ആലുവ: ആലുവ തോട്ടയ്ക്കാട്ടുകര കുഴിക്കാട്ടിൽ ‘ശ്രുതി’ ഗൃഹത്തിലെ സീതാലക്ഷ്മി അമ്മ (89) അന്തരിച്ചു. ഏകദേശം എഴുപതുവർഷങ്ങൾക്കു മുമ്പ് രാഷ്ട്രീയ സ്വയംസേവകത്തിൻ്റെ സജീവപ്രവർത്തകനും 1948 – കാലഘട്ടത്തിലെ സംഘനിരോധന സമയത്ത് പ്രതിഷേധ ങ്ങളിൽ പങ്കെടുത്ത് പോലീസ്അക്രമ വിധേയനുമായിരുന്ന ഗോപാലകൃഷ്ണപിള്ളയുമായുള്ള വിവാഹാനന്തരം സംഘകാര്യങ്ങളിലും ഭാരതീയ ജനസംഘത്തിൻ്റെ പ്രവർത്തനങ്ങളിലും സജീവസാന്നിധ്യമായിത്തീർന്ന്, എല്ലാവ രുടേയും ‘സീതച്ചേച്ചി’ ആയി മാറിയ മഹനീയ മാതൃകയായിരുന്നു അവർ.
സംഘർഷഭരിതമായ അടിയന്തിരാവസ്ഥാ കാലഘട്ടത്തിൽ ശക്തമായ വിവിധ സമരപോർമുഖങ്ങളിലും മുന്നണിയിൽ നിന്ന അക്ഷരാർത്ഥത്തിൽത്തന്നെ വീരാംഗനയായിരുന്നു സീതച്ചേച്ചി.ഏലൂരിൽ FACT കമ്പനിപ്പടിയിൽ അടിയന്തിരാവസ്ഥയ്ക്കെതിരെ നടന്ന സമരത്തിൽ പങ്കെടുത്ത് പോലീസിൻ്റെ ക്രൂര മർദ്ദനങ്ങൾക്ക് വിധേയയായി. തീരെ പിന്മടങ്ങാതെ പിന്നീട് ആലുവായിൽ, അക്കാലത്തെ ഭാരതീയ ജനസംഘത്തിൻ്റെ വനിതാവിഭാഗമായ ഭാരതീയ മഹിളാ സംഘിൻ്റെ സംസ്ഥാനപ്രസിഡൻ്റായിരുന്ന ടി.പി. വിനോദിനി അമ്മയോടൊപ്പം അടിയന്തിരാവസ്ഥയ്ക്കെതിരെ സമരം ചെയ്ത് ഒരുമാസക്കാലം ജയിൽവാസമനുഭവിക്കുകയുണ്ടായി. ജനസംഘപ്രവർത്തനത്തിൻ്റെ ഭാഗമായി ഡൽഹിയിലും മറ്റിടങ്ങളിലും വിവിധ സമരപരിപാടികളിൽ പങ്കെടുത്തിട്ടുമുണ്ട്.
സർസംഘചാലകായിരുന്ന പൂജനീയ ദേവറസ്ജി സംഘമയമായിരുന്ന ആ കുടുംബത്തിൽ ഒരവസരത്തിൽ താമസിച്ചിട്ടുണ്ട്.
മകൾ ശാന്തകുമാരിയെ വിവാഹം കഴിച്ചത് FACT ഉദ്യോഗസ്ഥനും കുട്ടിക്കാലം മുതൽ സജീവസംഘകുടുംബാംഗവും പിന്നീട് സംഘത്തിൻ്റെ സംസ്ഥാന സേവാപ്രമുഖ് എന്ന ചുമതലയിലിരിക്കെ അകാലത്തിൽ അന്തരിച്ച K N മേനോൻ ആയിരുന്നു. ഏകമകൻ വേണുഗോപാൽ ചുരുങ്ങിയ കാലത്തിനു മുൻപാണ് അന്തരിച്ചത്.














