തിരുനാവായ: മാഘമഹോത്സവത്തിന് മുന്നോടിയായി 1001 അംഗങ്ങളടങ്ങിയ വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിന് സമീപത്തെ വേദിയിൽ നടന്ന ചടങ്ങിലാണ് സംഘാടക സമിതിയെ പ്രഖ്യാപിച്ചത്. മാതാ അമൃതാനന്ദമയീ ദേവിയാണ് മുഖ്യരക്ഷാധികാരി. മെട്രോമാൻ പദ്മവിഭൂഷൺ ഇ. ശ്രീധരൻ ചെയർമാനായ സംഘാടക സമിതിയിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, മുൻ ഡിജിപി ടി.പി. സെൻകുമാർ, ജസ്റ്റിസ് കെ.ടി. ശങ്കരൻ, ജസ്റ്റിസ് പി.എൻ. രവീന്ദ്രനാഥ്, ജസ്റ്റിസ് എം. രാമചന്ദ്രൻ. ഡോ. കെ.എസ്. രാധാകൃഷ്ണൻ, കെ.പി. ശശികല ടീച്ചർ, ഡോ. ലക്ഷ്മീകുമാരി, പദ്മ അവാർഡ് ജേതാക്കളായ കൈതപ്രം ദാമോധരൻ നമ്പൂതിരി, രാമചന്ദ്ര പുലവർ, കുഞ്ഞോൻ, ബാലൻ പൂതേരി തുടങ്ങിയവരും രക്ഷാധികാരികളായി ഉണ്ട്.
സംന്യാസിമണ്ഡലം, ആചാര്യമണ്ഡലം, നേതൃമണ്ഡലം എന്നിങ്ങനെ മൂന്നായി തിരിച്ചുകൊണ്ടാണ് 1001 അംഗങ്ങടങ്ങിയ വിപുലമായ കമ്മിറ്റി പ്രവർത്തിക്കുക.ആചാര്യ മണ്ഡലത്തിൽ ഭാരതത്തിലെ നാല് ശങ്കര മഠങ്ങളിലെ പ്രതിനിധികളും, കേരളത്തിലുള്ള ശങ്കര മഠങ്ങളിലെ ആചാര്യമാരും ഉണ്ടാകും. കൂടാതെ വി.ആർ. രാജശേഖരൻ, ആചാര്യ എം.ആർ. രാജേഷ് എന്നിവരും രക്ഷാധികാരികളായിരിക്കും. 40 വിഭാഗങ്ങളായി തിരിച്ചായിരിക്കും സംഘാടക സമിതിയുടെ പ്രവർത്തനമെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്ത കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമി പറഞ്ഞു.
മാഘമെന്നത് ഒരു പക്ഷത്തിൽ തീരേണ്ട ഉത്സവമാണ്. അതുകൊണ്ട് 28 ദിവസത്തിനകം ഉത്സവം പൂർത്തീകരിക്കും വിധമാണ്ക്രമീകരിക്കുകയെന്നും നൂറ്റാണ്ടുകളായി നടന്നുവന്നിരുന്ന മാഘ മഹോത്സവം അപ്രകാരമായിരുന്നെന്നും ചിദാനന്ദപുരി സ്വാമി വ്യക്തമാക്കി. എല്ലാ വിഭാഗത്തിൽപ്പെടുന്നവരുടെയും പുരോഹിതർക്കും ആചാര്യന്മാർക്കും നദീ ആരതിയും പൂജയുംചെയ്യാൻ അവസരമുണ്ടാകും. അവരവരുടെ സമ്പ്രദായ പ്രകാരം ഇതിന് സൗകര്യം ഒരുക്കുമെന്നും ചിദാനന്ദപുരി സ്വാമി വ്യക്തമാക്കി. ചിന്മയാ മിഷൻ അധ്യക്ഷൻ സ്വാമി വിവിക്താനന്ദ അധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി. മുരളീധരൻ സംസാരിച്ചു.
അമൃതാനന്ദമയി മഠത്തെ പ്രതിനിധീകരിച്ച് സ്വാമിനി അതുല്യാമൃത പ്രാണ, ശ്രീരാമദാസ മിഷൻ ജനറൽ സെക്രട്ടറി യോഗാനന്ദ സരസ്വതി സ്വാമി, ശിവഗിരി മഠത്തെപ്രതിനിധീകരിച്ച് ബ്രഹ്മസ്വരൂപാനന്ദ സ്വാമി, ശ്രീരാമകൃഷ്ണാശ്രമത്തെ പ്രതിനിധീകരിച്ച്സ്വാമി ആത്മസ്വരൂപാനന്ദതുടങ്ങി വിവിധ സന്യാസി മഠങ്ങളെ പ്രതിനിധീകരിച്ച് സന്യാസിവര്യന്മാർ പങ്കെടുത്തു. സംഘാടക സമിതി രൂപീകരണത്തോടനുബന്ധിച്ച്നിള ആരതിയും നടന്നു. രാവിലെ എടപ്പാൾ അമൃതാനന്ദമയി മഠത്തിൽ സന്യാസി സംഗമവും സംഘടിപ്പിച്ചിരുന്നു.












