വാരാണസി: ഗംഗാ തീരത്തെ പടവുകളിൽ തെളിഞ്ഞ ലക്ഷക്കണക്കിന് മൺചിരാതുകളുടെ പ്രഭയ്ക്കൊപ്പം വാരാണസിയുടെ ആകാശത്തും ദൈവിക രൂപങ്ങളും കാശിയുടെ പൈതൃക ചിഹ്നങ്ങളും മിന്നിമറഞ്ഞു. ദേവ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ചൊവ്വാഴ്ച നടന്ന വാരാണസിയിലെ ആദ്യ ഡ്രോൺ പ്രദർശനം തീർത്ഥാടകർക്കും സന്ദർശകർക്കും നവ്യാനുഭവമായി. ചേത് സിംഗ് ഘാട്ടിന് എതിർവശത്തുള്ള മണൽത്തിട്ടയ്ക്ക് മുകളിലായി ‘മെയ്ഡ് ഇൻ ഇന്ത്യ’ (തദ്ദേശീയമായി നിർമ്മിച്ച) വിഭാഗത്തിൽപ്പെട്ട 2,100 ഡ്രോണുകൾ ഉപയോഗിച്ചാണ് പത്ത് മിനിറ്റ് നീണ്ടുനിന്ന ഈ ദൃശ്യവിരുന്ന് ഒരുക്കിയത്.
ഗംഗാ തീരത്തെ പാരമ്പര്യത്തോടൊപ്പം ആകാശത്തും കാശിയുടെ സാംസ്കാരിക പൈതൃകം അനാവരണം ചെയ്യുന്നതായിരുന്നു പ്രദർശനം. പശ്ചാത്തല സംഗീതത്തിനും ഹിന്ദി വിവരണത്തിനും അനുസൃതമായി ചലിച്ച ഡ്രോണുകൾ 15 വ്യത്യസ്ത രൂപങ്ങളാണ് ആകാശത്ത് വിരിയിച്ചത്.

പുരാണ ദൃശ്യങ്ങൾ ആകാശത്ത്
പരമശിവന്റെ രൂപം, മഹേശ്വര സൂത്രങ്ങൾ, സംഗീതാത്മകമായ ശിവതാണ്ഡവം എന്നിവയിലൂടെ കാശിക്ക് ഭഗവാൻ ശിവനുമായുള്ള അഭേദ്യമായ ബന്ധം ദൃശ്യവൽക്കരിച്ചു. താഴെ ഒഴുകുന്ന ഗംഗാനദിയുമായി ആകാശദൃശ്യങ്ങളെ കോർത്തിണക്കിക്കൊണ്ട് ‘ഗംഗാവതാരം’ (ഗംഗയുടെ ഭൂമിയിലേക്കുള്ള അവതാരം) പ്രദർശനത്തിന്റെ ഭാഗമായി. കാശി വിശ്വനാഥ ക്ഷേത്രം, മാ വിശാലാക്ഷി, ബാബ കാലഭൈരവൻ എന്നിവയുടെ രൂപങ്ങളും ആകാശത്ത് തെളിഞ്ഞതോടെ തീർത്ഥാടകർക്ക് അത് ഭക്തിനിർഭരമായ അനുഭവമായി.
ത്രീ ഡി അനിമേഷൻ സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രകാശബിന്ദുക്കളെ ഏകോപിപ്പിച്ചാണ് ഓരോ രൂപവും സൃഷ്ടിച്ചത്. ഒരു ദൃശ്യത്തിൽ നിന്ന് അടുത്തതിലേക്കുള്ള മാറ്റം പ്രദർശനത്തിന് വലിയ ചലനാത്മകതയും ഭംഗിയും നൽകി. താഴെ തീരത്ത് നിരനിരയായി തെളിഞ്ഞ മൺചിരാതുകളും മുകളിൽ ആകാശത്ത് വിരിഞ്ഞ കൂറ്റൻ പ്രകാശരൂപങ്ങളും ചേർന്ന് ദീപങ്ങളുടെ ഉത്സവത്തിന് ഇരട്ടി മധുരം പകർന്നു.

പൈതൃകവും സാങ്കേതികവിദ്യയും ഒന്നിച്ചു: മന്ത്രി ജയ്വീർ സിംഗ്
കാശിയുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളെയും ഭാരതീയ സാങ്കേതികവിദ്യയുടെ കരുത്തിനെയും ഒന്നിപ്പിക്കുന്നതാണ് ഈ ഡ്രോൺ പ്രദർശനമെന്ന് ഉത്തർപ്രദേശ് ടൂറിസം- സാംസ്കാരിക വകുപ്പ് മന്ത്രി ജയ്വീർ സിംഗ് പറഞ്ഞു. കാശിയുടെ പൈതൃകവുമായുള്ള ആത്മബന്ധവും ഈ ദൃശ്യങ്ങൾക്ക് പിന്നിലുള്ള പുണ്യസ്ഥലങ്ങളെയും പാരമ്പര്യങ്ങളെയും കുറിച്ച് കൂടുതൽ അറിയാനുള്ള താൽപ്പര്യവും സന്ദർശകർക്ക് ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചേത് സിംഗ് കോട്ടയിൽ നടന്ന പ്രധാന ‘കാശി കഥ’ പ്രൊജക്ഷൻ മാപ്പിംഗിനും ലേസർ ഷോയ്ക്കും പിന്നാലെ രാത്രി 8 മണി മുതൽ 8.10 വരെയായിരുന്നു ഡ്രോൺ പ്രദർശനം. തുടർന്ന് ലളിത ഘാട്ടിന് എതിർവശത്തായി സംഗീതാത്മകമായ ഹരിത കരിമരുന്ന് പ്രയോഗവും നടത്തി.















