കൊച്ചി: മയിൽപ്പീലി യങ് സ്കോളർഷിപ്പ് പരീക്ഷ നടത്താൻ അനുമതി നൽകി ഹൈക്കോടതി. എന്നാൽ പരീക്ഷയുടെ ഫലം പ്രഖ്യാപിക്കാനോ സംസ്ഥാനതല പരീക്ഷ നടത്താനോ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ പാടില്ലെന്ന് കോടതി നിർദ്ദേശിച്ചു. പരീക്ഷ നടത്താനുള്ള അനുമതി സർക്കാർ പിൻവലിച്ചതിനെതിരെ ദേശീയ അധ്യാപക പരിഷത്ത് (എൻ.ടി.യു) സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ഇടപെടൽ.
പരീക്ഷ നടത്താനുള്ള അനുമതി പിൻവലിക്കുന്നതിന് മുമ്പ് നോട്ടീസ് നൽകുകയോ സംഘടനയുടെ വിശദീകരണം തേടുകയോ ചെയ്തിട്ടില്ലെന്ന് എൻ.ടി.യുവിനുവേണ്ടി ഹാജരായവർ കോടതിയിൽ ചൂണ്ടിക്കാട്ടി. പരാതികൾ ഉയർന്നതിനെത്തുടർന്നാണ് പരീക്ഷയ്ക്കുള്ള അനുമതി പിൻവലിച്ചതെന്നായിരുന്നു സർക്കാരിന്റെ വിശദീകരണം.
എന്നാൽ, ആദ്യം പരീക്ഷ നടത്താൻ അനുമതി നൽകിയത് വിദ്യാഭ്യാസ വകുപ്പ് തന്നെയല്ലേയെന്ന് കോടതി ചോദിച്ചു. വിദ്യാർത്ഥികളടക്കം പരീക്ഷയ്ക്കായി തയ്യാറെടുത്തിരുന്നുവെന്നും ചില പരീക്ഷാഘട്ടങ്ങൾ ഇതിനകം നടന്നിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. ഈ സാഹചര്യത്തിൽ പരീക്ഷ നടത്താൻ അനുവദിക്കുന്നതല്ലേ ഉചിതമെന്നും ഫലം പ്രഖ്യാപിക്കാതെ മാറ്റിവെക്കാമല്ലോയെന്നും കോടതി ആരാഞ്ഞു.
















