തൃപ്പൂണിത്തുറ: ഇത്രയേറെ അച്ചടക്കത്തോടും കൃത്യതയോടും പൂർണ്ണതയോടും കൂടിയ ഒരു സംഗീത പരിപാടി ഇന്ത്യയിൽ ആദ്യമായാണ് കാണുന്നതെന്ന് പ്രശസ്ത സംഗീത സംവിധായകൻ ജെറി അമൽദേവ്. ആർഎസ്എസ് എറണാകുളം വിഭാഗിന്റെ ആഭിമുഖ്യത്തിൽ തൃപ്പൂണിത്തുറ ശ്രീവെങ്കിടേശ്വര സ്കൂളിൽ സംഘടിപ്പിച്ച ഘോഷ് കാര്യക്രമത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണ സംഗീത പരിപാടികളിൽ കാണാറുള്ള അച്ചടക്കമില്ലായ്മയിൽ നിന്ന് തികച്ചും വ്യത്യസ്തമായ അനുഭവമാണ് ഇവിടെ ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
മോഹനരാഗം ഉൾപ്പെടെയുള്ള രാഗങ്ങൾ മാർച്ചിങ് ശൈലിയിൽ ഘോഷ് വാദ്യങ്ങളോട് ഇണക്കി അവതരിപ്പിച്ചത് ശ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദേശരാജ്യങ്ങളിൽ കണ്ടിട്ടുള്ള സാമൂഹിക അച്ചടക്കവും പരസ്പര ബഹുമാനവും നമ്മുടെ നാട്ടിലും വളർത്തിയെടുക്കേണ്ടതുണ്ട്. പൊതുഇടങ്ങളിലും യാത്രകളിലും മുതിർന്നവരോടും സ്ത്രീകളോടും കാണിക്കുന്ന സമീപനങ്ങളിൽ മാറ്റം വരണം. സമൂഹത്തെ നന്നാക്കാനും ജനങ്ങളെ ബോധവാന്മാരാക്കാനുമുള്ള ഇത്തരം പരിശ്രമങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നതായും ജെറി അമൽദേവ് പറഞ്ഞു.
ചടങ്ങിൽ ആർഎസ്എസ് ദക്ഷിണ ക്ഷേത്ര പ്രചാരക് പ്രമുഖ് വി. ഉണ്ണികൃഷ്ണൻ ബൗദ്ധിക് നടത്തി. രാഷ്ട്രത്തിന്റെ പുരോഗതിക്കും സംസ്കൃതിയുടെ നിലനിൽപ്പിനും സംഘടിത ശക്തി അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. സംഘസ്ഥാപകൻ ഡോ. ഹെഡ്ഗേവാറിന്റെ ജീവിതവും ദേശസ്നേഹവും സ്വാതന്ത്ര്യസമര കാലഘട്ടത്തിലെ പ്രവർത്തനങ്ങളും അദ്ദേഹം അനുസ്മരിച്ചു.
എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ഭാരതീയ സനാതന സംസ്കൃതി. പ്രകൃതി സംരക്ഷണം, കുടുംബബന്ധങ്ങളുടെ ദൃഢത, സാമൂഹിക നന്മ എന്നിവയ്ക്ക് വലിയ പ്രാധാന്യമുണ്ട്. സേവന പ്രവർത്തനങ്ങളിലൂടെയും ശാഖാ പ്രവർത്തനങ്ങളിലൂടെയും സമൂഹത്തിൽ ക്രിയാത്മകമായ മാറ്റങ്ങൾ കൊണ്ടുവരാനും ഭാരതത്തെ വീണ്ടും വിശ്വഗുരുവായി ഉയർത്താനും ഓരോ സ്വയംസേവകനും സമർപ്പിത മനോഭാവത്തോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയുടെ ഭാഗമായി ശ്രീവെങ്കിടേശ്വര സ്കൂളിൽ നിന്നാരംഭിച്ച ഘോഷ് സഞ്ചലൻ നഗരവീഥികളെ വലംവെച്ച് തിരികെ സ്കൂൾ അങ്കണത്തിൽ സമാപിച്ചു. ആർഎസ്എസ് എറണാകുളം വിഭാഗ് കാര്യവാഹ് കെ.സി. ബിജുമോൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ വിഭാഗ് സഹസംഘചാലക് പി. ശിവദാസും പങ്കെടുത്തു.





















