ന്യൂദല്‍ഹി : വ്യാജ വാര്‍ത്തകളും മറ്റും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശ്ശന നടപടി സ്വീകരിക്കുമെന്ന് ഫേസ്ബുക്ക്. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതിന് പിന്നാലയാണ് ഫേസ്ബുക്കിന്റെ ഈ തീരുമാനം.
തെറ്റായ വാര്‍ത്തകളുടേയും വസ്തുതകളുടേയും പ്രചരിപ്പിക്കാനുള്ള മാധ്യമമായി ഫേസ്ബുക്കിനെ ഇനി ഉപയോഗിക്കാന്‍ സാധിക്കില്ല. വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്ന പേജുകള്‍ ആരെങ്കിലും ലൈക്ക് ചെയ്യുകയോ ഷെയര്‍ ചെയ്യുന്നതായോ ശ്രദ്ധയില്‍ പെട്ടാല്‍ ആദ്യം ഇതുസംബന്ധിച്ച് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കും. എന്നിട്ടും ഇത് ആവര്‍ത്തിക്കുയാണെങ്കില്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്ന വ്യക്തിഗത ഫേസ്ബുക്ക് അക്കൗണ്ടുകള്‍ക്കുള്ള പിഴയും ഫേസ്ബുക്ക് വര്‍ധിപ്പിക്കും. ഫേസ്ബുക്കിന്റെ ഫാക്ട് ചെക്് സംവിധാനം ഉപയോഗിച്ചായിരിക്കും ഇതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കുക.
‘ഉപയോക്താക്കള്‍ പോസ്റ്റ് ചെയ്യുന്നത് തെറ്റായവയാണെന്ന് അറിയിക്കാന്‍ തങ്ങള്‍ പുതിയ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണ്. തെറ്റായ വിവരങ്ങള്‍ പങ്കിടുന്ന പേജുകള്‍, ഗ്രൂപ്പുകള്‍, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ എന്നിവയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് കഴിഞ്ഞു. ഇനിമുതല്‍ ഇത്തരം പ്രവര്‍ത്തികളുമായി ബന്ധപ്പെട്ട വ്യക്തിഗത അക്കൗണ്ടുകള്‍ക്ക് വലിയ പിഴ ഏര്‍പ്പെടുത്താനും കമ്പനി തീരുമാനിച്ചിരിക്കുകയാണെന്നും’ ബ്ലോഗിലൂടെ ഫേസ്ബുക്ക് അറിയിച്ചു.
വസ്തുതാവിരുദ്ധമായ പോസ്റ്റുകള്‍ നിരന്തരം ഷെയര്‍ ചെയ്യുന്നവരുടെ ന്യൂസ് ഫീഡില്‍ വരുന്ന പോസ്റ്റുകളുടെ എണ്ണം കുറയ്ക്കും. തിരുത്തല്‍ നടത്തുന്ന പോസ്റ്റുകളുടെ പ്രചാരണ വ്യാപ്തി ഫേസ്ബുക്ക് ഇതിനോടകം തന്നെ കുറച്ചിട്ടുണ്ട്. തെറ്റായ വിവരങ്ങള്‍ ഷെയര്‍ ചെയ്യുകയാണെങ്കില്‍ അവരുടെ ന്യൂസ് ഫീഡില്‍ ഏറ്റവും അവസാനമായിരിക്കും ഇത്തരം പോസ്റ്റുകള്‍ ഉണ്ടാവുക. വ്യാജ വിവരങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് പ്രചരിക്കാതിരിക്കാനാണിത്.
കോവിഡ്, വാക്സിനേഷന്‍, കാലാവസ്ഥ മാറ്റം, തെരഞ്ഞെടുപ്പ് തുടങ്ങി വിവിധ വിഷയങ്ങളില്‍ തെറ്റായ വിവരങ്ങള്‍ വ്യാപകമായി പങ്കുവെയക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇനി ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനായി നടപടികള്‍ കൈക്കൊള്ളുമെന്നും ഫേസ്ബുക്ക് അറിയിച്ചു.
അതേസമയം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ മേല്‍നോട്ടത്തിനായി ഇന്ത്യയില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥനെ നിയമിക്കാനും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയ പോസ്റ്റുകളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുക, ഉള്ളടക്കം പരിശോധിക്കുക, വേണ്ടിവന്നാല്‍ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യുന്നതിനുമാണ് ഇത്. ഒടിടികള്‍ക്കും ഇത് ബാധകമാണ്.
Discussion about this post