ന്യൂദല്‍ഹി: ഇസ്ലാമിക് സ്‌റ്റേറ്റിന്(ഐഎസ്) വേണ്ടി ഭീകരപ്രവര്‍ത്തനം നടത്തിയവര്‍ക്ക് വിവിധ മൊബൈല്‍ കമ്പനികളുടെ സിം കാര്‍ഡുകള്‍ നല്‍കിയ മലയാളിക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) ചൊവ്വാഴ്ച കുറ്റപത്രം സമര്‍പ്പിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമം 120 ബി, 471, 201, നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം(യുഎപിഎ) 18,38,39 തുടങ്ങിയ വകുപ്പുകള്‍ തിരുവനന്തപുരം സ്വദേശിയായ സയീദ് അലിക്ക്(31) എതിരെ ചുമത്തിയിട്ടുണ്ട്. ചെന്നൈയിലുള്ള എന്‍ഐഎ പ്രത്യേക കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. ചെന്നൈ സിറ്റി പൊലീസ് സ്റ്റേഷന്റെ സിഐഡിയാണ് 2019 ഡിസംബര്‍ 28ന് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്.
ചെന്നൈയിലും സേലത്തും ഗൂഢാലോചന നടത്തിയ ചിലരുടെ അറസ്റ്റുമായി ബന്ധപ്പെട്ടായിരുന്നു ഇത്. അറിവോ സമ്മതോ ഇല്ലാതെ മറ്റുള്ളവരുടെ തിരിച്ചറിയല്‍ രേഖ സംഘടിപ്പിച്ച് എയര്‍ടെല്ലിന്റെയും വോഡഫോണിന്റെയും സിംകാര്‍ഡുകള്‍ ആക്ടിവേറ്റ് ചെയ്ത് ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിച്ചതായും കണ്ടെത്തി. തുടര്‍ന്ന് എന്‍ഐഎ ജനുവരി 21ന് കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചു. ഐഎസ് ഭീകരരായ ലിയാകത് അലി, ഖാജ മൊയ്ദീന്‍ എന്നിവര്‍ക്കാണ് സിം കാര്‍ഡുകള്‍ നല്‍കിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
ഗൂഢാലോചന, ഭീകരപ്രവര്‍ത്തനത്തിന് പുതിയ ആളുകളെ കണ്ടെത്തല്‍, വനത്തില്‍ തങ്ങാനുള്ള സാധനങ്ങള്‍ സംഘടിപ്പിക്കല്‍, നിരോധിത ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ശേഖരിക്കല്‍, പണം സ്വരൂപിക്കല്‍ എന്നിവയ്ക്കാണ് സിം കാര്‍ഡുകള്‍ ഉപയോഗിച്ചതെന്ന് എന്‍ഐഎയുടെ കുറ്റപത്രത്തില്‍ പറയുന്നു. സംഘം ഐഇഡി നിര്‍മിക്കുകയും പരീക്ഷിക്കുകയും ചെയ്തു. ജിഹാദിന്റെ തയ്യാറെടുപ്പുകള്‍ക്കായി വിദേശത്തുള്ള ആളുമായി രഹസ്യമായുള്ള ആശയവിനിമയത്തിന് ഡാര്‍ക് വെബ് ഉപയോഗിച്ചു.
ദക്ഷിണേന്ത്യയില്‍ വനപ്രദേശങ്ങളില്‍ ഐഎസ് പ്രവിശ്യകള്‍ സ്ഥാപിച്ചശേഷമായിരുന്നു ഇതെന്ന് എന്‍ഐഎ പറയുന്നു. 12 പ്രതികള്‍ക്കെതിരെ നേരത്തേ കുറ്റപത്രം നല്‍കിയിരുന്നു. സാങ്കേതിക വിദഗ്ധനായ സയീദ് അലി ഡാര്‍ക് വെബ് ഉപയോഗിക്കാന്‍ ഖാജ മൊയ്ദീനെ സഹായിക്കുകയും ഗൂഢാലോചനകളില്‍ പങ്കെടുക്കുകയും ഒളിത്താളങ്ങളൊരുക്കുകയും ചെയ്തു. ഇതുകൂടാതെ ഇയാള്‍ സ്‌ഫോടക വസ്തുക്കളും ഐഇഡിയുടെ പരീക്ഷണത്തിനായി ഉപകരണങ്ങളും സംഘടിപ്പിച്ചതായി എന്‍ഐഎ പറയുന്നു.
Discussion about this post