ഹരിദ്വാർ: നൂറുവർഷം പൂർത്തിയാക്കുക എന്നത് ഏതൊരു സംഘടനയ്ക്കും എളുപ്പമുള്ള കാര്യമല്ലെന്നും അതിനെ അച്ചടക്കത്തോടെ മുന്നോട്ട് കൊണ്ടുപോകുന്നത് അതിനേക്കാൾ വലിയ വെല്ലുവിളിയാണെന്നും ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. ഈശ്വരീയ കാര്യങ്ങൾ നടത്തുന്നതിനായി ഭഗവാൻ നേരിട്ട് വരുകയല്ല, പകരം യോഗ്യരായ വ്യക്തികളെയും സംഘടനകളെയും അതിന്റെ ഉത്തരവാദിത്തം ഏൽപ്പിക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. അഖില വിശ്വ ഗായത്രി പരിവാറിന്റെ ജന്മശതാബ്ദി ആഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മോഹൻ ഭാഗവത് .
സനാതന ധർമ്മത്തെക്കുറിച്ച് ഒരുവിധ ആശങ്കയുടെയും ആവശ്യമില്ല. ഇന്നത്തെ ലോകം നിരവധി വെല്ലുവിളികളെ നേരിടുന്നുണ്ട്. ഈ പ്രശ്നങ്ങൾക്ക് പരിഹാരം തേടി ലോകം ഭാരതത്തിലേക്കാണ് ഉറ്റുനോക്കുന്നത്. കാരണം ഭാരതീയ സംസ്കാരത്തിനും സനാതന ചിന്തയ്ക്കും മാത്രമേ മാനവരാശിക്ക് ദിശാബോധം നൽകാൻ സാധിക്കുകയുള്ളൂ, സർസംഘചാലക് പറഞ്ഞു.
ഒരു സംഘടന നൂറുവർഷം പൂർത്തിയാക്കുന്ന യാത്രയിൽ അവഗണനകളും വെല്ലുവിളികളും നേരിടേണ്ടി വരും. എന്നാൽ നിരന്തരമായ സേവനത്തിലൂടെയും സമർപ്പണത്തിലൂടെയും സമൂഹത്തിന്റെ പിന്തുണയും വിശ്വാസവും അംഗീകാരവും നേടിയെടുക്കാൻ സാധിക്കും. സംഘത്തിന്റെയും ഗായത്രി പരിവാറിന്റെയും പ്രവർത്തനങ്ങൾ ഈശ്വരീയ ലക്ഷ്യവുമായി ബന്ധപ്പെട്ടിരിക്കുന്നതാണെന്നും, അത്തരം പ്രവർത്തനങ്ങൾ നിരന്തരം വികസിക്കുകയും വിജയിക്കുകയും ചെയ്യുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗായത്രി പരിവാർ സ്ഥാപകൻ പണ്ഡിറ്റ് ശ്രീറാം ശർമ്മയുടെ ജന്മഭൂമിയായ ആഗ്ര, തപോഭൂമിയായ മഥുര, കർമ്മഭൂമിയായ ഹരിദ്വാർ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചെത്തിയ കലശ യാത്രകൾ വേദിയിലെത്തിയതോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. ഗായത്രി പരിവാർ അധ്യക്ഷ ശൈലദീദി സ്റ്റാമ്പ് പ്രകാശന ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജന്മശതാബ്ദി ആഘോഷ സമിതി ചെയർമാൻ ഡോ. ചിന്മയ് പാണ്ഡ്യ, രാജ രാജേശ്വരാശ്രമത്തിലെ ശങ്കരാചാര്യ സ്വാമി, ശ്രീഹരി സേവാധാം അധിപതി സ്വാമി ഹരിചേതനാനന്ദ, ആർഷ വിദ്യാമന്ദിർ അധ്യക്ഷൻ സ്വാമി പരമാത്മാനന്ദ, സൂറത്ത്ഗിരി മഠാധിപതി സ്വാമി വിശ്വേശ്വരാനന്ദ എന്നിവരും സംസാരിച്ചു.




















