻ സീ എന്ന സങ്കല്പം തന്നെ നിർണയിക്കുന്നത് വൻകിട കോർപറേറ്റ് കമ്പനികളാണ്. യു.എൻ.ഓ., WHO തുടങ്ങി അമേരിക്ക തങ്ങളുടെ ശക്തി ഉറപ്പിക്കുന്നതിന് വേണ്ടി തുടങ്ങിയ സ്ഥാപനങ്ങൾ എല്ലാം ഇന്ന് ചൈനയുടെ നിയന്ത്രണത്തിലാണ്. മാറിവരുന്ന ഈ ലോകക്രമത്തിന്റെ അനന്തരഫലങ്ങളും ഇന്നത്തെ പ്രതിഷേധങ്ങളുടെ പിന്നിൽ കാണാവുന്നതാണ്. പ്രായം എന്നതിനേക്കാൾ ഉപരി ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയുടെ സ്വഭാവത്തിൻ്റെ പേരിലാണ് ഇന്ന് തലമുറകൾ നിർണയിക്കപ്പെടുന്നത്. ഇന്ന് പ്രതിഷേധങ്ങൾ നടത്തുന്നവരൊന്നും തന്നെ പകരം എന്താണ് പരിഹാരം എന്ന് പറയുന്നില്ല. നിലവിലെ വ്യവസ്ഥ തകർക്കുക എന്നത് മാത്രമാണ് അവരുടെ ലക്ഷ്യം. അതിനു ശേഷം എന്ത് എന്നത് അവരുടെ അജണ്ടയിൽ ഇല്ല.ഇത്തരം പ്രതിഷേധങ്ങളുടെ പൊള്ളത്തരം പ്രബുദ്ധ സമൂഹം തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രീയ സ്വയംസേവക സംഘം കോട്ടയം വിഭാഗ് സംഘചാലക് ശ്രീ പി.പി. ഗോപി അദ്ധ്യക്ഷത വഹിച്ചു.













